ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/കാളയുടെ കുതിരശക്തി
കാളയുടെ കുതിരശക്തി
കാളയുടെ കുതിരശക്തി പണ്ടുപണ്ട് ചൈനയിൽ യാഷ്ചാൻ എന്നൊരു ധനികൻ ഉണ്ടായിരുന്നു. പാവപെട്ട കർഷകരെ പറ്റിച്ച് പണമുണ്ടാക്കലാണ് അയാളുടെ തന്ത്രം. ഒരു ദിവസം കുറച്ചു കർഷകർ യാഷ്ചാനെ കാണാനെത്തി. "ഞങ്ങൾക്ക് കൃഷി ചെയ്യാൻ കുറച്ച് തരിശുഭൂമി തന്ന് സഹായിക്കാമോ?" അവർ യാഷ്ചാനോട് അപേക്ഷിച്ചു. "തരാമല്ലോ... നിങ്ങൾ വാടകയും തരേണ്ട. പക്ഷെ, എന്റെ കാളയെ ഉപയോഗിച്ചു മാത്രമേ വയൽ ഉഴാൻ പാടുള്ളു. നൂറ്റൊന്ന് കുതിരകളുടെ ശക്‌തിയുണ്ട് എന്റെ കാളയ്ക്ക്. കാളയുടെ വാടക ദിവസവും വെറും പത്ത് നാണയം മാത്രം. "യാഷ്ചാൻ പറഞ്ഞു. വാടക വളരെ കൂടുതലാണെങ്കിലും മറ്റു വഴികളില്ലാതെ കർഷകർ അത് സമ്മതിച്ചു. തടിച്ചു കൊഴുത്ത ഒരു കാളയായിരുന്നു അത്. ഒരു സാധാരണ കാളയുടെ പകുതി പോലും അധ്വാനിക്കുകയുമില്ല. ദിവസങ്ങളോളം ഉഴുതിട്ടും ജോലി തീർന്നില്ല. കർഷകരെല്ലാം വിഷമത്തിലായി. അപ്പോഴാണ് ബുദ്ധിമാനായ ഷീങ്ങ് യൂവിനോട് അവർ കാര്യം പറഞ്ഞു. അവന് ഒരു സൂത്രം തോന്നി. ഷീങ്ങ് യൂ പറഞ്ഞതനുസരിച്ച് കർഷകർ യാഷ്ചാന്റെ മടിയൻ കാളയെ ചന്തയിൽ വിറ്റ് മറ്റൊരു കാളയെ വാങ്ങി. എന്നിട്ട് അതിനെ ദൂരെ ഒരു സ്ഥലത്ത് കൊണ്ടുപോയി കെട്ടിയിട്ടു. എന്നിട്ട് ഷീങ്ങ് യൂ യാഷ്ചാന്റെ വീട്ടിലെത്തി. "ഓടിവരണേ.. നൂറ്റൊന്ന് കുതിരകളുടെ ശക്‌തിയുള്ള അങ്ങയുടെ കാള പുഴയിൽ ചാടാൻ നിൽക്കുകയാ.. "ഷീങ്ങ് യൂ പറഞ്ഞു. അത് കേട്ടതും യാഷ്ചാൻ ഓടി പുഴക്കരയിലെത്തി. അയാളെ കണ്ടതും കർഷകർ കയറിൽ കെട്ടിയ ഒരു വലിയ കല്ല് പുഴയിലേക്കിട്ടു. "അയ്യോ.. കാള വെള്ളത്തിൽ പോയെ! നൂറ്റൊന്ന് കുതിരകളുടെ ശക്തിയുള്ള കാളയല്ലേ.. ഇത്രയും പേർ പിടിച്ചാൽ നിൽക്കുമോ? "ഷീങ്ങ് യൂ വിളിച്ചു പറഞ്ഞു. യാഷ്ചാൻ തലയിൽ കൈവച്ച് നിന്നു. കാളയെപ്പറ്റി നുണ തട്ടി വിട്ടതല്ലേ! എന്തെങ്കിലും പറയാൻ പറ്റുമോ? പാവങ്ങളെ പറ്റിക്കാൻ നോക്കിയ ആ ദുഷ്ടൻ അങ്ങനെ ഒരു പാഠം പഠിച്ചു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |