ശാന്തമാം കാലം,പ്രൗഢമാം ലോകം,
മാറ്റമില്ലാത്തോരായിരം നന്മകൾ,
പുല്ലിൽ തുടങ്ങി പുലിയോളം വരും
ജീവനുകളെല്ലാം ഒന്നായ് കഴിഞ്ഞു
പൊടുന്നനെ ജനനമെടുത്തിതാ സംസ്‍കൃതി,
നമ്മിൽ വെളിച്ചം പകർന്നൊരാ സംസ്‍കൃതി,
എവിടെയാണതിൻ ജനനഭൂമി ?
മണ്ണിലോ, വിണ്ണിലോ, അമ്മതൻ നെഞ്ചിലോ,
മാറും മനുഷ്യന്റെ വിഷമുള്ള മനസ്സിലോ ?
ആർത്തി അടക്കാൻ കഴിയാത്ത നാം
പരിശുദ്ധമായൊരാ സംസ്‍കാരത്തെ
പരിഷ്‍കാരമാക്കി തിരുത്തിക്കുറിച്ചു ,
സർവംസഹയാം നമ്മുടെ അമ്മയിൽ
കലിയുണരുവോളം കുത്തിനോവിച്ചു
കോപാഗ്നിയിൽ നാം കത്തിത്തുടങ്ങി,
അത് കാറ്റായും, കോളായും എത്തിത്തുടങ്ങി,
ഉറക്കം നടിച്ചു കിടന്ന മർത്ത്യരെ
വൈറസും, വവ്വാലും ഒത്തു വധിച്ചു !
മാറും മനുഷ്യാ ഇനി കൺകൾ തുറക്കുക,
ഉടയോൻ ഒരുക്കുന്ന മഹാമായാജാലം
കണ്ടും അറിഞ്ഞും കഴിയാൻ ഒരുങ്ങുക,
കാലത്തെ പഴിചാരുമ്പോൾ ഓർത്തുകൊൾക
കാലവും കാലനും നാം തന്നെയല്ലോ !