ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ കേരളീയർ വളരെ ശ്രദ്ധയുള്ളവരാണെങ്കിലും പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ വെക്കാറില്ല. ഈ മനോഭാവം കാരണം കേരളത്തിൽ മാലിന്യക്കൂമ്പാരങ്ങൾ കൂടി വരികയാണ്. റോഡിലൂടെ നടന്നു നീങ്ങുന്ന യാത്രക്കാർക്ക് മൂക്കുപൊത്തി നടക്കേണ്ട ഗതികേടാണ് ഉള്ളത്. ജൈവ മാലിന്യങ്ങളും, അജൈവ മാലിന്യങ്ങളും തരം തിരിക്കാതെ തെരുവുകളിലേക്കും മറ്റു പൊതു സ്ഥലങ്ങളിലേക്കും വലിച്ചെറിയുന്നതു ചിലർ ശീലമാക്കിയിരിക്കുകയാണ്. വഴികളിൽ ഭക്ഷണാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നത് നാം പലപ്പോഴും കാണാറുണ്ട്. അഭ്യസ്തവിദ്യരായ കേരളീയരാണ് ഇത് ചെയ്യുന്നത് അപമാനകരമായ സംഗതിയാണ്. മലിനമായ പരിസരം മനുഷ്യന്റെ അനാരോഗ്യത്തിന് കാരണമായിത്തീരുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. മാലിന്യത്തിൽ നിന്നുണ്ടാവുന്ന രോഗാണുക്കൾ വായുവിലൂടെയും വെള്ളത്തിലൂടെയും പരക്കുന്നത് പല രോഗങ്ങൾക്കും കാരണമായിത്തീരും.സമൂഹം ഇത്തരം അപകടകരമായ അവസ്ഥയിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണ്. മനഷ്യന്റെ സ്വാർത്ഥത കൊണ്ട് പരിസരം മലിനമായിക്കൊണ്ടിരിക്കയാണ്. മണ്ണ് മാത്രമല്ല വായുവും ജലവും മലിനമാവുകയാണ്. ഫാക്ടറികളിൽ നിന്ന് ഒഴുക്കിവിടുന്ന രാസപദാർത്ഥം കലർന്ന മലിനജലം നദികളിലേക്ക് ഒഴുകി നദീജലം മലിനമാകുന്നു. ജലജീവികൾ ചത്തുപൊങ്ങുന്നു. ഈ ജലം കുടിവെള്ളമായി ഉപയോഗിക്കുന്ന മനുഷ്യർ വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് അടിമകളാകുന്നു. അതുപോലെ പുക കുഴലുകളിൽ നിന്നും മറ്റും പുറത്തേക്ക് വരുന്ന വിഷവാതകങ്ങൾ വായുവിനെ മലിനമാക്കുന്നു. നമ്മുടെ മാലിന്യ മുക്തമാക്കാൻ എന്താണ് വേണ്ടത്. ആദ്യമായി മനുഷ്യൻ ബോധവാനാകണം. വ്യക്തി ശുചിത്വം പോലെ പരമപ്രധാനമാണ് പരിസര ശുചിത്വവും. വീട്ടിലിലുണ്ടാവുന്ന ജൈവ മാലിന്യങ്ങൾ വീട്ടു പറമ്പിൽ തന്നെ സംസ്കരിക്കണം .അജൈവമാലിന്യങ്ങൾ പുനരുപയോഗത്തിന് സാധിക്കത്തക്ക രീതിയിൽ മാറ്റി വെക്കേണ്ടതുമാണ് - 'മാലിന്യ മുക്തമായ കേരളം ആരോഗ്യമുള്ള ജനത'ഇതായിരിക്കണം നമ്മുടെ സ്വപ്നം. ഇത് സാക്ഷാത്കരിക്കുന്നതിനു വേണ്ടി നമുക്കൊത്തൊരുമിച്ച് പ്രയത്നിക്കാം
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |