ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ നാടുവാണീടും കാലം

കൊറോണ നാടുവാണീടും കാലം

കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാരും ഒന്നുപോലെ

അന്തിക്കു മന്തി അടിച്ചോരെല്ലാം
ചമ്മന്തി നുള്ളി നുണഞ്ഞീടുന്നു

കാറിലിരുന്നു പറന്നോരെല്ലാം
കാവലിരിപ്പാണാ പൂമുഖത്ത്

മട്ടത്തിൽ വെട്ടിയൊതുക്കാൻ മുടി
വെട്ടുകാരാരുമീ നാട്ടിലില്ല

കൂട്ടുകാരന്യോന്യം വെട്ടീടുന്നു
മൊട്ടത്തലകൾ നിറഞ്ഞിടുന്നു

ഊറ്റം പറഞ്ഞു നടന്നവനും
ചെറ്റക്കുടിലിൽ കഴിഞ്ഞവനും

മുറ്റത്തെ പ്ലാവിൽ വലിഞ്ഞു കേറി
തീറ്റക്കു വല്ലതും കൊയ്തിടുന്നു

മക്കളെ പോറ്റുന്ന പാട് അറിഞ്ഞു
ചക്കക്കുരുവിൻ രുചി അറിഞ്ഞു

ചിക്കനും മട്ടനും പോത്തുമില്ലാ
നാളുകൾ അങ്ങനെ നീങ്ങിടുന്നു

മുഷ്ടിചുരുട്ടിയ യൗവ്വനങ്ങൾ
കത്തിക്കയറിയ ഭാഷണങ്ങൾ

ശബ്ദകോലാഹലഘോഷണങ്ങൾ
എല്ലാം നിലച്ചു നിശബ്ദമായി

തോരണം തൂക്കിയ പന്തലില്ല
പളപള മിന്നും വെളിച്ചമില്ല

മങ്കമാർ താളത്തിൽ പാട്ടുപാടും
മാമാങ്ക കല്യാണമൊന്നുമില്ല

തമ്മിലടിയും കലഹം ഇല്ല
വണ്ടിയിടിച്ച് മരണമില്ല

തെണ്ടി നടന്നൊരാ ഭിക്ഷക്കാരും
പോയതന്നെങ്ങാണറിയുകില്ല

മട്ടത്തിൽ കയ്യുകൾ സോപ്പിടേണം
കൂട്ടത്തിൽ കെട്ട്യോളേം സോപ്പിടേണം

വെട്ടത്തിറങ്ങാതെ നോക്കിടേണം
വീട്ടിന്നകത്തു കഴിഞ്ഞിടേണം
 

മുഹമ്മദ് റമിൽ
2A ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത