ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/കോവിഡ് -19 ലോക്ക് ഡൗണും സാമൂഹിക പ്രതിബദ്ധതയും

17:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19 ലോക്ക് ഡൗണും സാമൂഹിക പ്രതിബദ്ധതയും

മോനേ പഠിക്കെടാ.... മോനേ വെയിലത്തിറങ്ങി പോകാതെടാ...… ഈ പറച്ചിലുകൾ ഒക്കെ വീട്ടിൽ നിന്നും കേട്ടിട്ട് ഒന്നര മാസത്തിനു മേലാകുന്നു. ഇതിന് കാരണക്കാരനായവന്റെ പേരിനൊരു മാസ്സ് സിനിമ പേരിന്റെ ചേലുണ്ട്...കോവിഡ് 19. ഏകദേശം ഇരുന്നോറോളം രാജ്യങ്ങളിൽ ഒരേ സമയം റിലീസ് ആയ സിനിമ പോലെ 2020 ജനുവരി 11 ന് ആദ്യ മരണം ചൈനയിൽ റിപ്പോർട്ട്‌ ചെയ്ത് തുടങ്ങിയ കോവിഡ്, മെയ് മൂന്നാം തീയതിയിൽ എത്തി നിൽക്കുമ്പോൾ 2, 44, 500 മരണം ലോകമെമ്പാടും സൃഷ്ടിച്ചു ഒരു ബോക്സ്‌ ഓഫീസ് ഹിറ്റ്‌ ആയി, കൊടും ഭീകര രൂപമെടു ത്തു നിൽക്കുകയാണ്. അവനെ സൂക്ഷിക്കണം... രാജ്യങ്ങൾ ഒന്നൊന്നായി സ്വയം കർഫ്യൂ പ്രഖ്യാപിച്ചു ആളുകൾ വീടുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി. ഇന്ത്യയിലും മാർച്ച്‌ 22/25 മുതൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു എല്ലാവരും വീടുകളിൽ ഒതുങ്ങി. അവശ്യ മേഖലകളിൽ ഒഴികെ എല്ലാ വാണിജ്യ, വ്യവസായ, ഗതാഗത, തൊഴിൽ മേഖലകളും സ്തംഭിച്ചു. മെല്ലെ നാം ഒരേ ശീലങ്ങളിലേക്ക് നീങ്ങിത്തുടങ്ങി... സാമൂഹിക അകലം പാലിക്കൽ, കൈ കഴുകൽ, മുഖാവരണം ധരിക്കൽ അങ്ങനെ പലതും.

ചൈനയിൽ വുഹാൻ എന്ന സ്ഥലത്തെ ഒരു മാംസ മാർക്കറ്റിൽ നിന്നാണ് ഈ അസുഖത്തി ന് കാരണമായ വൈറസ് ബാധ തുടങ്ങിയതെന്നാണ് അറിയുന്നത്. പാറ്റ മുതൽ പട്ടിയും പാമ്പും എന്തും ആഹാരമാക്കുന്നവരാണ് അന്നാട്ടുകാർ. ഏതോ തരം വവ്വാലിൽ നിന്നാണ് ഇതു മനുഷ്യരിലേക്ക് പകർന്നത് എന്നാണ് ഇതു വരെയുള്ള നിഗമനം. പ്രകൃതിയിലുള്ള ഏതു ജീവിയെയും മനുഷ്യന് ആഹാരമാക്കിമാറ്റാം എന്ന ചിന്തക്ക് ഏക തിരിച്ചടി ആയി ഇതിനെ കണ്ടേ മതിയാകൂ.... പ്രകൃതിയോട് ഇണങ്ങി അവിടുത്തെ മറ്റു ജീവികൾക്കൊപ്പമുള്ള ഒരു സ്ഥാനം മാത്രമേ മനുഷ്യനുള്ളൂ എന്നും, കൊട്ടാരം പോലത്തെ വീട്, പണത്തിന്റെ വലുപ്പം, ആഡംബര ജീവിതം ഒന്നും തന്നെ നമ്മുടെ ജീവനോളം വലുതല്ല എന്നും ഉള്ള ചിന്ത നാം വളർത്തിയെടുത്തേ മതിയാകൂ.

കോവിഡ് 19 എന്ന മാരകമായതും അതിവേഗം പടർന്നു പിടിക്കുന്നതുമായ വൈറസ്സിനെ ചെറുത്തു തോൽപ്പിക്കുന്നതിന് നമ്മുടെ സർക്കാരും ആ നിർദേശപ്രകാരം പ്രവർത്തനം നടത്തുന്ന ബഹുമാനമുള്ള ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, നഴ്സ്മാർ, ആശപ്രവർത്തകർ, ശുചീകരണ പ്രവർത്തകർ. പോലീസ് സേന, ആംബുലൻസ് ജോലിക്കാർ തുടങ്ങിയവർ.... നമുക്ക് രോഗം പകരാതിരിക്കാൻ വേണ്ടി നമ്മളെ സംരക്ഷണം തന്നു വീട്ടിലിരുത്തി.. അവർ സ്വന്തം കാര്യങ്ങൾ മാറ്റി വച്ച് പുറത്തിറങ്ങി ചെയ്യുന്ന സേവനം കണ്ടും കേട്ടും മനസ്സിലാക്കുമ്പോൾ ആ പ്രിയപ്പെട്ടവർക്ക്‌ മുമ്പിൽ കൈ കൂപ്പുന്നു. ഈ സേവനം, ഈ കരുതൽ ഇവ ഓർക്കുമ്പോൾ അമ്മ മുൻപ് പറഞ്ഞു തന്ന ഒരു കഥ ഓർമ വരുന്നു. കാട്ടു തീയിൽ പെട്ട ഒരു പക്ഷി കുടുംബത്തിന്റെ... കാട്ടിൽ ഒരു മരത്തിൽ 'ജരിത' എന്ന് പേരുള്ള അമ്മ പക്ഷിയും കുട്ടികളുമായി കൂടു കെട്ടി താമസിച്ചു വരവേ കാട്ടുതീ പടർന്ന പ്പോൾ, താൻ കാട്ടുതീയിൽ പെട്ടാലും സാരമില്ല, മക്കളെ നിങ്ങൾ രക്ഷപെട്ടോളൂ എന്നു കരഞ്ഞു പറഞ്ഞ അമ്മ പക്ഷിയെ ഓർത്തു പോകുന്നു. ഈ അവസരത്തിൽ ആരോഗ്യ മേഖലയിലെ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും സർക്കാരിനോട്‌ ചേർന്ന് നിന്ന് ആ നിർദേശങ്ങൾക്കനുസ്സരിച്ചു പ്രവർത്തിക്കാൻ വിദ്യാർത്ഥികൾക്ക് കഴിയും. കൂടാതെ ഈ 'ബാധ 'മാറാൻ ചിലർ കാണിക്കുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങക്കും എതിരെ തങ്ങളാൽ ആവും വിധം പ്രതികരിക്കാൻ നമുക്ക് കഴിയും.

ഈ കോവിഡ് കാലത്തെ ലോക്ക്ഡൗൺ ജീവിതം നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ ഭാവി ജീവിതത്തിനു ഉതകുന്നതായിരിക്കും.

(1) പ്രകൃതിയോട് ഇണങ്ങി ജീവിക്കുക: അന്യ ജില്ലകളിലേക്ക് പോലും സഞ്ചാരസ്വാതന്ത്ര്യം ഇല്ലാത്തപ്പോൾ നാം സ്വയം പര്യാപ്തത നേടുന്നതിന്റെ ആവശ്യം മനസ്സിലാക്കി സമയം കണ്ടെത്തി കഴിയുന്ന രീതിയിൽ കൃഷി ചെയ്യാം. (2) അനാവശ്യ യാത്രകൾ ഒഴിവാക്കാം: ഈ കാലയളവിൽ നമുക്ക് മനസിലായി, എന്തൊക്കെ യാത്രകൾ ഒഴിവാക്കണം എന്ന്. ഒന്നോർത്തു നോക്കിയേ പ്രകൃതി എത്ര വൃത്തിയുള്ള തായി. അന്തരീക്ഷ മലിനീകരണം വൻ തോതിൽ കുറഞ്ഞു. ഓസോൺ പാളിയിലുള്ള വിള്ളൽ പോലും കുറഞ്ഞു. (3) ആഡംബരം, ധൂർത്ത് എന്നിവ ഒഴിവാക്കാവുന്നതാണ്.. കല്യാണം, മരണം എന്നിവയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളിലെ ധൂർത്തിന് ഒരു അർത്ഥവുമില്ലെന്ന് നമുക്ക് ബോധ്യമായി. (4)ഇപ്പോൾ ലോകം മുഴുവനും നേരിടുന്ന വലിയ പ്രതിസന്ധി ആണ് തൊഴിൽ നഷ്ടവും അതു മൂലമുള്ള വരുമാന നഷ്ടവും. ഭാവിയിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി സമ്പാദ്യശീലം വളർത്തുക എന്നുള്ളത് മുറുകെ പിടിക്കുക. പ്രളയവും കൊടുംകാറ്റും മഹാമാരിയും എപ്പോൾ വേണമെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥികളായി വിരുന്നു വരാം. (5) ഇപ്പോൾ അടഞ്ഞു കിടക്കുന്ന ആരാധനാലയങ്ങൾ മാത്രമേ നമുക്ക് കാണാൻ സാധിക്കുന്നുള്ളൂ. മഹാമാരികൾക്കും ദുരിതങ്ങൾക്കും ജാതി മത വ്യത്യാസങ്ങൾ ഇല്ലെന്ന് നാം പഠിക്കുകയാണ്.

ഈ പറഞ്ഞതെല്ലാം മനസ്സിലാക്കി സർക്കാരിന്റെ നിർദേശങ്ങൾക്കനുസ്സരിച്ചു സാമൂഹിക ബോധവൽക്കരണ പ്രവർത്തനങ്ങളിൽ നാം പങ്കാളികളാകണം. കേവലം ജോലി സമ്പാദനം എന്ന ലക്ഷ്യത്തിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളാകണം നാം. ലോക സമാധാനവും സാമൂഹിക സേവനവും എല്ലാം മുഖമുദ്ര ആക്കി ഉള്ള ഒരു വിദ്യാർത്ഥി സമൂഹമാണ് രാഷ്ട്രത്തിന്റെ ഭാവി സമ്പത്ത്.

ജീവൻ ജി. നാഥ്
10 A ജി.ബി.വി.എച്ച്.എസ്സ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം