ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ മാവിനോടു സ്നേഹം

മാവിനോടു സ്നേഹം

അതിമനോഹരമായ ഒരു ഗ്രാമം . അങ്ങിങ്ങായി നിൽക്കുന്ന വീടുകൾ. തിങ്ങിനിറഞ്ഞു നിൽക്കുന്ന മരങ്ങൾ. മരങ്ങൾക്കിടയിലൂടെ ഒരു ചെറിയ ഇടവഴി. അതിലൂടെ ഞാൻ നടന്നു. അതിനുള്ളിൽ ചെന്നപ്പോൾ മനോഹരമായ ഗ്രാമീണത തുളുമ്പുന്ന ഒരു ചെറിയ പുരയിടം. തിങ്ങിനിൽക്കുന്ന മരങ്ങൾ, പ്ലാവുകൾ, ഔഷധച്ചെടികൾ, തെങ്ങുകൾ,നാരകം, ചേന, ചേമ്പ്, പഴങ്ങൾ, പച്ചക്കറികൾ ... അങ്ങനെ എല്ലാം . ഞാൻ അതൊക്കെ ചുറ്റിനടന്നു കണ്ടു. പെട്ടെന്ന് ഞാൻ ഒരു അണ്ണാനെ കണ്ടു. അത് എന്തോ കൊണ്ടോടുന്നത് പോലെ തോന്നി. ഞാൻ വീണ്ടും നടന്നു. അപ്പോൾ കണ്ട കാഴ്ച എന്നെ അതിശയിപ്പിച്ചു. വൃത്താകൃതിയിൽ കുറെ മാവുകൾ നട്ടിരിയ്ക്കുന്നു. ആരാണാവോ ഇത് നട്ടത്? ഇതും ഓർത്തു ഞാൻ തിരിഞ്ഞു നടക്കാൻ നേരം ഒരു ചെറിയ വീട് എനിയ്ക്കു കാണാനായി. ഓലകളും ചുടുകട്ടകളും തടിയും കൊണ്ട് നിർമ്മിച്ച വീട്. ഞാൻ അതിനടുത്തേയ്ക് നടന്നു. വാതിൽ അടഞ്ഞുകിടക്കുന്നു. പിന്നിൽനിന്നും മൃഗങ്ങളുടെ ശബ്ദം ഞാൻ കേട്ടു . ഞാൻ അങ്ങോട്ട് ചെന്നു. ഒരു ഫാം പോലെ താറാവുകളും കോഴികളും ആടുകളും പശുക്കളും ഓരോ ഇടത്തായി കിടക്കുന്നു. അവയുടെ കൂടെ കളിച്ചു നിൽക്കുമ്പോൾ വീടിനുള്ളിൽ നിന്നും ഒരാൾ വന്നു. എന്നെ കണ്ടയുടൻ ഉച്ചത്തിൽ ആരാണെന്നന്വേഷിച്ചു.

"ഞാൻ ഒരു യാത്രക്കാരൻ."

"എന്താ ഇവിടെ?"

"വെള്ളം കുടിയ്ക്കാൻ വന്നതാ. കുറച്ചു വെള്ളം തരാമോ?" ഞാൻ ഒരു കള്ളം പറഞ്ഞു.

"വരൂ.." അദ്ദേഹത്തിന്റെ മറുപടി .

"പുറത്തുള്ള മരങ്ങളൊക്കെ നിങ്ങൾ നട്ടതാണോ?"

"അതെ .”

"എന്തിനാ ഇത്രയധികം മരങ്ങൾ നട്ടുപിടിപ്പിച്ചത്?”

"അതൊരു വല്യ കഥയാ ..” അദ്ദേഹം പറഞ്ഞു തുടങ്ങി.

"ഞാൻ ജനിയ്ക്കുന്നതിനു മുൻപ് എന്റെ കുടുംബം വലിയ ദാരിദ്ര്യത്തിലായിരുന്നു. എന്റെ ജനനത്തോടെ ദാരിദ്ര്യം മാറുമെന്ന് കരുതി എന്റെ അച്ഛൻ ഒരു മാവിൻതൈ വീടിന്റെ മുറ്റത്തെ ഒരു കോണിൽ നട്ടുവളർത്തി. അതിൽ നിന്ന് മാമ്പഴം കിട്ടുമ്പോൾ എന്റെ കുടുംബത്തിന്റെ പട്ടിണി മാറും എന്നായിരുന്നു അച്ഛന്റെ ചിന്ത. അതെ. അച്ഛന്റെ ആശ പോലെ തന്നെ നടന്നു. പിന്നെ ആ മാവ് പടർന്നു പന്തലിച്ചു. അപ്പോൾ എനിയ്ക്കു ഒരു ആറു വയസ്സു പ്രായം. എന്റെ കളി പിന്നെ അതിലായി. ആ മാവ് ആയിരുന്നു വീടിന്റെ സ്വത്ത്.മാമ്പഴം വിറ്റത് വഴി കഴിയ്ക്കാൻ ആഹാരം, കിടക്കാൻ കിടക്ക എല്ലാം ഞങ്ങൾക്കുണ്ടായി. അങ്ങനെ കളിചിരികളുമായി നടക്കുമ്പോഴാണ് ആ വാർത്ത ഞാനറിഞ്ഞത്. ഞാൻ ഏറെ സ്നേഹിച്ച എന്റെ മാവ് മുറിയ്ക്കാൻ അച്ഛൻ തീരുമാനിച്ചു. എനിയ്ക്കു താങ്ങാൻ കഴിയുന്നതിലും അപ്പുറമായായിരുന്നു അത്. ഞാൻ അന്വേഷിച്ചു " എന്തിനാ അച്ഛാ, ഈ മാവ് മുറിയ്കുന്നേ ?”

"അതുണങ്ങി തുടങ്ങി. അത് മറിഞ്ഞു വീണു വീട് തകരാൻ സാധ്യതയുണ്ട്.

അതുകൊണ്ടാ മോനെ അത് മുറിയ്കുന്നത്.”

"ഇത്രയും നാൾ ഈ വീടിനെയും കുടുംബത്തെയും രക്ഷിച്ചത് ഇവനല്ലേ. നമ്മുടെ പട്ടിണി മാറ്റിയത് ഇവനല്ലേ അച്ഛൻ ഇത് മുറിയ്ക്കാൻ തന്നെ തീരുമാനിച്ചോ?” ഞാൻ ചോദിച്ചു അതൊന്നും കേൾക്കാതെ ആ മാവ് മുറിച്ചു. ഞാൻ ഏറെ വിഷമിച്ചു. അങ്ങനെയിരിയ്ക്ക എന്റെ അച്ഛനമ്മമാർ കിടപ്പിലായി. അവർ എന്റെ വല്യമ്മയുടെ വീട്ടിലേയ്ക്കു പോയി. ഒറ്റയ്ക്കായ ഞാൻ വീട്ടുജോലികൾക്ക്‌ പോയിത്തുടങ്ങി. ഞാൻ വളർന്നു വലുതായി. ഞാൻ ഇപ്പോഴും ഓർക്കുന്നു.. ഞാൻ അവസാനമായി ജോലി ചെയ്തത് ഒരു ചെട്ടിയാരുടെ വീട്ടിലായിരുന്നു. അവിടെ കുറെ വർഷങ്ങൾ ഞാൻ ജോലി ചെയ്തു. പ്രത്യുപകാരമായി ഒരു ചെറിയ പുരയിടം ചെട്ടിയാർ എനിയ്ക്കു നൽകി . അവിടെ ഞാൻ മാവുകൾ വൃത്താകൃതിയിലായി നട്ടു. പിന്നീട് ഓരോന്നായി മറ്റുള്ള മരങ്ങളും ചെടികളുമൊക്കെ നട്ടു. ബാക്കിയുള്ള സ്ഥലത്തായി ഒരു ഫാം ഉണ്ടാക്കി. പഴയ മാവിന്റെ ഓർമ്മയ്ക്കായി അതിന്റെ കുഞ്ഞുങ്ങളെന്ന പോലെ ആണ് ഞാനീ മാവുകളെ കാണുന്നത്." അദ്ദേഹം പറഞ്ഞു നിർത്തി.

ഞാൻ അവിടെ നിന്നിറങ്ങി. ഒരു കുഞ്ഞു താറാവ് എന്റെ കാലിൽ തൊട്ടുരുമ്മി . അതിനെ ഞാനെടുത്തു ഒന്ന് തടവിയ ശേഷം വിട്ടു. ഞാൻ പുറത്തേയ്ക്കു നടന്നു. ഈ വലിയ മനുഷ്യന്റെ കഥ ഇവിടെയുള്ള ഓരോ ചെടികൾക്കും മരങ്ങൾക്കും മൃഗങ്ങൾക്കും അറിയാം . ഞാൻ ഓരോന്ന് ആ ആലോചിച്ച ഇടവഴിയിലൂടെ നടന്നു.

അമിത് രാജ്.എം
6.B ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ