ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കണ്ണീർ

അതിജീവനത്തിന്റെ കണ്ണീർ

ഒരു പ്രഭാതം. അനു പതിവുപോലെ വീട്ടിൽ നിന്നും നേരത്തേ ഇറങ്ങി. ലോക്ഡൗണായതിനാൽ ബസ്സില്ല. നടത്തമല്ലാതെ വേറെ മാർഗമൊന്നുമില്ല ദിവസേന എന്ത് തിരക്കുള്ള തെരുവായിരുന്നത്. ഇപ്പോൾ തീർത്തും വിജനം.

ഈ നടത്തം തുടങ്ങിയിട്ട് കുറച്ച് ദിവസമായെങ്കിലും ഇന്നെന്തോ മനസ്സിനൊരു ഭയം. ദിവസേന എത്ര പേരോട് ഇടപെഴകുന്നതാണ് ഇപ്പോൾ തീർത്തും ഒറ്റപ്പെട്ടാണ് ജീവിതം. മക്കളെ സ്വന്തം വീട്ടിലാക്കി ഭർത്താവിന്റെ വീട്ടിൽ ഏകാന്തവാസം. അതു കൊണ്ടതന്നെ പെട്ടെന്ന് ഒരു ദിവസം ആരോ ശാന്തതയിലേക്ക് തള്ളിവിട്ടതു പോലെ. അവൾ ചുറ്റിലും ഒന്ന് കണ്ണോടിച്ചു. ഒരു പൂച്ചക്കുഞ്ഞ് പോലും ഇല്ല. മനസ്സിലെ ഭയം കൂടാൻ പിന്നൊന്നും വേണ്ടി വന്നില്ല. അതു കൊണ്ടു തന്നെ അവൾ നടത്തത്തിന്റെ വേഗം കൂട്ടി .

ഇപ്പോൾ ആശുപത്രിയുടെ ഗെയ്റ്റ് കടക്കുമ്പോൾ തന്നെ പതിവുമുഖങ്ങളെല്ലാം പി പി ഇ കിറ്റിനുള്ളിലാണ് .ഒരു കണക്കിനു പറഞ്ഞാൽ അതിനുള്ളിലെ നിൽപ്പ് ജീവൻമരണ പോരാട്ടമാണ്.

ഇന്ന് ഒരു പുതിയ കേസ് കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവിടെയാണ് തനിക്ക് ഡ്യൂട്ടി യെന്നറിഞ്ഞപ്പോൾ തെല്ലൊരു ഭയം മനസ്സിൽ വന്നെങ്കിലും തന്റെ ഡ്യൂട്ടിയല്ലെ അതെന്ന് വിചാരിച്ചപ്പോൾ മനസ്സിന് ധൈര്യം വന്നു.പ്രായമുള്ള ആളാണ്. അമേരിക്കയിൽ നിന്ന് വന്ന മകനിൽ നിന്നാണ് രോഗം പിടിപെട്ടത്.

വാർഡിലെത്തിയപ്പോൾ അയാൾ കർട്ടൺ കൊണ്ട് മറച്ച ജനലിലേക്ക് നോക്കിയിരിക്കുകയായിരുന്നു. ആ കാഴ്ച കണ്ടപ്പോൾ അവളുടെ നെഞ്ചൊന്ന് നീറി.അപ്പോഴേക്കും ഡോക്ടർ എത്തിയിരുന്നു.പ്രതീക്ഷയുടെ പ്രകാശം ജ്വലിച്ചു.ഒന്ന് ഡോക്ടറുടെ മുഖത്തേക്ക് നോക്കിയതിനു ശേഷം അയാൾ ചോദിച്ചു. "ഡോക്ടർ എനിക്കെന്റെ പേരക്കുട്ടികളെ കാണണം" അപ്പോൾ ഡോക്ടർ പറഞ്ഞു " ഇപ്പോൾ ആരെയും കാണാൻ കഴിയില്ല.കണ്ടാൽ അവർക്കും രോഗം വരില്ലെ"

അതു കേട്ടയുടൻ അയാൾ ചോദിച്ചു.

എന്റെ മകനെങ്ങനെയുണ്ട് ?മകന്റെ രോഗം ഭേദമായി. അയാൾ വീട്ടിലാണ്. ഡോക്ടറുടെ മറുപടി കേട്ടയുടൻ അയാളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുക്കൻ തുടങ്ങി " എനിക്ക് സമാധാനമായി ഡോക്ടർ മരിക്കുന്നതിനു മുൻപ് എല്ലാവരെയും കാണണമെന്നുണ്ട്. പക്ഷെ അതു വേണ്ട ഞാൻ കാരണം ആർക്കും രോഗം വരരുത്.

" നിങ്ങൾക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലൊ. രോഗം മാറിയാൽ വീട്ടിലേക്കല്ലെ പോകുന്നത് അപ്പോൾ എല്ലാവരെയും കാണാം. ഡോക്ടറുടെ മറുപടി കേട്ടിട്ടും അയാളുടെ മുഖത്തു നിന്നും ഭീതിയുടെ നിഴൽപ്പാടുകൾ വിട്ടൊഴിഞ്ഞിട്ടില്ലായിരുന്നു.

" അയാളുടെ മുഖം കണ്ടപ്പോൾ അനുവിന്റെ മനസ്സിൽ സങ്കടക്കടൽ അലതല്ലാൻ തുടങ്ങി.ആ പകലു മുഴുവൻ അവളുടെ മനസ്സിൽ ആ മുത്തച്ഛനായിരുന്നു.രാത്രി വാർഡിലെത്തിയപ്പോഴും അയാളുടെ മുഖത്ത് ആ ഭീതി നിലനിന്നിരുന്നു.പെട്ടെന്ന് അയാൾ നന്നായ് ചുമക്കാൻ തുടങ്ങി കൂടെ ശ്വാസതടസ്സവും വൈകാതെ അത് സംഭവിച്ചു. ഒരായിരം ആഗ്രഹങ്ങൾ മനസ്സിൽ ബാക്കിയാക്കി ആ മുത്തച്ഛൻ ഈ ഭൂമിയെ വിട്ടു പിരിഞ്ഞിരുന്നു. അനുവിന് അത് അധികനേരം കണ്ടു നിൽക്കാനായില്ല. കൊറോണയാണ് ബാധിച്ച തെങ്കിലും ഹൃദയാഘാതം മൂലം മരിച്ച അയാളുടെ മുഖം അവളുടെ മനസ്സിൽ ഒരു നോവായ് നിറഞ്ഞു.എന്തോ ഒരു കുറ്റബോധവും

കുറച്ച് ദിവസങ്ങൾക്കു ശേഷം അവൾക്ക് ചെറിയ പനി തുടങ്ങി.കൂടെ ശ്വാസതടസ്സവും പരിശോധിച്ചപ്പോൾ കൊറോണ സ്ഥിതീകരിച്ചു. ആശുപത്രിയിൽ കിടക്കുമ്പോൾ അവളുടെ മനസ്സിൽ നിറയെ മഴ മേഘങ്ങൾ പോലെ സങ്കടങ്ങൾ നിറഞ്ഞിരുന്നു. മക്കളെക്കാണാൻ കൊതിയുണ്ടെങ്കിലും ആരെയും കാണേണ്ടായെന്ന് ദൃഢനിശ്ചയ മെടുത്തു.നിപ വൈറസുവന്നപ്പോൾ രോഗിയെ പരിചരിക്കുന്നതിനിടയിൽ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയ തന്റെ സഹപ്രവർത്തക ലിനിയെക്കുറിച്ചോർത്തപ്പോൾ എന്തോ മനസ്സിന് ധൈര്യം വന്നു. താൻ ചികിത്സിക്കുന്നതിനടയിൽ ഹൃദയാഘാതം മൂലം മരിച്ച മുത്തച്ഛൻ അനുഭവിച്ച അതേ വേദനയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്ന് അവൾ തിരിച്ചറിഞ്ഞു.

അന്ന് രാത്രി അവൾക്ക് തീരെ ഉറക്കം വന്നില്ല. ഇനിയൊരു പകലും കൂടി കാണാൻ തനിക്ക് ഭാഗ്യമുണ്ടാക്കുമോ എന്നറിയില്ല.

പക്ഷെ ഒന്നും സംഭവിച്ചില്ല. ആ പ്രഭാതം അവളെ വരവേറ്റി. പെട്ടെന്ന് അവളുടെ സഹപ്രവർത്തകയായ മിനി വന്നിട്ടു പറഞ്ഞു. " നിന്റെ പരിശോധന ഫലം വന്നു. നെഗറ്റീവാണ് " അതവൾക്ക് രണ്ടാം ജന്മമായിരുന്നു. സർക്കാരിനും ,നേഴ്സിനു മൊക്കെ നന്ദി പറഞ്ഞ് ആശുപത്രി വിടുമ്പോൾ പുറത്ത് നല്ല മഴയായിരുന്നു. എപ്പൊഴോ ഉള്ളിൽ നിറഞ്ഞ സങ്കടങ്ങളും മഴയായ് പെയ്യാൻ തുടങ്ങി.

ആർദ്ര ബിജോയ്
8 B ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
ആയിത്തരമമ്പറം

മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ