ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/അക്ഷരവൃക്ഷം/സാമൂഹ്യജീവിതവും ആരോഗ്യസംരക്ഷണവും
സാമൂഹ്യജീവിതവും ആരോഗ്യസംരക്ഷണവും
ആരോഗ്യമുള്ള ശരീരമാണ് ആരോഗ്യമുള്ള മനസിന് അടിസ്ഥാനം. ജനങ്ങൾ ആരോഗ്യവാന്മാരായിരിക്കേണ്ടത് ഒരു രാഷ്ട്രത്തിൻറെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ആരോഗ്യം ഗവൺമെൻറിന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനാൽ ഗവൺമെൻറ് നേരിട്ട് ജനങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ട്. ഇതിൻറെ ഫലമായാണ് നമ്മുടെ സജീവമായ ആരോഗ്യമേഖല രൂപപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ കോളേജുകൾ മുതൽ ജില്ലാ താലൂക്ക് തല ആശുപത്രികളും പ്രൈമറി ഹെൽത്ത് സെൻററുകളും ഹെൽത്ത് സെൻററുകളുമെല്ലാം ഇതിൻറെ ഭാഗമായാണ് നിലകൊള്ളുന്നത്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ പ്രതിരോധശേഷി ഉണ്ടാവുകയുള്ളൂ. രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് നാം ആരോഗ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ 1948 ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവ്വചനപ്രകാരം രോഗ വൈകല്യരാഹിത്യമുള്ള അവസ്ഥമാത്രമല്ല, സമ്പൂർണ്ണ, ശാരീരിക, മാനസിക, സാമൂഹിക സുസ്ഥിതികൂടിയാണ് ആരോഗ്യം. സമൂഹത്തിൻറെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിക്കാനുപയോഗിക്കുന്ന വാക്കാണ് പൊതുജനാരോഗ്യം. പാരമ്പര്യവും പരിതസ്ഥിതിയുമാണ് ആരോഗ്യത്തിൻറെ പ്രധാന ഘടകങ്ങൾ. രോഗാവസ്ഥയുടെ ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിൻറെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും വ്യക്തിക്ക് ശാരീരിക, മാനസിക, സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നതിനെയാണ് ആരോഗ്യം എന്ന് പറയുന്നത്. പബ്ലിക് ഹെൽത്ത് , കമ്മ്യൂണിറ്റി മെഡിസിൻ തുടങ്ങിയ ശാസ്ത്രശാഖകൾ ആരോഗ്യത്തിൻറെ വിവിധ വശങ്ങൾക്ക് ഊന്നൽകൊടുക്കുന്ന മേഖലകളാണ്.
കേരളം ആരോഗ്യകാര്യത്തിൽ വൻമുന്നേറ്റം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ്. നിപ കാലത്തെ അതിജീവനവും ഇപ്പോൾ കൊറോണയ്ക്കെതിരെയുള്ള നടപടികളും മറ്റ് രാജ്യങ്ങൾ കണ്ട് പഠിക്കുകയാണ്. ലോകരാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി പിന്നോക്കവും ജനസംഖ്യാനിരക്ക് കൂടുതലും ആയിരുന്നിട്ടുപോലും കേരളം ആരോഗ്യകാര്യത്തിൽ ലോകം മുഴുവൻ അറിയപ്പെടുന്ന സംസ്ഥാനമായി മാറിക്കഴിഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശിശുമരണനിരക്കും മാതൃമരണനിരക്കും വയോജനമരണനിരക്കും ഇവിടെ താരതമ്യേന കുറവാണ്. ഏറ്റവും കൂടുതൽ പ്രതീക്ഷിത ആയുസ്സുള്ള ജനതയും കേരളത്തിലാണുള്ളത്. ഒരു ലക്ഷം പ്രസവത്തിൽ 67 ആയിരുന്ന മാതൃമരണനിരക്ക് 46 ആക്കി കുറയ്ക്കാൻ നമുക്കായിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങൾ കേരളത്തെ തേടിയും ആരോഗ്യമന്ത്രി ശ്രീമതി. കെ.കെ. ശൈലജ ടീച്ചറെ തേടിയും വന്നു ചേർന്നിട്ടുണ്ട്. ആരോഗ്യമേഖലയുടെ വികസനം മുന്നിൽ കണ്ടുകൊണ്ട് നടപ്പാക്കിയ പദ്ധതിയാണ് ആർദ്രം മിഷൻ. പൊതുജനങ്ങൾക്ക് പരമാവധി സൗജന്യചികിത്സ ഉറപ്പ് വരുത്തുക, സർക്കാർ ആശുപത്രികളുടെ സൗകര്യം വർദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒ.പി. സംവിധാനങ്ങളുടെ നവീകരണം, ജില്ലാ താലൂക്ക് തല ആശുപത്രികളുടെ നിലവാരഏകീകരണം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഉയർത്തൽ, വികേന്ദ്രീകൃത ആസൂത്രണത്തിൻറെ ഭാഗമായി ആരോഗ്യനിർണ്ണയഘടകങ്ങളുടെ പരിഹാരത്തിനും ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടലിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കാനുള്ള കൂട്ടായ പ്രവർത്തനങ്ങൾ എന്നീ നാല് പ്രധാനഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് ആർദ്രം പദ്ധതി. ഗവൺമെൻറ് നമ്മുടെ ആരോഗ്യ കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധ പുലർത്തുന്നുണ്ട് എന്നതിനാൽ നാം നമ്മുടെ ആരോഗ്യകാര്യത്തിൽ അലംഭാവം കാണിക്കരുത്. ആരോഗ്യസംരക്ഷണം നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്ന് നാം തിരിച്ചറിയണം.. മികച്ച ആരോഗ്യത്തിന് വ്യക്തിശുചിത്വം അനിവാര്യമാണ്. വ്യക്തികളുടെ ശുചിത്വവും ആരോഗ്യവുമെല്ലാം തങ്ങളുടെ അവബോധത്തിനനുസരിച്ചായിരിക്കും. ശുചിത്വമില്ലെങ്കിൽ പകർച്ചവ്യാധികൾപടരാനിടവരും. അതിനാൽ ആരോഗ്യസംരക്ഷണത്തെ സംബന്ധിച്ച് അവബോധം രൂപപ്പെടുത്തിയെടുക്കേണ്ടത് ആവശ്യമാണ്. അതിനായി ക്ലാസുകളും മറ്റും സംഘടിപ്പിക്കേണ്ടതുണ്ട്. പലതരത്തിൽ നമ്മുടെ കേരളം ആരോഗ്യമേഖലയിൽ മുന്നേറുമ്പോഴും അതിന് വെല്ലുവിളിയായി മാറുന്നത് പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളുമാണ്. ഇവയെ കൂടാതെ ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം, അർബുദം തുടങ്ങിയ ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളുമുണ്ട്. ഈ രോഗങ്ങൾക്ക് കാരണം നമ്മുടെ വ്യക്തിജീവിതശൈലിയിലെ മാറ്റങ്ങളാണ്. വ്യായാമം, ശരിയായ ആഹാരക്രമം എന്നിവ പാലിച്ചാൽ തന്നെ ഇത്തരം വെല്ലുവിളികളെ നമുക്ക് തുരത്തി ആരോഗ്യകേരളത്തെ മുന്നോട്ട് നയിക്കാൻ സാധിക്കും. ശുചിത്വവും ആരോഗ്യവും നാം നമ്മുടെ ജീവിതത്തിൽ പുലർത്തേണ്ട അടിസ്ഥാനധർമ്മമാണ് ശുചിത്വം. ശുചിത്വം ഓരോ വ്യക്തികളിലും വ്യത്യസ്ത കാഴ്ചപ്പാടിലാണ് ഉണ്ടാവുക. നല്ല ശുചിത്വമുള്ള ഒരാളുടെ ശരീരത്തിൽ മാത്രമേ നല്ല ആരോഗ്യം ഉണ്ടാവുകയുള്ളൂ. നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങൾ പലതും ശുചിത്വമില്ലായ്മയെ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണക്രമത്തിലെയും മറ്റും മാറ്റങ്ങൾ നമ്മളെ ഇന്ന് രോഗികകളാക്കുകയാണ്. ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിറ്റേഷൻ എന്ന ആംഗലപദത്തിനും സമാനമായി ശുചിത്വം എന്ന പദം ഉപയോഗിക്കുന്നു. വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിലും ശുചിത്വമെന്ന വാക്കിന് പ്രസക്തിയുണ്ട്. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിങ്ങനെ പ്രധാനമായും രണ്ട് തരത്തിലാണ് ശുചിത്വമുള്ളത്. വ്യക്തികൾ സ്വയം പാലിക്കേണ്ട ഒട്ടനവധി ആരോഗ്യ ശീലങ്ങളുണ്ട് അതിനെയാണ് വ്യക്തിശുചിത്വം എന്ന് പറയുന്നത്. ഇവ കൃത്യമായി പാലിക്കുന്നത് വഴി പകർച്ചവ്യാധികളെയും ജീവിതശൈലീരോഗങ്ങളെയും നമുക്ക് ചെറുത്തുതോൽപിക്കാൻ സാധിക്കും. ഭക്ഷണം കഴിക്കുന്നതിനുമുൻപ് കൈ കഴുകുന്നതിലൂടെ ചെറിയ രോഗങ്ങളായ വയറിളക്കരോഗങ്ങൾ മുതൽ ഇപ്പോൾ ലോകത്തെ ആകെ വിറപ്പിച്ച് നിൽക്കുന്ന കൊറോണ വൈറസിനെവരെ തടയാൻ സാധിക്കും. ശരീരത്തെ വൃത്തിയായി സൂക്ഷിക്കുന്നതും വൃത്തിയുള്ള വസ്ത്രധാരണവും ചൊറിപോലുള്ള അനേകം രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു. ഇന്ന് ഒട്ടനവധി രോഗങ്ങൾക്കും കാരണം ജീവിതത്തെ സമീപിക്കുന്നതിൽ നമ്മുടെ സമൂഹത്തിൽ വന്നിട്ടുള്ള മാറ്റങ്ങളാണ്. അതിൽ പ്രധാനപ്പെട്ടതാണ് നാം കഴിക്കുന്ന ഭക്ഷണം. എല്ലാവരും ഇപ്പോൾ നാടൻ ഭക്ഷണത്തെ പിൻതള്ളിക്കൊണ്ട് ജങ്ക് ഫുഡിനെ ആശ്രയിക്കുകയാണ്. ഈ കാരണങ്ങൾ കൊണ്ട് ഇന്ന് ക്യാൻസർ പോലുള്ള അസുഖങ്ങൾ വളരെയധികം വർദ്ധിക്കുന്നുണ്ട്. അതുപോലെ തന്നെ നഖം വെട്ടി നന്നാക്കുന്നത് നഖത്തിനടിയിൽ പറ്റിപ്പിടിക്കാൻ സാധ്യതയുള്ള രോഗാണുക്കളെ തടയാൻ സഹായിക്കുന്നു. ഇത്തരത്തിലുള്ള വ്യക്തിശുചിത്വം പാലിക്കുന്നത് വഴി തന്നെ രോഗാണുക്കൾ നമ്മെ ആക്രമിക്കുന്നത് പകുതി തടയാൻ കഴിയും. എന്നാൽ വ്യക്തി ശുചിച്വത്തെ പോലെ തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പരിസരശുചിത്വവും. പരിസരശുചിത്വം ഇല്ലാത്തത് മൂലമാണ് സാംക്രമികരോഗങ്ങൾ പടരുന്നത്. ഡെങ്കിപ്പനി പോലുള്ള അസുഖങ്ങൾ പരിസരശുചിത്വം ഇല്ലാത്തതുകൊണ്ട് വരുന്ന രോഗങ്ങളാണ്. വീടിൻറെ പരിസരപ്രദേശങ്ങളിലുള്ള ഒഴിഞ്ഞുകിടക്കുന്ന ചിരട്ടകളിലും മറ്റുമാണ് ഈഡിപ്പസ് കൊതുകുകൾ മുട്ടയിട്ട് പെരുകി ഡെങ്കിപ്പനി പകർത്തുന്നത്.
ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനാണ് നാം ഡ്രൈ ഡേ ആചരിക്കന്നത്. ആഴ്ചയിൽ ഒരു ദിവസം നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനമാണ് ഡ്രൈ ഡേ. ഇത് വഴി ഇത്തരത്തിലുള്ള ഡെങ്കിപ്പനി പോലുള്ള രോഗങ്ങളെ നമുക്ക് ചെറുത്ത് നിർത്താൻ സാധിക്കുന്നു. നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതോടൊപ്പം ബസ്സ്റ്റോപ്പുകൾ മുതലായ പൊതുസ്ഥലങ്ങൾ വൃത്തികേടാകാതിരിക്കാനും കൂടി ശ്രദ്ധിക്കണം. ഓരോരുത്തരും മലിനപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുക വഴി പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ കഴിയും. പൊതുഇടങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് വഴിയാണ് ഒരുപരിധിവരെ പകർച്ചവ്യാധികൾ ഉണ്ടാകുന്നത്. അതിനാൽ പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുകയോ തുപ്പുകയോ ചെയ്യരുത്. ചില രാജ്യങ്ങളിൽ ഇത്തരം തെറ്റുകൾക്ക് വലിയ ശിക്ഷകളാണ് നടപ്പാക്കുന്നത്. ഇത്തരം മാലിന്യസംസ്കരണത്തിന് സർക്കാരിൻറെ ഹരിതകേരളമിഷൻ പ്രയോജനപ്രദമാണ്. വിദ്യാലയങ്ങളിൽ നടപ്പാക്കി വരുന്ന ഹരിതവിദ്യാലയവും വിദ്യാലയങ്ങളിലെ മാലിന്യങ്ങളെ സംസ്കരിക്കാനുള്ള മാർഗ്ഗം നിർദ്ദേശിക്കുന്നു.മാലിന്യ സംസ്കരണത്തിൻറെ ഭാഗമായിക്കൊണ്ടാണ് 2020 ജനുവരി ഒന്ന് മുതൽ കേരളത്തിൽ പ്ലാസ്റ്റിക് നിരോധിച്ചത്. ഒരുപാട് ഉപയോഗമുള്ള ഈ പ്ലാസ്റ്റിക് ഒട്ടനവധി രോഗങ്ങളെ വിളിച്ച് വരുത്തുന്നതാണ്. പ്ലാസ്റ്റിക് മനുഷ്യർക്കു മാത്രമല്ല പ്രകൃതിക്കും ദോഷമാണ്. ഇവ മണ്ണിൽ ലയിച്ച് ചേരുകയില്ല. ഇപ്പോൾ പ്ലാസ്റ്റിക് കവറുകൾക്ക് പകരം ബദൽ മാർഗ്ഗമായി തുണിസഞ്ചികൾ രംഗത്തെത്തി കഴിഞ്ഞു. തുണിസഞ്ചികൾ നമുക്ക് വീണ്ടും വീണ്ടും ഉപയോഗിക്കാനും സാധിക്കുന്നു.
എത്ര അർത്ഥവ്യക്തമായ ചിഹ്നമാണ് ശുചിത്വമിഷനുള്ളത്. പരിസരം വൃത്തിയാക്കുന്ന കാക്കയും ചൂലും. വ്യക്തിശുചിത്വത്തോടൊപ്പം കാക്കകളെപ്പോലെ പരിസര ശുചിത്വവും നടത്തിയാൽ ഒരു പരിധിവരെ നമുക്ക് സാംക്രമിക രോഗങ്ങളെ തടയാൻ കഴിയും. ഇത്തരം കാര്യങ്ങൾ ബോധപൂർവ്വം മനസിലാക്കി എല്ലാവരും പ്രവർത്തിക്കേണ്ടതുകൂടിയാണ്. ശുചിത്വമുണ്ടെങ്കിൽ രോഗമില്ല എന്ന് പറയുന്നത് ഈ കാരണത്താലാണ്. പരിസരം മലിനീകരിച്ചശേഷം ശുചീകരിക്കുകയല്ല വേണ്ടത്, മലിനീകരിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണെന്ന് എല്ലാവരും ഓർക്കേണ്ടതുണ്ട്. നാം ഇപ്പോൾ ആരോഗ്യത്തിനും ശുചിത്വത്തിനും വളരെ പ്രാധാന്യം നൽകേണ്ട ഒരവസരത്തിലാണ്. നിരന്തരം കൈ കഴുകാൻ ഇന്ന് നമ്മൾ ആഹ്വാനം ചെയ്യുന്നു. കൊറോണ വൈറസ് എന്ന ലോകഭീതിയിൽ നിന്ന് രക്ഷ നേടാൻ ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യർ ശുചിത്വം പാലിച്ച് വരികയാണ്. അണുവ്യാപനം തടയാൻ നാം നിരന്തരം ശുചിത്വം ഉറപ്പുവരുത്തുകയാണ് മാർഗ്ഗം. ലോകമാകെ കീഴടക്കിയിരിക്കുന്ന ഈ മഹാമാരി എന്താണെന്നു നോക്കാം.കൊറോണ വൈറസ്മനുഷ്യരും പക്ഷികളും ഉൾപ്പെടെ സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ഇവ സാധാരണ ജലദോഷപ്പനി മുതൽ സാർസ്, മെർസ് , കോവിഡ് -19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെയാണ് വൈറസ് ബാധിക്കുന്നത്. ഇന്ന് ലോകത്താകെ ഭീതി പരത്തുന്ന ഈ വൈറസ് 2019 ഡിസംബറിൽ ചൈനയിലെ വുഹാനിലാണ് പൊട്ടിപുറപ്പെട്ടത്. അവിടെ ഈ വൈറസ് മൂവായിരത്തിൽ അധികം ആളുകളുടെ ജീവൻ കവർന്നു. ഇന്നിപ്പോൾ ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും പതിനയ്യായിരത്തിൽപരം ആളുകൾക്ക് ജീവൻ നഷ്ടമായി. അരണസംഖ്യ ഇനിയും കൂടിക്കൂടി വരികയാണ്. പനി, ജലദോഷം, ചുമ, ശ്വാസതടസം തുടങ്ങിയവയാണ് ഈ അസാധാരണ വൈറസ് ബാധയുടെ ലക്ഷണങ്ങളായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. കൊറോണ വൈറസ് പെട്ടെന്ന് പടരുന്നതാണ് ലോകത്താകെ ഭീതി പരത്തുന്നത്. എന്നാൽ ഭീതിയില്ലാതെ മുൻകരുതലുകൾ സ്വീകരിക്കുകയും ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുകയും ചെയ്താൽ ഈ മഹാമാരിയെ നമുക്ക് തുടച്ച് നീക്കാൻ സാധിക്കും. ഫലപ്രദമായ ചില പ്രതിരോധമാർഗ്ഗങ്ങൾ കേരളം സ്വീകരിച്ചിരുന്നു. അതിൽ പ്രധാനം വിദേശരാജ്യങ്ങളിൽ നിന്ന് വന്നവർ ഹോം ക്വാറൻറെനിൽ കഴിയുക എന്നതാണ്. ഒരു കാരണവശാലും കുട്ടികളേയോ പ്രായമായവരേയോ, ഗർഭിണികളേയോ, രോഗികളേയോ ഇവരുമായി സമ്പർക്കതിലേർപ്പെടാൻ അനുവദിക്കരുത്. അത്തരക്കാർക്ക് പ്രതിരോധശേഷി കുറവായതിനാൽ രോഗം ഭേദമാക്കാൻ കഴിഞ്ഞില്ലെന്നുവരാം. ഈ അവസരത്തിലും തൊണ്ണൂറിലധികം പ്രായമുള്ള വൃദ്ധദമ്പതികൾ രോഗം മാറി ആശുപത്രി വിട്ടതിൽ കേരളക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും അഭിമാനിക്കാം.
പനി, ചുമ തുടങ്ങിയ അസുഖങ്ങളുള്ളവർ ഒരു കാരണവശാലും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടരുത്. ആവശ്യമില്ലാതെ പുറത്തിറങ്ങി നടക്കരുത്. അതിനാലാണ് ഇരുപത്തിയൊന്ന് ദിവസം ലോക്ക് ഡൗൺ ആരംഭിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങൾ കണ്ടാലുടനെ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഒരു കാരണവശാലും രോഗവിവരം മറച്ച് വെച്ച് മറ്റുള്ളവരുമായി ഇടപഴകാൻ പാടില്ല. എല്ലാവരും വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് പ്രധാനം. പുറത്ത് പോയി വന്നാലുടനെ കുളിക്കുക, ഇടയ്ക്കിടക്ക് കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക അല്ലെങ്കിൽ ഹാൻഡ് വാഷ് സാനിറ്റേസർ ഉപയോഗിച്ച് വൃത്തിയാക്കുക. ഇങ്ങനെ കൈ കഴുകി കൊറോണയെ പ്രതിരോധിക്കാനായാണ് സർക്കാർ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന് തുടക്കമിട്ടത്. ഇതിൻറെ ഭാഗമായി പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും കൈ കഴുകാനുള്ള സൗകര്യം തയ്യാറാക്കി. പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുക ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ കൊറോണയുടെ സാമൂഹ്യവ്യാപനം നമുക്ക് തടയാൻ സാധിക്കും.
കൊറോണ വൈറസുകൾ സാധാരണയായി ചുമ, തുമ്മൽ എന്നിവയിലൂടെയും കൈകൾ തമ്മിൽ തൊടുകയോ ഹസ്തദാനം നൽകുകയോ പോലുള്ള വ്യക്തിപരമായസമ്പർക്കം വഴിയും വായുവിലൂടെയും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു. അതിനാലാണ് ഒരു മീറ്റർ അകലത്തിൽ നിന്നുകൊണ്ട് സംസാരിക്കണമെന്നും ഹസ്തദാനം ചെയ്യരുതെന്നും പറയുന്നത്. വൈറസ് ഉള്ള ഒരു വസ്തുവിനെയോ ഉപരിതലത്തെയോ സ്പർശിച്ച ശേഷം കൈ കഴുകുന്നതിന് മുൻപ് വായ, മൂക്ക്, കണ്ണുകൾ എന്നിവിടങ്ങളിൽ സ്പർശിച്ചാലും രോഗം പടരാം. അതിനാൽ കൈകൾ ഇടയ്ക്ക് വൃത്തിയാക്കുക. കൊറോണ പ്രതിരോധത്തിനുശേഷവും ഇതിൽ പറഞ്ഞിട്ടുള്ള ഏതാനും മുൻകരുതലുകൾ നമുക്ക് ശീലമാക്കാം. അവ ജീവിതാവസാനം വരെ ഇത്തരം രോഗങ്ങൾക്ക് നമ്മെ വിട്ടുകൊടുക്കുകയില്ല. ഏത് രോഗത്തിനും ശുചിത്വമാണ് ഏറ്റവും പ്രധാനം. അത് ജീവിതാവസാനം വരെ നമ്മൾ കൊണ്ടുനടക്കണം.ആരോഗ്യവും പരിസ്ഥിതിയുംനാം ജീവിക്കുന്ന പരിസ്ഥിതിയും ഇക്കാലത്ത് പല തരത്തിൽ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് . ജലസ്രോതസുകളായ കുളങ്ങളും മലകളും ഇന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു. എവിടെ നോക്കിയാലും കോൺക്രീറ്റ് കെട്ടിടങ്ങളാണ്. വീട്ടുമുറ്റത്ത് വെള്ളം ഭൂമിയിലേക്കാർന്നിറങ്ങുന്നതിനു സഹായിക്കുന്ന മണ്ണിനെ ഇൻറർലോക്ക് ഉപയോഗിച്ച് പൂട്ടിയിട്ടിരിക്കുന്നു. മഴ പെയ്യാൻ സഹായിക്കുന്ന വൃക്ഷങ്ങളെ മുറിച്ചുമാറ്റി സുഖസൗകര്യങ്ങൾ ഒരുക്കുന്നു. വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതുവഴി വായുമലിനീകരണം കൂടുന്നു. ഇതാണ് ഡൽഹിയിൽ സംഭവിച്ചിരുന്നത്. വായു മലിനീകരണം കൂടുന്നതിനാൽ ആസ്തമ രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ദിവസങ്ങളിൽ വാഹനങ്ങളും മറ്റും പുറത്തിറങ്ങാത്തതിനാൽ 40 ശതമാനത്തോളം അന്തരീക്ഷമലിനീകരണം കുറയ്ക്കാനും കൂടി സാധിച്ചു. ഫ്രിഡ്ജിൽ നിന്നും പെർഫ്യൂഫിൽ നിന്നും വരുന്ന സി.എഫ്.സി. അഥവാ ക്ലോറോ ഫ്ളൂറോ കാർബൺ നമ്മുടെ രക്ഷാ കവചമായ ഓസോൺ പാളിക്ക് വിള്ളൽ വരുത്തുന്നു. ഇത് കാരണം സൂര്യരശ്മികളിൽ നിന്നുമുള്ള അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലേക്ക് നേരിട്ട് പതിക്കുന്നു. ഇത് തൊലിയിലെ ക്യാൻസർ മുതലായ മാരക രോഗങ്ങൾക്കും കാരണമാകുന്നു. അതിനാൽ അസുഖം വരാതിരിക്കാനായി ശുചിത്വം പാലിക്കുന്നതോടൊപ്പം നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കാതിരിക്കാനും കൂടി ശ്രദ്ധിക്കണം. ഇത്തരം കാരണങ്ങൾ വഴി നാം തന്നെയാണ് ഓരോ രോഗത്തെയും വിളിച്ചു വരുത്തുന്നത്. ശുചിത്വത്തോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കുകകൂടി ചെയ്താൽ രോഗങ്ങളെ നമുക്ക് പിടിച്ചു കെട്ടാൻ സാധിക്കും. ഉപസംഹാരംആരോഗ്യമുള്ള ഒരു വ്യക്തിക്കേ രോഗപ്രതിരോധ ശേഷി കൂടുതൽ ഉണ്ടാവുകയുള്ളൂ. ആരോഗ്യം കാത്തുസൂക്ഷിക്കണമെങ്കിൽ അസുഖങ്ങൾക്ക് നാം പിടികൊടുക്കാതിരിക്കുക തന്നെ വേണം. ശുചിത്വം ഇല്ലായ്മയിലൂടെയാണ് കൂടുതലും അസുഖങ്ങൾ വളരുന്നത്. വ്യക്തി ശുചിത്വത്തോടൊപ്പം പരിസരവും കൂടി നാം വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് മൂലവും അസുഖങ്ങൾ വരാം. വായു മലിനീകരണം മൂലമുണ്ടാകുന്ന ആസ്തമ രോഗം അതിനു വലിയ ഉദാഹരണമാണ്. ആരോഗ്യത്തെ സംരക്ഷിക്കാൻ ശുചിത്വത്തോടൊപ്പം പരിസ്ഥിതിയെക്കൂടി സംരക്ഷിക്കുകയും വേണം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മുക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം
- അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം