ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ

പ്രഭാത രശ്മികൾ ജനാലയിലൂടെഅരിച്ചിറങ്ങി അമ്മുവിന്റെ മുഖത്ത് ശോണിമ പടർത്തി. അവൾ കണ്ണുകൾ പതുക്കെ തുറന്നു,. നേരം ഒരുപാടായല്ലോ... അമ്മയുടെ വിളി ഒന്നും കേട്ടില്ലല്ലോ! ഓ !സ്കൂളിൽ പഠിത്തമില്ലാത്തതു കൊണ്ടായിരിക്കും അമ്മ വിളിക്കാഞ്ഞത്. ഹായ്! ഞങ്ങൾക്ക് പരീക്ഷയില്ലല്ലോ! അവൾക്ക് സന്തോഷം തോന്നി! അവൾ പുറത്തിറങ്ങി. അടുക്കളയിൽ അരി തിളച്ചു തൂവുന്നു. അടച്ചു വച്ചിരുന്ന ചായയുമെടുത്ത് അവൾ വരാന്തയിലേക്ക് ഇറങ്ങി. അമ്മ അവിടെ ഓലയും മടലും അടുക്കി വയ്ക്കുന്നു. ചിന്നൂട്ടി അമ്മയുടെ അടുത്തു തന്നിരുന്നു മണ്ണിലെന്തൊക്കെയോ കുത്തിവരയ്ക്കുന്നു. ഓ! നീയെഴുന്നേറ്റോ? പൊടിക്കുഞ്ഞ് എഴുന്നേറ്റ് കഴിഞ്ഞാലും നീ എഴുന്നേൽക്കില്ലല്ലോ?? "അച്ഛനെവിടെ അമ്മേ."? അമ്മു ചോദിച്ചു.


അച്ഛനിന്ന് നേരത്തേ പോയിമോളേ.കണ്ണൂരാണ് അച്ഛന് ജോലി. രണ്ട് ദിവസം കഴിഞ്ഞേ വരികയുള്ളൂ." ബീന പറഞ്ഞു. ചിന്നൂട്ടിയുടെ കളിയും വഴക്കുമൊക്കെയായി പകലങ്ങനെ കഴിഞ്ഞു. വിളക്കുവെച്ച് നാമം ജപിച്ചു കൊണ്ടിരുന്നപ്പോൾ വടക്കതിലെ രമയമ്മ അമ്മയോട് വിളിച്ചു പറയുന്നത് കേട്ടു - "ബിനേ നീ ആ ടി.വി ഒന്നു വെച്ചു നോക്കൂ: ...നമ്മളിനി പുറത്തേക്കിറങ്ങാൻ പാടില്ലാന്ന്..." "ങേ.. എന്തു പറ്റിചേച്ചി ?" നീ ടി.വി വെച്ചു നോക്കൂ.. ബീന വേഗം ടി.വി വെച്ചു.ടി വി യിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. അതിന്റെ മലയാളതർജ്ജിമ വശത്തായി എഴുതി കാണിക്കുന്നു.- രാജ്യം ലോക്ഡൗണിലേക്ക് !! ലോക് ഡൗണോ?


അതെന്താ? അമ്മുവും വേഗം ഓടി വന്നു. ആ വാർത്തയുടെ പൊരുൾ മനസ്സിലാക്കിയപ്പോഴേക്കും ബീനയുടെ മനസ്സിലൊരു കൊള്ളിയാൻ മിന്നി !! "മോളേ,... അച്ഛൻ!! അയ്യോ! അച്ഛൻ ഇനി എങ്ങനെ വരും ? ബീന ഓടി ഫോണെടുത്ത് രാജീവിനെ വിളിച്ചു.. "ഹലോ.... " രാജീവേട്ടാ... വാർത്ത കേട്ടോ? "കേട്ടു ബീനാ.. " "നിങ്ങൾ എങ്ങനെ തിരികെ വരും? എനിക്ക് പേടിയാകുന്നു".. "നീ സമാധാനിക്ക്.. എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കട്ടെ! കുഞ്ഞുങ്ങളെ പുറത്തേക്കൊന്നും വിടാതെ സൂക്ഷിച്ചു കൊള്ളണം. ഞാൻ പിന്നീട് വിളിക്കാം!! " "ശരി"... ബീന ഫോൺ വെച്ചു. ഒട്ടു നേരത്തെ മൗന നിമിഷങ്ങൾക്ക് ശേഷം എന്തൊക്കെയാണ് പ്രാർത്ഥനകളിലൂടെയും, ചിന്തകളിലൂടെയും കടന്നു പോയതെന്ന് വിവേചിക്കാനാവുന്നില്ല... മനസ്സിനെ ഒരു ഭീതി വലയം ചെയ്തിരിക്കുന്നു... അപ്പോൾ അമ്മു ഓർക്കുകയായിരുന്നു


കൊറോണ !" അതിഭീതിദമായി അതിന്റെ യാത്ര തുടരുകയാണല്ലോ! അങ്ങ് ചൈനയിൽ നിന്നും ഈ കൊച്ചു കേരളത്തിലേക്കും എത്തിക്കഴിഞ്ഞിരിക്കുന്നു,. എല്ലാം തികഞ്ഞവനെന്ന് അഹങ്കരിച്ചു നടന്ന മനുഷ്യനു മേൽ ഒരു സൂക്ഷ്മജീവിയുടെ വിജയം!! ലോകപോലീസായ അമേരിക്ക വരെ തോറ്റു പോയിരിക്കുന്നു അവനെതിരെ... ബഹിരാകാശത്ത് വരെ വിജയക്കൊടി പാറിച്ചു നിൽക്കുന്ന മനുഷ്യന് അതിനെ പ്രതിരോധിക്കാനുള്ള വാക്സിൻ കണ്ടു പിടിക്കാൻ കഴിയുന്നില്ലെന്ന്!! മനുഷ്യന്റെ നിസ്സഹായത വെളിപ്പെടുന്ന അവസരങ്ങൾ!! ഇതിനെ എങ്ങനെ നാം അതിജീവിക്കും ?ഒരേ ഒരു പ്രതിവിധി മാത്രേ ഉളളത്രേ! ഭരണകൂടം പറയുന്നത് അനുസരിക്കുക! സാമൂഹിക അകലം പാലിക്കുക! രാജീവിന് ഉടനെ വീട്ടിലേക്ക് തിരികെ വരാൻ പറ്റില്ലെന്ന് ഉറപ്പായി. പണിക്കുപോയ തൊഴിലാളികളെല്ലാം കൂടി ഒരു ലോഡ്ജിൽ പെട്ടു പോയി.ഉണ്ണാനും, ഉടുക്കാനുമില്ലാത്ത അവസ്ഥ. ആകെ ഒരു ദിവസത്തെ പണിക്കൂലി മാത്രമുണ്ട് കയ്യിൽ. വീട്ടിലെ സ്ഥിതിയും മറിച്ചല്ല. അന്നന്ന് കൊണ്ടുവന്ന് കഴിയുന്ന വീട്ടിൽ ഇനി എങ്ങനെ അന്നം പുലരും? കുഞ്ഞുങ്ങൾ പട്ടിണിയിലാവുമല്ലോ ദൈവമേ.,, ദൈവദൂതരെ പോലെ പോലീസുകാരും, അവിടത്തെ പഞ്ചായത്ത് അധികൃതരും ചേർന്ന് രാജീവിനും കൂട്ടർക്കും താമസ സൗകര്യം ഏർപ്പെടുത്തി കൊടുത്തു. അടുത്തുള്ള കമ്മ്യൂണിറ്റി കിച്ചനിൽ നിന്ന് ഭക്ഷണവുമെത്തിച്ചു കൊടുത്തു. എങ്കിലും വീട്ടുകാരെ ഓർത്ത് രാജീവിന്റെ മനസ്സ് തേങ്ങിക്കൊണ്ടിരുന്നു.. "എന്റെ കുഞ്ഞുങ്ങൾ "... ലോകമെങ്ങും.കോവിഡിന്റെ താണ്ഡവം തുടരുന്നു. എങ്ങു നിന്നും ഭീതിപ്പെടുത്തുന്ന വാർത്തകൾ മാത്രം! ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവനു വേണ്ടി പോരാടുന്ന ആരോഗ്യ പ്രവർത്തകർ, ഇവരുടെയെല്ലാം മുകളിലായി ആത്മാർപ്പണത്തോടെ കേരളത്തിന്റെ സ്വന്തം ടീച്ചറമ്മ, ഒപ്പമല്ല മുന്നിൽ തന്നെയുണ്ടെന്ന് പറഞ്ഞ് നമ്മുടെ സ്വന്തം സർക്കാർ, ഊണും ഉറക്കവും ഉപേക്ഷിച്ച് ജനങ്ങളെ നിയന്ത്രിക്കാൻ യത്നിക്കുന്ന പോലീസുകാർ ! ഇവരെല്ലാം കൂടി നമ്മുടെ കേരളത്തെ സംരക്ഷിക്കുമെന്ന ഉറപ്പ് ജനങ്ങളുടെ മനസ്സിലുണ്ടായിരുന്നു. ബീനയ്ക്കും മക്കൾക്കുമുളള ഭക്ഷണം കമ്യൂണിറ്റി കിച്ചൺ വഴി ലഭ്യമായിരുന്നു. ബീനയ്ക്ക് മാത്രമല്ല ഇതുപോലെ അനേകംപാവങ്ങൾക്ക് തുണയായി സൗജന്യ റേഷനും, എന്നാൽ ഇതൊന്നും തിരക്കാൻ മിനക്കെടാതെ ലോക് ഡൗൺ ആഘോഷിക്കുന്ന ഒരു കൂട്ടം ആൾക്കാരുമുണ്ടായിരുന്നു. പോലീസുകാരെ പോലും വകവയ്ക്കാതെ സൂപ്പർ മാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങിക്കൂട്ടി ദിവസവും പാചക പരീക്ഷണങ്ങൾ നടത്തി തിന്നു കുടിച്ചു അർമാദിക്കുന്നവർ! ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പകർത്തുന്നവർ!അവരാണ് യഥാർത്ഥ വൈറസുകൾ!!


ഇതിന്നിടയ്ക്കാണ് രാജീവ് ജോലി ചെയ്തിരുന്ന വീട്ടിലെ ഗൾഫ് കാരന് കോ വിഡ് സ്ഥിരീകരിച്ചത്. അയാൾ വേണ്ട മുൻകരുതലുകളെടുക്കാതെ എല്ലാവരുമായും അടുത്തിടപഴകിയിരുന്നു.അവരേവരും ഭീതിയുടെ മുൾമുനയിലായി. എല്ലാവരെയും നിരീക്ഷണത്തിലാക്കി.ബീനയുടേയും മക്കളുടേയും പ്രാർത്ഥന ഫലിച്ചില്ല ..രാജീവിനും കൂടെയുള്ള രണ്ട് പേർക്കും പരിസരത്തുള്ള ഒട്ടനവധി പേർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. അവിടെ ജില്ലാ ആശുപത്രിയിൽ കോവിഡ് ബ്ലോക്കിൽ അഡ്മിറ്റാക്കി. അന്യജില്ലയിൽ രോഗബാധിതനായി ആരെയും കാണാൻ പോലും കഴിയാതെ കിടക്കുന്ന രാജീവിനെ ഓർത്ത് ആ കൊച്ചു കുടുംബം കണ്ണീർ വാർത്തു. ഒരു നാട് ഒന്നടങ്കം ആ കുടുംബത്തിന് തണലായി നിന്നു.അമ്മുവിന്റെ സ്കൂളിലെ ഹെഡ്മാസ്റ്ററും ,അധ്യാപകരും, പി.ടി.എ പ്രതിനിധികളും ചേർന്ന് ആ കുടുംബത്തിന് വേണ്ട എല്ലാ അവശ്യവസ്തുക്കളും എത്തിച്ചു കൊടുത്തു. അവരെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു. രാജീവിനേയും ,മറ്റു രോഗികളേയും സ്വന്തം സഹോദരങ്ങളെ പോലെ കണ്ട് അവിടത്തെ ഡോക്ടർമാരും നേഴ്സുമാരും കൂടെ നിന്ന് ശുശ്രൂഷിച്ചു.


പതിനൊന്നാമത്തെ ദിവസം രോഗമുക്തി നേടിയ രാജീവിനെ ആരോഗ്യ വകുപ്പിന്റെ വാഹനത്തിൽ തന്നെ സ്വന്തം വീട്ടിലെത്തിച്ചു. ബീനയ്ക്കും ,മക്കൾക്കും രാജീവിനെ കണ്ടപ്പോൾ സന്തോഷം നിയന്ത്രിക്കാനായില്ല! ആനന്ദാശ്രുക്കൾ അവരുടെ കണ്ണിൽ നിന്ന് ഇടതടവില്ലാതെ പൊഴിഞ്ഞുകൊണ്ടിരുന്നു. രാജീവ് മാത്രമല്ല ഇതുപോലെ ധാരാളം ജീവനുകൾ നമ്മുടെ കൊച്ചു കേരളത്തിൽ കോവിഡിനെ അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു. അവരുടെയെല്ലാം മനസ്സിൽ ദൈവത്തിന്റെ പ്രതിരൂപങ്ങളായി തെളിഞ്ഞത് അവരെ ചികിത്സിച്ച ഡോക്ടർമാരും, മാലാഖമാരായ നേഴ്സുമാരും, അവരെയെല്ലാം നയിക്കുന്ന നമ്മുടെ ടീച്ചറമ്മയായ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും, എല്ലായിടവും തന്റെ സവിശേഷ ശ്രദ്ധ പതിപ്പിക്കുന്ന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും, ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുന്ന പോലീസുകാരുമായിരുന്നു!!

വൈഷ്ണവി സുരേഷ്
6 B ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ