ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/സംരക്ഷിക്കാം നമ്മുടെ പരിസ്ഥിതിയെ
സംരക്ഷിക്കാം നമ്മുടെ പരിസ്ഥിതിയെ
1972 മുതൽ ജൂൺ 5 ന് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് ലോകമെങ്ങും പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചുവരുന്നു.കേവലം ആചരണവും ആഘോഷവും മാത്രമായി നാമിതിനെ മാറ്റുമ്പോൾ നമ്മുടെ തന്നെ നാശം ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത് .പരിസ്ഥിതി ദിനത്തിൻ്റെ ആവശ്യകതയും പ്രസക്തിയും പൂർണമായി ഉൾക്കൊണ്ട് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്നഭിമുഖീകരിക്കുന്ന ഒട്ടനവധി പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാകുമായിരുന്നില്ല എന്നതാണ് വാസ്തവം . പരിസ്ഥിതി ദിനം വെറും വാക്കുകളിലോ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളിലോ അതുമല്ലെങ്കിൽ ഒരു വൃക്ഷത്തൈ നടീലിലോ മാത്രമായി ഒതുങ്ങി പോകുന്നു . വാക്കുകളേക്കാൾ പ്രവൃത്തിക്ക് പ്രാധാന്യം നൽകുന്നവരാകാൻ നാം ശീലിക്കേണ്ടിയിരിക്കുന്നു .പരിസ്ഥിതിയും മനുഷ്യനും പരസ്പരം പൂരകങ്ങളാണ് . പ്രകൃതിയെ ആശ്രയിക്കാതെ ജീവിക്കാൻ മനുഷ്യന് കഴിയുകയില്ല .വിക സനത്തിൻ്റെ നിയമങ്ങൾ എല്ലാം പരിസ്ഥിതിയെ ചൂഷണം ചെയ്യുമ്പോൾ നിയമങ്ങൾ എല്ലാം കാറ്റിൽ പറക്കുകയാണ്. സ്വാർത്ഥ ലാഭത്തിനായുള്ള ചൂഷണങ്ങൾ നമുക്കു തന്നെയും വരും തലമുറയ്ക്കും കരുതിവച്ചിരിക്കുന്ന മഹാവിപത്തുകൾക്ക് വഴിയൊരുക്കുകയാണ്. സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. അതു കൊണ്ട് തന്നെ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടുള്ള ഒരു വികസനവും ലക്ഷ്യം വയ്ക്കരുത്. സ്വന്തം വീട്ടിലെ മാലിന്യം അന്യൻ്റെ മുറ്റത്തും റോഡിലുമായി വലിച്ചെറിയുന്ന മലയാളിയുടെ ശുചിത്വ ശീലം മാറേണ്ടിയിരിക്കുന്നു. ദൈവത്തിൻ്റെ സ്വന്തം നാടിനെ മാലിന്യ കൂമ്പാരമാക്കുന്നത് നാം തന്നെയാണ്.പൊതുനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുവാനും പ്രകൃതിസംരക്ഷണ അവബോധം വരും തലമുറയിൽ വളർത്തിയെടുക്കുവാനും നാം പ്രത്യേകം ശ്രദ്ധിക്കണം. പരിസ്ഥിതി സംരക്ഷണ മാർഗ്ഗങ്ങളും ശീലങ്ങളും പ്രത്യേക പാഠ്യപദ്ധതിയിൽ ഉത്തര വാദിത്വവും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ നാം ഓരോരുത്തരം ശ്രമിക്കണം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |