എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/അക്ഷരവൃക്ഷം/ എന്റെ ചേച്ചി

എന്റെ ചേച്ചി
             ഒരു തനിനാട്ടിൻപുറത്തായിരുന്നു എന്റെ വീട്. വയലുകളും പുഴയും ഒക്കെ അടങ്ങിയ ഒരു ഗ്രാമം. ഒരു കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. എനിക്ക്‌ ഓർമയായ കാലം മുതൽ സോണി ചേച്ചി ഞങ്ങളുടെ വീട്ടിലെ നിറസാനിധ്യമായിരുന്നു. എന്റെ അമ്മാവന്റെ മകൾ ആയിരുന്നു ചേച്ചി. ഒരു ചേട്ടനും ഉണ്ടായിരുന്നു. ചേട്ടൻ എന്നോട് എപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. എനിക്ക് ചേച്ചിയെ ആയിരുന്നു ഇഷ്ടം. പഠിപ്പ് കഴിഞ്ഞ്‌ വെറുതെ നിന്നിരുന്ന ചേച്ചി എനിക്ക് അമ്മയെപ്പോലെയായിരുന്നു. തൊട്ടതിനും പിടിച്ചതിനും എല്ലാം എന്റെ ഏക ആശ്രയം സോണി ചേച്ചി ആയിരുന്നു. എന്നെ കുളിപ്പിക്കും, ചോറുവാരിത്തരും, എന്റെ കൂടെ കളിക്കും, എന്നെ വസ്ത്രം ധരിപ്പിക്കും ഇതെല്ലാം അമ്മയെ പോലെ തന്നെ ചെയ്ത് തരും. ചേച്ചി പോകുന്നിടത്തെല്ലാം എന്നെ എടുത്തുകൊണ്ടുപോകും. 
          ചിലപ്പോഴൊക്കെ ചേച്ചി എന്നെയും കൂട്ടി അലക്കാനും കുളിക്കാനും ഒക്കെ പുഴക്കടവിലേക്ക് പോകും. ചേച്ചി നല്ല നീന്തൽ വിദഗ്ധയായിരുന്നു. അത്കൊണ്ട് എന്നെ ചേച്ചിക്ക് ഒപ്പം വിടാൻ അമ്മയ്ക്ക് മടി ഇല്ലായിരുന്നു. ചേച്ചി എന്നോട് പറയും മോനെ ഞാൻ പിന്നെ നീന്തൽ പഠിപ്പിക്കാം എന്ന്. അക്കാലത്തു പല കുട്ടികളും പുഴക്കടവിൽ കുളിക്കാൻ വരുമായിരുന്നു. ചേട്ടനും വരും. ചേട്ടൻ വന്നാൽ എന്റെ ദേഹത്തു വെള്ളം കോരി ഒഴിച്ച് എന്നെ വഴക്കുണ്ടാക്കിക്കൊണ്ടിരിക്കും. അതിന് ചേച്ചി ചേട്ടനെ വഴക്ക് പറയും.
         പതിവ് പോലെ ഒരു ദിവസം പുഴക്കരയിൽ എന്നെയും കൂട്ടി ചേച്ചി പോയി. എന്നെ കരയിൽ ഇരുത്തിയിട്ട് ചേച്ചി തുണി അലക്കാൻ തുടങ്ങി. ഒരു കർക്കിടക മാസത്തിൽ പുഴ കുലംകുത്തി പായുന്ന സമയമായിരുന്നു അത്. വാഴപ്പിണ്ടിയുടെ മുകളിൽ കയറി ഞങ്ങളുടെ വീടിന്റെ സമീപത്തുള്ള ഉണ്ണിചേട്ടനും കൂട്ടുകാരും പുഴയിൽ കളിക്കാൻ വന്നു. കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ ഉണ്ണിചേട്ടൻ കയത്തിലേക്ക് വീണു. കുട്ടികളുടെ നിലവിളി കേട്ട്. തുണി അലക്കിക്കൊണ്ടിരുന്ന സോണി ചേച്ചി എന്നെ എടുത്ത കുറച്ച കൂടി മുകളിലേക്ക് ഇരുത്തിയിട്ട് വെള്ളത്തിലേക്ക് എടുത്ത് ചാടി. വാഴപ്പിണ്ടിയിൽ തൂങ്ങിക്കിടന്ന കുട്ടികളെ വലിച്ച്‌ കരയ്ക്കടുപ്പിച്ചു. ഉണ്ണിചേട്ടനെ എടുക്കാനായി ചേച്ചി വീണ്ടും പുഴയിലേക്കെടുത് ചാടി. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ചേച്ചിയും ഉണ്ണിചേട്ടനും പുഴയുടെ ആഴങ്ങളിലേക്ക് താഴ്ന്നുപോയി. പിന്നെ ഞാൻ അവരെ കണ്ടില്ല. ഞാൻ കരയിൽ നിന്ന് ചേച്ചിയെ വിളിച്ച്‌ കരയാൻ തുടങ്ങി. ഇതിനിടെ ആരോ വന്ന് എന്നെ എടുത്ത് അമ്മയുടെ കയ്യിൽ കൊണ്ട് പോയി കൊടുത്തു. അപ്പോഴും ഞാൻ ചേച്ചിയെ വിളിച്ച്‌ കരയുകയായിരുന്നു. അവസാനം ആരൊക്കെയോ ചേച്ചിയുടെ വിറങ്ങലിച്ച ശരീരം വീട്ടിലേക്ക് കൊണ്ട് വന്നു. ചേച്ചി ഉറങ്ങുക ആയിരുന്നു എന്നായിരുന്നെന്റെ വിചാരം. മണിക്കൂറുകൾ കഴിഞ്ഞ്‌ ചേച്ചിയുടെ ചേതനയറ്റ ശരീരം ചിതയിലേക്ക് ഏറ്റുവാങ്ങി തീനാളങ്ങൾ വിഴുങ്ങിയപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മണ്ണിൽ കിടന്ന് ഉരുണ്ട് വാവിട്ട് കരഞ്ഞു. എന്നെ ആരൊക്കെയോ കൈകളിൽ കോരിയെടുത്തത് അവ്യക്തമായ ഒരു ഓർമ മാത്രം. അപ്പോഴേക്കും ഞാൻ ബോധരഹിതനായി കഴിഞ്ഞിരുന്നു.
         ദിവസങ്ങളോളം ഞാൻ ചേച്ചിയെ ഓർത്തു വിലപിച്ചു. ഈ കൊച്ചനുജന്റെ മിഴിനീർ ഇനിയും വറ്റിയിട്ടില്ല. സ്വർഗത്തിൽ ഇരുന്ന് കൊണ്ട് എന്റെ പ്രിയ സോണി ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരിക്കും. ഇന്നും ചേച്ചിയുടെ ചില്ലിട്ട ചിത്രത്തിന് മുന്നിൽ കൈ കൂപ്പി നിൽക്കുമ്പോൾ എന്റെ ബാല്യം ഒരിക്കൽ കൂടി എന്നെ മാടിവിളിക്കുന്നു. ഈ മിഴിനീർ ഉണങ്ങില്ല മരിക്കുവോളം.


അഭയ്.ആർ.എസ്
9 A എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ