സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

.

വായനശാല

വായിച്ചാലും വളരും വായിച്ചില്ലേലും വളരും വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണിമാഷിന്റെ വരികളാണിത്. വായനയുടെ മഹത്വം തിരിച്ചറിയാൻ ഇതിൽപ്പരം മറ്റൊന്നും വേണ്ട. നല്ല വായനാനുഭവങ്ങൾ പ്രശസ്തരായ പലരും നമുക്കുമുന്നിൽ പങ്കുവച്ചിട്ടുണ്ട്. എംടിയും സി.രാധാകൃഷ്ണനും മാധവിക്കുട്ടിയുമടങ്ങുന്ന എഴുത്തുകാർ അവരുടെ വായനാനുഭവങ്ങൾ പലതവണ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ചങ്ങമ്പുഴയുടെ രമണൻ വായിക്കാൻ കുന്നും തോടുമൊക്കെ കടന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് പോയകഥ വായനയെ കുറിച്ചുപറയുമ്പോഴെല്ലാം എംടി ഓർമ്മിപ്പിക്കുന്നതാണ്.“വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവർക്കും ജീവിതത്തിൽ മാർഗ്ഗദർശനം ഏകുന്ന ഒന്നാണ് വായന. ഇന്നത്തെ തലമുറ വായനയിൽ പിറകോട്ട് പോകുന്നത് ഗൗരവമായി പരിശോധിക്കണം. ചരിത്രത്തെയും സഹജീവികളേയും അറിയുവാൻ വായനയിലൂടെ കഴിയും. ചരിത്രത്തെ അറിയാത്ത ഒരു തലമുറയുടെ സാംസ്കാരിക വികസനം പൂർണമാകില്ല." ചെരുപ്പ് കുത്തിയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ്‌ ആയി മാറിയ എബ്രഹാം ലിങ്കണും, രാമേശ്വേരത്തെ സാധാരണ കുടുംബത്തിൽ ജനിച്ചു ഇന്ത്യൻ പ്രസിഡന്റ്‌ ആയി മാറിയ അബ്ദുൾ കലാമും തങ്ങളുടെ വിജയ ഘടകത്തിലൊന്നായി പറയുന്നത് പരന്ന വായനയാണ്. “വിവിധ വിഭാഗങ്ങളിലുള്ള പുസ്‌തകങ്ങൾ നിറഞ്ഞ ഗ്രന്ഥശാല, സർവകലാശാലയ്‌ക്കു സമമാണെന്നു” കാർലൈന്റെ വാക്കുകൾ സ്മരണീയമാണ്. പുതുതലമുറയിലെ പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രന്റെ വാക്കുകൾ കടമെടുക്കാം... വായിക്കുമ്പോൾ നമ്മൾ മനുഷ്യരാശിയെന്ന ഒരു മഹാസംഘവുമായി നേരിട്ടു ബന്ധപ്പെടുകയാണ്. ഒരു പൂവ് വാസനിക്കുമ്പോൾ ഒരു വസന്തവുമായി ബന്ധപ്പെടുന്നതുപോലെ. പ്രപഞ്ചത്തോളം വലുതായ അറിവിനെ അൽപമെങ്കിലും ഉൾക്കൊള്ളാനുള്ള ഒരെളിയ ശ്രമം നമ്മൾ നടത്തേണ്ടതുണ്ട്. അതിനായി പുസ്തകം കയ്യിലെടുത്തോളൂ. എന്നിട്ട് മനുഷ്യൻ എന്ന മഹാപ്രതിഭാസത്തെ അഭിമാനത്തോടെ വായിച്ചുതുടങ്ങൂ..... വായിച്ചു വളരുന്നതും ചിന്തിച്ചു പ്രവർത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്ട്ടിച്ചെടുക്കാൻ ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.