എൽ എഫ് എച്ച് എസ്സ് വടകര/അക്ഷരവൃക്ഷം/നല്ലൊരു നാളെയ്ക്കായ്‌…

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളെയ്ക്കായ്‌…

പകർച്ചവ്യാധികളടക്കം പല രോഗങ്ങളും ബാധിക്കാൻ കാരണങ്ങളേറെയാണ് .ഇത്തരം രോഗങ്ങളെയകറ്റാൻ വ്യക്തിശുചിത്വം ,ഗൃഹശുചിത്വം,പരിസരശുചിത്വം എന്നിവ കർശനമായി പാലിക്കേണ്ടതുണ്ട് .ആരോഗ്യശുചിത്വത്തിൻറെ മുഖ്യഘടകങ്ങളായ ഇവയുടെ പോരായ്മകളാണ് 90 %രോഗങ്ങൾക്ക് കാരണമാകുന്നത് .വ്യക്തികൾ സ്വതാല്പര്യാർത്ഥം പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട് .ഇവ തിരിച്ചറിവോടെ ജീവിതത്തിൽ പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിതശൈലിരോഗങ്ങളെയും ഒരു പരിധിവരെ തടയാനാകും.

പകർച്ചവ്യാധികളുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയും പകർച്ചവ്യാധിബാധിതരുടെ അനാവശ്യയാത്രകളും മറ്റൊരുതരത്തിൽ രോഗങ്ങൾക്ക് ഇടയാക്കാറുണ്ട് .പകർച്ചവ്യാധികളെ തടയാനായി നമ്മുടെ ഭക്ഷണശൈലിയിലും ചില മാറ്റങ്ങൾ അനിവാര്യമാണ് .ദിനംപ്രതിയുള്ള വ്യായാമവും പോഷകഘടകങ്ങളടങ്ങിയ ഭക്ഷണത്തിൻറെ ഉപയോഗവും ശരീരത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും .ഇത്തരത്തിലുള്ള മാറ്റങ്ങൾ ആരോഗ്യപൂർണമായ ഒരു ജീവിതത്തിന് അനിവാര്യമാണ്.

എന്നാൽ നാം എത്രയേറെ ശുചിത്വനടപടികൾ സ്വീകരിച്ചാലും ചില സാമൂഹ്യവിരുദ്ധരുടെ ഇടപെടലുകൾ പകർച്ചവ്യാധികളുടെ ആക്കം കൂട്ടും അതാണ് ലോകത്തെതന്നെ അവസാനിപ്പിക്കാൻ കെൽപ്പുള്ള മാരകവൈറസ് രോഗമായ കോവിഡ് -19 ന് കാരണമായത് .ഇതുപോലുള്ളസാമൂഹ്യവിരുദ്ധരുടെ നാശോന്മുഖമായചിന്തകൾപോലും വരും തലമുറയുടെ നിലനിൽപിനു ഭീഷണിയാണ് .കോവിഡ് -19 എന്ന മഹാമാരിയെപ്പറ്റി ഗഹനമായി പഠിച്ച ആരോഗ്യവിദഗ്ധരുടെ ആഹ്വാനമാണ് സാമൂഹിക അകലം പാലിക്കുകയെന്നത് .എന്നാൽ ഇവരുടെ നിരീക്ഷണങ്ങളേക്കാൾ മേലെയാണോ ഈ സാമൂഹ്യവിരുദ്ധരുടെ നിഷേധാത്മകചിന്തകളെന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു .തന്റെ രോഗം ഈ രാജ്യത്തിന് ഒരു ഭീഷണിയാകരുതെന്ന ചിന്തയുണ്ടായിരുന്നെങ്കിൽ - ആ സാമൂഹ്യ ബോധ്യമുണ്ടായിരുന്നെങ്കിൽ നമ്മുടെ രാജ്യത്തിൻറെ സ്ഥിതി ഇത്രയും മോശമാകില്ലായിരുന്നു .ഞാൻ എൻറെ രാജ്യത്തെ സ്നേഹിക്കുന്നു ,രാജ്യത്തെ എല്ലാവരും എന്റെ സഹോദരീസഹോദരന്മാരാണെന്ന് പ്രതിജ്ഞയെടുത്തു പഠിച്ച നാം ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധമായ പ്രവൃത്തികൾ ചെയ്യുമ്പോൾ നാം നമ്മുടെ രാജ്യത്തിനു തന്നെ ഭീഷണിയാകുകയാണ് - ചോദ്യചിഹ്നമാവുകയാണ് ചെയ്യുന്നത് .മക്കൾ തന്നെ അമ്മയ്ക്ക് ഭീഷണിയാണെങ്കിൽപിന്നെ ആ നാടിൻറെ നിലനില്പിനെപ്പറ്റി പറയേണ്ടതില്ലല്ലോ.

അതിനാൽ ആരോഗ്യപ്രവർത്തകരുടെയും വിദഗ്ധരുടെയും ഭരണകർത്താക്കളുടെയും നിർദേശങ്ങൾക്കനുസരിച്ചു നാം പ്രവർത്തിക്കണം .വ്യക്തിസ്വാർഥതയ്‌ക്കനുസരിച്ചുള്ള ആഘോഷങ്ങളും യാത്രകളും ബന്ധങ്ങളും നമുക്കായി നമ്മുടെ രാജ്യത്തിൻറെ ഭാവിയ്ക്കായി നാം മാറ്റിവയ്‌ക്കേണ്ടതുണ്ട് .ആരോഗ്യപ്രവർത്തകരുടെയും ഭരണകർത്താക്കളുടെയും നാമോരോരുത്തരുടെയും നിശ്‌ചയദാർഢ്യത്തിലൂടെ നമുക്ക് ഈ മഹാമാരിയെ തുരത്താനാവുമെന്ന പ്രതീക്ഷയും അതിനനുസൃതമായ പ്രവർത്തനങ്ങളും നമ്മുടെ ഈ ലോകത്തെതന്നെ രക്ഷിക്കും തീർച്ച.



നവ്യ സി. ജെ.
10 എൽ എഫ് എച്ച് എസ്സ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം