കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ ഇന്ത്യയുടെ ആത്മാവ് - ലേഖനം - ആർ.പ്രസന്നകുമാർ.

മഹാത്മാ ഗാന്ധി - ഇന്ത്യയുടെ ആത്മാവ് - ലേഖനം - ആർ.പ്രസന്നകുമാർ.
ഇന്ന് ജനവരി 30. കൃത്യം 62 വർഷങ്ങൾക്ക് മുൻപൊരു സായന്തനം. ഘടികാരസൂചികൾ പോലെ കൃത്യം ചലിക്കുന്ന ആ മനുഷ്യപുത്രൻ, അല്ല മനുഷ്യരാശിക്ക് ഗോചരമായ ദേവൻ വൈകീട്ടത്തെ പ്രാർത്ഥനക്കായി തന്റെ ജീവിക്കുന്ന ഊന്നുവടികളായ മനുവിന്റേയും ആഭയുടെയും ചുമലിൽ മെല്ലിച്ച കരങ്ങൾ ചുറ്റി നടന്നു നീങ്ങി. ആ മിഴികൾ ആകാശത്തേക്കു നീണ്ടു,.... അല്പം താമസിച്ചുവോ....?. സന്ദേഹത്തോടെ പതിവു തെറ്റിച്ച് പുൽത്തകിടിയിലൂടെ തിടുക്കത്തിൽ പ്രാർത്ഥനാ സ്ഥലത്തേക്ക്, സ്നേഹത്തോടെ ആരാധകർക്ക് ചെറുമന്ദഹാസം നൽകി, ആദരവിന്റെ നറുകണികൾ ചൊരിഞ്ഞ് നീങ്ങി.
ഗാന്ധിക്കും സഹായികൾക്കും അതൊരു പതിവു കാഴ്ചയാണ്, അനുഭവമാണ്. പരാതി പറയുന്നവർ, പരിഭവത്തോടെ കേഴുന്നവർ, ഒന്നു ദർശിച്ച് സായൂജ്യമടയുന്നവർ, കരം സ്പർശിച്ച് നിർവൃതിയടയുന്നവർ,.... ചിലർക്ക് കാൽക്കൽ വീണെങ്കിലേ മതിയാകൂ. അതേ അന്നും ആ ദേവപദം തേടിയ മനുഷ്യസഹസ്റങ്ങൾ അങ്ങനെ തന്നെ വികാരപ്രകടനങ്ങൾ നടത്തി. ഒരു രാജ്യം മുഴുവൻ കാൽക്കൽ അടിയറ വെച്ചിട്ടും പിതാവിന്റെ വാക്ക് പാലിക്കാൻ 14 സംവത്സരം കാടുപൂകിയ ശ്രീരാമനായിരുന്നു മാതൃക. ആ മര്യാദാപുരുഷോത്തമന്റെ ജീവരൂപമായി ഗാന്ധിയെ ഭാരതം കാണ്ടു,... അല്ല ലോകം കാണാൻ തുടങ്ങി.
മഹാത്മാ ....മഹാത്മാ എന്ന മന്ത്രോച്ഛാരണങ്ങൾ ഉച്ചണ്ഡം എങ്ങും മുഴങ്ങവെ, ജനാരണ്യത്തിന്റെ മറവിൽ നിന്നും ഒരാൾ നമസ്കരിക്കാനെന്നവണ്ണം മുന്നോട്ടു വന്നു. അയാളുടെ അസാധാരണ തിടുക്കം കണ്ട് ഗാന്ധിയുടെ ഊന്നുവടികൾ, മനുവും ആഭയും തടുക്കാൻ ശ്രമിക്കവെ, അവരെ ഇരുവശത്തേക്കും തള്ളിമാറ്റി, വലംകൈയിൽ പിസ്റ്റളുമായി അയാൾ മുന്നോട്ടു വന്നു.... ക്ളോസ് റേഞ്ചിൽ തന്നെ. മഹാത്മനെ കൈകൂപ്പി, .....പിന്നെ പിസ്റ്റൾ ഗർജ്ജിച്ചു.
ഹേ ...റാം...!
കണ്ണേ മടങ്ങുക.... ഒരു ജനതയുടെ ആദരവും സ്നേഹവും ചോരക്കളത്തിൽ പിടയവെ, ആകാശത്ത് ചെഞ്ചോരക്കളം തീർത്ത് സൂര്യനും അസ്തമിച്ചു.

അന്ന് 1948 ജനവരി 30. ഭൂമിയിലെ സൂര്യദേവന്റെ അസ്തമനം. കവിയും ആദ്യപ്രധാനമന്ത്രിയുമായ ജവാഹർലാൽ നെഹ്റു, ആകാശവാണിയിലൂടെ ഹൃദയസ്പർശിയായി ഇന്ത്യൻ ജനതയോട് കേണു. കൂടെ ശ്രോതാക്കളായ കോടാനുകോടികളും....

"സുഹൃത്തുക്കളേ, സഖാക്കളേ ആ ദീപം നമ്മുടെ ജീവിതത്തിൽ നിന്ന് പൊലിഞ്ഞുപോയിരിക്കുന്നു. എങ്ങും അന്ധകാരമാണ്. .... ദീപം പൊലിഞ്ഞു എന്നു ഞാൻ പറഞ്ഞത് തെറ്റാണ്. കാരണം അതൊരു സാധാരണ ദീപമായിരുന്നില്ല. ആയിരം കൊല്ലം കഴിഞ്ഞാലും ആ പ്രകാശം അപ്പോഴും കാണും. അദ്ദേഹത്തിന്റെ ആത്മാവ് എല്ലാം നോക്കി കാണുന്നതിനാൽ ആ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നതൊന്നും നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂട......"
ഇന്ന് 2010 ജനവരി 30. കൃത്യം 62 വർഷങ്ങൾക്ക് ശേഷമുള്ളൊരു സായന്തനം. നെഹ്റു പറഞ്ഞതു പോലെ ആ ആത്മാവ് എല്ലാം നോക്കി കാണുന്നു. കാരണം അത് മഹാത്മാവാണ്. ആ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നതേ നാം ചെയ്യുന്നുള്ളു. അസത്യം മൊത്തമായും ചില്ലറയായും നാം വിൽക്കുന്നു. മദ്യം ക്യൂ നിന്ന് പരസ്യമായി ഒരു ലജ്ജയുമില്ലാതെ വാങ്ങുന്നു, കൂട്ടു ചേർന്ന് മോന്തുന്നു, സാമൂഹ്യപ്രശ്നങ്ങൾക്ക് അടിവളമിടുന്നു. ജാതി - മത - വർഗ - വർണ വ്യത്യാസങ്ങൾ ചികഞ്ഞ് നാം അന്ധരായിത്തീർന്നിരിക്കുന്നു. അഹിംസയുടെ തിരുസ്വരൂപത്തെ മറന്ന് സഹജീവികളെ ഹിംസയുടെ കുരിശേറ്റുന്നു.


നാഥുറാം വിനായക് ഗോഡ്സേ മഹാത്മാവിന്റെ മാറിലേക്ക് വെടിയുതിർത്തത് മൂന്നേ മൂന്നു തവണ മാത്രം..... നാമോ.....?