ഗവൺമെന്റ് എസ് എൻ ഡി പി യു. പി. എസ് പട്ടത്താനം/അക്ഷരവൃക്ഷം/വീണ്ടെടുക്കാം പ്രകൃതിയെ
വീണ്ടെടുക്കാം പ്രകൃതിയെ
ജലത്തെയും വായുവിനെയും അഗ്നിയേയും മറ്റും ദൈവമായി ആരാധിച്ച സംസ്കാരമായിരുന്നു നമ്മുടേത്. നമ്മുടെ പൂർവ്വികർ പ്രക്യതിയിലെ ഓരോ വസ്തുക്കളെയും ദൈവമായി കണ്ട് അവർ അതിനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു. അവർ പ്രകൃതിയെ തങ്ങളുടെ അമ്മയെ പോലെ സ്നേഹിച്ചു. എന്നാൽ ആധുനിക മനുഷ്യനെന്ന് അവകാശപ്പെടുന്നവർ പ്രകൃതിയെ തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി മാത്രം ആശ്രയിക്കുന്നു. പ്രകൃതി തങ്ങളുടെ മാത്രമാണെന്ന ചിന്ത മനുഷ്യരിൽ അജ്ഞത ഉളവാക്കുന്നു. 'സർവം സഹയായ' ഭൂമി മനുഷ്യന്റെ എല്ലാ ക്രൂരതകളും സഹിക്കുന്നു. മനുഷ്യനെ പോലെ തന്നെ എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ വസിക്കു വാനുളള അവകാശമുണ്ട്. ഇത് പ്രകൃതിയുടെ നിയമമാണ്. ബുദ്ധിമാൻമാരായ മനുഷ്യർ മാത്രമാണ് ഈ നിയമം ലംഘിക്കുന്നത്. ഭൂമി തങ്ങൾക്കു വേണ്ടി മാത്രമുള്ളതാണെന്നാണ് മനുഷ്യന്റെ വിശ്വാസം. ഈ വിശ്വാസം അവനെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുന്നു. ഭൂമിയെ അമ്മയായി കണ്ട പൂർവ്വികരിൽ നിന്നും വളരെ വ്യത്യസ്തമാണ് ആധുനിക മനുഷ്യർ. സ്വന്തം ആവശ്യങ്ങൾക്കായി മനുഷ്യർ കുന്നുകൾ ഇടിച്ച് നിരപ്പാക്കുകയും, കാട് വെട്ടിത്തെളിക്കുകയും, പാടങ്ങൾ നികത്തുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം ഭവിഷത്തുകൾ ആഘാതപ്രത്യാഘാത രൂപേണ നമ്മളിൽ വന്നു ഭവിക്കുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് നാം 2018-ൽ നേരിട്ട 'മഹാപ്രളയം'. മനുഷ്യന്റെ ക്രൂരതകൾക്കുള്ള പ്രക്യതിയുടെ തിരിച്ചടികളാണിവയൊക്കെ. പ്രകൃതിയിൽ വസിക്കുന്ന മറ്റൊരു ജീവിയും പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലുളള യാതൊരു പ്രവർത്തിയും ചെയ്യുന്നില്ല എന്നത് നാം ഈ അവസരത്തിൽ ചിന്തിക്കേണ്ടതാണ്. മനുഷ്യന്റെ പ്രവർത്തികൾ മൂലം അവരുടെ ജീവൻ പോലും ഇപ്പോൾ ആപത്തിലാണ്. കാലാവസ്ഥാ വ്യതിയാനം നമ്മുടെ കൃഷിയെ സാരമായി ബാധിക്കുന്നു. പല തരം പ്രകൃതി പ്രതിഭാസങ്ങൾ മൂലം മനുഷ്യർ ധാരാളം നാശ നഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും മനുഷ്യൻ തങ്ങളുടെ തെറ്റ് മനസ്സിലാക്കുന്നില്ല. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രവർത്തികളെ 'വികസനം' എന്ന ഓമനപ്പേരിട്ടാണ് മനുഷ്യൻ വിളിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള പ്രവർത്തികളാണ് യഥാർത്ഥ വികസനം. സ്വാർത്ഥത വെടിഞ്ഞ് കഴിഞ്ഞാൽ നമ്മുക്ക് നമ്മുടെ പ്രകൃതിയെ അതിന്റെ അപകടാവസ്ഥയിൽ നിന്നും തിരിച്ചു കൊണ്ടുവരാൻ കഴിയുന്നതാണ്. അതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമമാണ് ആവശ്യം.പരിശ്രമിച്ചാൽ നടക്കാത്തതായി ഒന്നും തന്നെയില്ല. അതുകൊണ്ട് നമ്മുക്ക് ഒറ്റക്കെട്ടായി നിന്ന് പ്രകൃതിയെ വീണ്ടെടുക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |