പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/കളി കാര്യമായി .... പിന്നെ * *തീരാവേദനയും

Schoolwiki സംരംഭത്തിൽ നിന്ന്
കളി കാര്യമായി .... പിന്നെ * *തീരാവേദനയും

അമ്മയുടെയും അച്ഛന്റെയും കൈയ്യിൽ പിടിച്ചാണ് അമ്മു ആദ്യമായി സ്കൂളിൽ പോയത്. അവളുടെ മനസ്സിൽ വല്ലാത്ത സന്തോഷമായിരുന്നു അന്ന്. പുതിയ ഉടുപ്പും പുതിയ ബാഗും പുസ്തകങ്ങളുമായി തുള്ളിച്ചാടി അവൾ അവരോടൊപ്പം സ്കൂളിലെത്തി.

     വീട്ടിൽനിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയായിരുന്നു സ്കൂൾ. സ്കൂളും അതിനടുത്തായി സ്ഥിതി ചെയ്യുന്ന ദേവാലയവും അതിന് ചുറ്റുമുള്ള തെങ്ങിൻ തോപ്പും വളരെ പെട്ടെന്ന് അവൾക്ക് പ്രിയപ്പെട്ടതായി മാറി. കറുത്ത് മെലിഞ്ഞ് അധികം സുന്ദരിയല്ലാത്ത അമ്മുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അവളുടെ ഇടതൂർന്ന തലമുടിയും തിളക്കമുള്ള കണ്ണും കുസൃതിയുള്ള ചിരിയും എല്ലാവരെയും ആകർഷിപ്പിച്ചു.വീട്ടിലെ പൊന്നോമനയും കൂട്ടുകാരുടെ കിലുക്കാം പെട്ടിയും റ്റീച്ചേഴ്സിന്റെ നോട്ട പുള്ളിയുമായിരുന്നവൾ. എല്ലാവരുടെയും മനസ്സിൽ സ്നേഹദീപമായ് അവൾ നിറഞ്ഞ് നിന്നു.അതു കൊണ്ട് തന്നെ ഒത്തിരി കൂട്ടുകാരുണ്ടായിരുന്നു അവൾക്ക്. അതുകൊണ്ട് തന്നെ സ്കൂളിൽ പോകാൻ അമ്മുവിന് ഒരുപാട് ഇഷ്ടമായിരുന്നു. ഒന്നാം ക്ലാസ്സിൽ നിന്ന് രണ്ടാം ക്ലാസ്സിലോട്ടും പിന്നെ മൂന്നിൽ നിന്ന് നാലിലോട്ടും എത്തിയത് വളരെ പെട്ടെന്നായിരുന്നു. സ്കൂളിലെ അന്നത്തെ ഹെഡ്മിസ്ട്രസിന് അമ്മുവിനെ പോലെ ഒരു മകൾ ഉണ്ടായിരുന്നു അതു കൊണ്ട് തന്നെ അമ്മുവിനെ വലിയ ഇഷ്ടമായിരുന്നു. ഒന്നിനും വലിയ കഴിവില്ലായിരുന്നെങ്കിലും എല്ലാത്തിനും താല്പര്യമുണ്ടായിരുന്ന അവളെ മിടുക്കികളായ കുട്ടികളോടൊപ്പം ചേർത്തു.
      സ്കൂൾ വിട്ടാൽ എന്നും വൈകുന്നേരങ്ങളിൽ ഡാൻസ് പ്രാക്റ്റീസ് കാണും. ചായയും വടയും എച്ച്.എം വാങ്ങി തരും പലപ്പോഴും വടയ്ക്ക് വലിയ അടിയായിരുന്നു. ചിത്രശലഭത്തെ പോലെ പാറി നടക്കുന്ന ആ പ്രായത്തിൽ കളിയും ചിരിയും അടിപിടിയും തമാശയുമൊക്കെയായി ദിവസങ്ങൾ കടന്ന് പോയി.

അതിനിടയിൽ അമ്മുവിന്റെ രണ്ട് സഹോദരന്മാരും സ്കൂളിൽ ചേർന്നു അവരുടെ കൈ പിടിച്ച് അവരുടെ ചേച്ചിയായി ഒരു രാജകുമാരിയെ പോലെയായിരുന്നു യാത്ര. പോകുന്ന വഴിക്ക് ഒത്തിരി കൂട്ടുക്കാർ ഉണ്ടായിരുന്നു. അവരുടെയൊക്കെ വീട്ടിലെ ഒരു നിത്യ സന്ദർശക കൂടിയായിരുന്നു അമ്മു.

         ആ സമയത്താണ് കോട്ടയത്ത് നിന്ന് താമസം മാറി അമ്മുവിന്റെ സ്കൂളിനോടടുത്ത് ഒരു കുടുംബം താമസം തുടങ്ങിയത്.അവർക്ക് രണ്ട് മക്കൾ ഉണ്ടായിരുന്നു ഇന്ദുവും ബിന്ദുവും. അമ്മു നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം. രണ്ടാമത്തെ മകളായ ബിന്ദുവിനെ അമ്മുവിന്റെ ക്ലാസ്സിലാണ് ചേർത്തത്.സുന്ദരിയും മിടുക്കിയുമായിരുന്ന അവൾ അമ്മുവിന്റെ ഏറ്റവും പ്രീയപ്പെട്ട കൂട്ടുകാരിയായി. അമ്മുവിന്റെ കുസ്യതികൾക്കെല്ലാം കൂട്ടുനിൽക്കാൻ വീണ്ടും ഒരാൾ കൂടി.......
            സ്കൂളിലെ ഇടവേളകളിൽ കളിക്കാറുണ്ടായിരുന്ന അവർ പതിവില്ലാത്ത ഒരു കളിയിൽ ഏർപ്പെട്ടു. സ്കൂളിനോട് ചേർന്നുള്ള കൃഷിസ്ഥലത്ത് ഒരു പെരുച്ചാഴി മാന്തി വലിയൊരു കുഴി എടുത്ത് ഇട്ടിരുന്നു. കുസൃതിക്കാരിയായ അമ്മു അതിനെ ഒരു കുഴിമാടമാക്കി രണ്ട് ഈർക്കിലെടുത്ത് കുരിശും നാട്ടി.കൂട്ടുക്കാരെല്ലാവരും അതിന് ചുറ്റുമിരുന്നു അമ്മു ഉറക്കെ പാടി 'സമയാമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു.....' എല്ലാവരും കൂടെ പാടി. 'സമയാമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു.......'.ബിന്ദു  ഉച്ചത്തിൽ പറഞ്ഞു "എന്റെ അച്ഛൻ പോയി " ബിന്ദുവിന്റെ അച്ഛൻ മരിച്ച വേദനയിൽ അമ്മുവും കൂട്ടുക്കാരും പാടി പാടി കരഞ്ഞു. ബല്ലടി ശബ്ദം കേട്ടപ്പോൾ കളി കഴിഞ്ഞ് ഞങ്ങൾ ക്ലാസ്സുകളിലേക്കോടി. യാദ്യശ്ചികമായ ഒരു തമാശ കളിയായിരുന്നു അത്.
        ബിന്ദുവിന്റെ അച്ഛൻ ഒരു ഫോട്ടോഗ്രാഫറായിരുന്നു. നല്ല സ്നേഹമുള്ള മക്കളെ അമിതമായി സ്നേഹിക്കുന്ന ആഢംബര ജീവിതം നയിക്കുന്ന സന്തോഷവാനായ ഒരു മനുഷ്യൻ. അമ്മുവിന് ആ അങ്കിളിനെ വലിയ ഇഷ്ടമായിരുന്നു.പതിവ് പോലെ സ്കൂൾ വിട്ട് അമ്മു വീട്ടിൽ പോയി കുറച്ച് നേരം പഠിച്ചു കളിച്ചു റ്റി.വി കണ്ടു പതിവിലും നേരത്തെ അവൾ ഉറക്കത്തിലേക്ക് പോയി.
      നേരം പുലർന്നു എന്നും ഉറക്കം ഉണർന്ന് കുറച്ച് നേരം ജനാലക്ക് അരികിൽ റോഡിലേക്ക് നോക്കി നിൽക്കുന്ന സ്വഭാവം അവൾക്ക് ഉണ്ടായിരുന്നു പെട്ടെന്ന് റോഡിൽ രണ്ട് പേരുടെ സംസാരം അവൾ കേട്ടു. ഇന്നലെ രാത്രി ഫോട്ടോഗ്രാഫർ ഒരു അപകടത്തിൽ മരിച്ചു പോയി. ബിന്ദുവിന്റെ "എന്റെ അച്ഛൻ മരിച്ചു പോയി "എന്ന നിലവിളി അറം പറ്റിയതു പോലെ അമ്മുവിന്റെ ഹൃദയം പിടച്ചു അവൾ അലറി വിളിച്ചു അമ്മേ......... എന്റെ ബിന്ദുവിന്റെ അച്ഛൻ മരിച്ചു പോയി പിന്നെ ഒരിക്കലും ബിന്ദുവിനെ അമ്മു ചിരിച്ച് കണ്ടിട്ടേയില്ല. അങ്ങനെ കളി കാര്യമായി........ ബിന്ദുവിന് തീരാവേദനയും . 
സ്നേഹ പി തോമസ്
9 E പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ