ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/അക്ഷരവൃക്ഷം/അസ്തമയ സൂര്യൻ

അസ്തമയ സൂര്യൻ
             മുറിയുടെ വലതുവശത്തെ ബാൽക്കണിയിൽ നിന്നും സൂര്യന്റെ ഇളം വെയിൽ ചില്ലുജനാലയെ മറച്ചിട്ടിരുന്ന കർട്ടനെയും മറികടന്ന് നേരിയ പ്രകാശത്തിൽ കിടക്കയിലേക്ക് ചാഞ്ഞു. ഉണ്ണി മെല്ലെ കണ്ണ് തുറന്നു.ലോക്ക് ഡൗൺ ദിവസത്തിലെ മൂന്നാം ദിവസം തുടങ്ങിയിരിക്കുന്നു. ഉണ്ണി ഉത്സാഹത്തോടെ കലണ്ടറിനു നേരെ നീങ്ങ ദിവസം വെട്ടിയിട്ടു.ഫ്ളാറ്റിലെ ഏകാന്തതയിൽ അവൻ വളരെയധികം വിഷമിക്കുന്നു.കർട്ടൻ നീക്കി ഗ്ലാസ് തുറന്ന് ബാൽക്കണിയിലേക്ക് നീങ്ങി.പുതിയ തലമുറയുടെ പുതിയ നഗരം ഇതാ ആളൊഴിഞ്ഞു കിടക്കുന്നു.ജീവിത മാർഗം നിലക്കാതിരിക്കാൻ ഇതാ ചിലർ മാത്രം റോഡിലൂടെ  പോകുന്നു.ഇപ്പോൾ വേനലവധിയാണ്. നാട്ടിൽ തറവാട്ടിലെ മാവിലും പ്ലാവിലും കയറി നടക്കേണ്ട സമയത്ത് ഇവിടെ ഈ കെട്ടിടത്തിൽ കളിക്കാനാരുമില്ലാതെ... ഉണ്ണി പകുതി വച്ച് നിർത്തി, അപ്പുയേട്ടനെ ഓർത്തു.ഉണ്ണിയുടെ ചേട്ടൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു. ബാക്കിയുള്ള മുന്ന് പരീക്ഷകൾ എങ്ങനെയെങ്കിലും തീർക്കാനുള്ള ചൂടിലാണ് അപ്പുയേട്ടൻ. രാവിലെ എഴുന്നേറ്റാൽ പത്രത്തിലോ ടീവി ന്യൂസ് ചാനലിലോ നോക്കിയിരിക്കലാണ് പതിവ്.കാരണം പരീക്ഷ എങ്ങിനെ, എപ്പോൾ എന്നറിയാൻ വേണ്ടി.            
           മുറിയിൽ നിന്ന് അവൻ ഹാളിൽ കയറി. ചേട്ടൻ അവിടെ ഇരിപ്പുണ്ട് .'അമ്മ അടുക്കളയിൽ തിരക്കിലാണ് . തിരക്കേറിയ ഓഫീസ് ജോലിയിൽ നിന്ന് അച്ഛനും അമ്മയും ഒരു നീണ്ട ഇടവേളയെടുത്തത് ഇപ്പോഴാണ് .ഈ ഒരു അവസ്ഥ വന്നത് കൊണ്ടാണ് എല്ലാവരും വീട്ടിൽ ഒത്തുകൂടാൻ ഒരു അവസരമുണ്ടായത് എന്ന് ഓർക്കുമ്പോൾ സന്തോഷം വന്നു നിറയുന്നു. പക്ഷെ, ലോകം മുഴുവൻ ഇതിനെ മറികടക്കാൻ ശ്രമിക്കുന്നതോർക്കുമ്പോൾ വിഷമവും വരുന്നു. ഒന്നിച്ചു ഇരുന്ന് ഭക്ഷണം കഴിക്കുകയും കളിക്കുകയും ചിരിക്കുകയും ചെയ്തപ്പോഴാണ് ഞങ്ങൾ കൂടുതൽ സന്തോഷം കണ്ടെത്തിയത്. ഉണ്ണി കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ തുടങ്ങി. 
         ഈ കളിയും ചിരിയുമെല്ലാം അങ്ങ് അമ്മയുടെയും അച്ഛന്റെയും തറവാട്ടിൽ ആവേണ്ടതാണ് . പക്ഷെ , ഇപ്പോൾ പോകാൻ സാധിക്കില്ലല്ലോ. സഹോദരങ്ങൾക്കൊപ്പം കളിക്കുന്ന സുഖം വേറെ എവിടെയും കിട്ടില്ല. ഉണ്ണിയുടെ മനസ്സിൽ ഓർമ്മകൾ കുമിഞ്ഞുകൂടി. ദിവസം കൂടുന്തോറും പുറത്തോട്ടിറങ്ങാനുള്ള കൊതി കൂടിക്കൂടി വന്നു. പക്ഷെ, വീട്ടിൽ ഇരിക്കുമ്പോ ചെടികൾക്ക് വെള്ളമൊഴിക്കുക, ഇതുവരെ കേൾക്കാത്ത കിളികളുടെ ശബ്ദം കേൾക്കുക ഇതൊക്കെ ഉണ്ണിയുടെ ബോറടി മാറ്റിയെടുത്തു എന്നും പറയാം. അപ്പുവും ഉണ്ണിയുടെ കൂടെ കൂടാറുണ്ട് .
          ലോക്ക്ഡൗൺ ഒന്ന് മാറിയിട്ട് വേണം കാര്യമായി ഒന്ന് കറങ്ങാൻ പോകാൻ, അമ്മയും അച്ഛനും അത് പറഞ്ഞു ഉറപ്പിച്ചിട്ടുണ്ട് .വീട്ടിൽ ദിവസേന വരുന്ന ജോലിക്കാരി ചേച്ചിയുടെ മകൾ അമ്മു ഉണ്ണിയുടെ ഒരു നല്ല കൂട്ടുകാരിയായിരുന്നു. പക്ഷെ, അമ്മു ഇപ്പോൾ വരവില്ല. അവൾ പോകും മുൻപ് 'അമ്മ കുറച്ചു കളർ പെൻസിൽ കൊടുത്തിരുന്നു, അമ്മുവിന് വീട്ടിലിരിക്കുമ്പോ വരച്ചു കളിക്കാനായിട്ട്. നന്നായി വരക്കും; അമ്മു എനിക്ക് ചില ചിത്രങ്ങൾ സമ്മാനമായി നൽകിയിരുന്നു. പാവപ്പെട്ട കുടുംബമാണ് അവളുടേത്. ഒന്ന് ഫോൺ വിളിച്ചു നോക്കിയാലോ?ഞാൻ വിചാരിക്കുന്നതിനു മുൻപ് 'അമ്മ വിളിച്ചു കഴിഞ്ഞിരുന്നു   
            "അമ്മുവിൻറെ വീട്ടിലെ ചെറിയ പച്ചക്കറി കൃഷി അവരെ പട്ടിണിയിൽ നിന്ന് രക്ഷിച്ചു" എന്ന് 'അമ്മ അച്ഛനോട് പറഞ്ഞു. "നമുക്കും ഇവിടെ കൃഷി ചെയ്താലോ അച്ഛാ " ഉണ്ണി ഉത്സാഹത്തോടെ ചോദിച്ചു. "അതിന് നമുക്കിവിടെ സ്ഥലമില്ലല്ലോ ഇത് ഫ്ളാറ്റല്ലേ?" അച്ഛൻ ഉണ്ണിയെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു. നമ്മൾക്ക് എല്ലാം പുറത്തു നിന്ന് വാങ്ങിക്കേണ്ട അവസ്ഥയാണ് .മര്യാദക്ക് ഒരു വീടും പറമ്പും നാട്ടിൽ എടുത്തിരുന്നെങ്കിൽ അവിടെയുള്ളത് വെച്ച് വേവിച്ചു കഴിക്കാമായിരുന്നു." 'അമ്മ എല്ലാം കേട്ടുകൊണ്ട് സോഫയിൽ ഇരുന്നു. എന്നിട്ടു അച്ഛനോടായി അമ്മ ചോദിച്ചു."അപ്പോൾ നമ്മുടെ ജോലിയോ?ഒരിക്കലും ഉത്തരം പറയാൻ പറ്റാത്ത അവസ്ഥയിൽ അച്ഛനെ 'അമ്മ അടക്കിയിരുത്തി. ഒന്നിനും ഒരു കുറവും ഇപ്പോ ഇല്ലാത്തത് ഈ ജോലി കാരണമാണെന്ന് ഓർക്കണം". ഇത് വരെ സംസാരിക്കാത്ത രീതിയിൽ 'അമ്മ അച്ഛനോട് പറഞ്ഞു. ഒന്നും മനസ്സിലാകാതെ ഉണ്ണി ചിന്തിച്ചു. അമ്മയ്ക്ക് അച്ഛനോട് ഇത്രയും ദേഷ്യമുണ്ടായിരുന്നോ?? 
         ഒരു ദിവസം ഉണ്ണിയും അപ്പുവും ബാൽക്കണിയിൽ നിൽക്കുന്ന സമയം ഇടക്ക് ഫ്ലാറ്റിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ വരുന്ന ആ നീണ്ട താടിയുള്ള കൂനിക്കൂടിയ അപ്പൂപ്പൻ ഇതാ കൂടുതൽ ക്ഷീണിതനായിരിക്കുന്നു.ഫ്ളാറ്റിലെ സെക്യൂരിറ്റി ആണെങ്കിൽ ആ മനുഷ്യനെ അകത്തേക്കും കടത്തുന്നില്ല. ഞങ്ങളെ കണ്ട അപ്പൂപ്പൻ കൈകൊണ്ട്  ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു  'വിശക്കുന്നു'എന്ന്  ഫ്ലാറ്റിന്റെ വലതു വശത്തെ വഴിയിൽ അയാൾ എത്തിക്കഴിഞ്ഞരുന്നു.മുറിയുടെ ജനാലയിലൂടെ ഒരു നീണ്ട കയർ ഇട്ട് അതിന്റെ തുമ്പത്തു അയാളുടെ വിശപ്പിനെ ശമിപ്പിക്കാനുള്ള വക അപ്പുവും  ഉണ്ണിയും കരുതിയിരുന്നു. ഭക്ഷണം മുകളിൽ നിന്ന് തന്നിലേക്ക് എത്തുന്നതുവരെ അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നുണ്ടായിരുന്നു. ഭക്ഷണം നൽകിയതിന് ശേഷം അയാൾ രണ്ടു  കൈയ്യും കൂപ്പി കാണിച്ചു കൊണ്ട് അയാൾ നടന്നകന്നു. അപ്പുവിനും ഉണ്ണിക്കും എന്തെന്നില്ലാത്ത സന്തോഷം അനുഭവപ്പെട്ടു.ആകാശത്തിൽ സന്ധ്യയുടെ ചുവപ്പു നിറം മങ്ങി തുടങ്ങി, സൂര്യന്റെ അസ്തമയം, ചന്ദ്രന്റെ ആഗമനം, നക്ഷത്രങ്ങൾ തെളിഞ്ഞു ,അമ്മയുടെ കോപമടങ്ങി, അപ്പൂപ്പന്റെ വിശപ്പടങ്ങി ,ചന്ദ്രന്റെ പൂർണ്ണ മുഖം  നിലവായി എങ്ങും തൂകി. 
        സമാധാനത്തിന്റെ സൂചന എങ്ങും നിറഞ്ഞു നിൽക്കുന്നു. ആകാശത്തിലൂടെ ഒരു കൂട്ടം കൊക്കുകൾ......മേഘപാളികൾക്കിടയിലൂടെ അവർ മറഞ്ഞുതുടങ്ങിയിരുന്നു.
ശില്പ ബാബു
10 എ ഗവ. വി എച്ച് എസ് എസ് കളമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ