വൈറസ്
കഴിഞ്ഞ വർഷം കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഒരു മഹാമാരിയെന്ന് വിശേഷിപ്പിക്കാവുന്ന നിപ്പയെ ആസ് പദമാക്കി ആഷിക്ക് അബു ഒരുക്കിയ മലയാള ചലച്ചിത്രമാണ് വൈറസ്. വൈറസ് എന്ന ഈ സിനിമ തികച്ചും വലിയ ഒരു പോരാട്ടത്തിന്റെ ഫലമാണ്. നിപ്പയിലൂടെ സംഭവിച്ചതെന്ത് എന്നതിനെക്കുറിച്ച് വ്യക്തതയുള്ള ഈ കേരള ജനതയ്ക്കു മുന്നിൽ ഇത്തരമൊരു കഥയെ ത്രില്ലിംങ് ആയി അവതരിപ്പിക്കുക എന്നത് ഏതൊരു സംവിധായകനും കടുത്ത വെല്ലുവിളിയാണ്. ഈ വെല്ലുവിളി ഏറ്റെടുത്താണ് ആഷിക്ക് അബു തന്റെ ഈ സിനിമയെ സൃഷ്ടിച്ചത്.
ഭയം, പോരാട്ടം, അതിജീവനം എന്നീ മൂന്നു വാക്കുകളിലൂടെയാണ് സംവിധായകൻ സിനിമയുടെ കഥയെ അവതരിപ്പിച്ചിരിക്കുന്നത്. ഈ മൂന്നു ഘട്ടങ്ങളിലൂടെ തന്നെയാണ് സിനിമ കടന്നു പോകുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് കേരളത്തെ പിടിച്ചുലച്ച മഹാമാരിയിലേക്ക് പടർന്നു കയറുകയാണ് ക്യാമറ. പിന്നെ പോരാട്ടത്തിന്റെ നാളുകൾ. ഭരണകൂടവും ആരോഗ്യസംവിധാനങ്ങളും ജനസമൂഹവും ഒത്തുചേർന്ന് ജീവൻ മറന്നുള്ള പോരാട്ടത്തിന്റെ ഒടുവിൽ അതിജീവനത്തിന്റെ ഒരു വലിയ പുതിയൊരു മാതൃക സൃഷ്ടിച്ചു കൊണ്ടാണ് സിനിമ ചരിത്രത്തിൽ ഇടം നേടിയത്. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ ആവുന്ന രീതിയിലാണ് ആഷിക്ക് അബു ചിത്രത്തെ ആറ്റിക്കുറുക്കി എടുത്തിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവ് മുഹസിൻ പെരാരിയും കൂടാതെ ഷറഫു, സുഹാസ് എന്നിവരുടെ തിരക്കഥ വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല. ഈ സിനിമ നിപ്പയ്ക്ക് എതിരെ പോരാടിയ ഓരോരുത്തർക്കുമുള്ള ആദരവാണ്. എന്നാൽ അതിനൊക്കെ അപ്പുറത്ത് മനുഷ്യരായിക്കാണാൻ കൂടി ഈ സിനിമ പഠിപ്പിക്കുന്നു. ഈ സിനിമയിൽ നായകന്മാരോ നായികമാരോ ഇല്ല. മോർച്ചറിയിലെ ജോലിക്കാർ വരെ ഒരുമനസ്സോടെ പ്രവർത്തിക്കുന്നതിന്റെ കൂടി നേർക്കാഴ്ചയാണ് ഈ സിനിമ.
ഈ സിനിമയിലെ ഹൈലൈറ്റ് എന്നത് ഇതിലെ അഭിനേതാക്കൾ തന്നെയാണ്. ഓരോ കഥാപാത്രത്തിനും യോജിച്ചവരെ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയായി എത്തിയ രേവതി , നിപ്പ രോഗിയെ ചികിത്സിക്കവെ രോഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയായി റീമ കല്ലിങ്കൽ , ഡോ.അനുവായി എത്തിയ പാർവ്വതി തിരുവോത്ത് , രോഗം പിടിപെട്ട മെഡിക്കൽ വിദ്യാർത്ഥിനിയായി മഡോണ സെബാസ്റ്റ്യൻ , ജില്ലാ കളക്ടറുടെ വേഷത്തിൽ ടൊവിനോ തോമസ് , ആരോഗ്യവകുപ്പ് ഡയറക്ടറുടെ വേഷത്തിൽ പൂർണ്ണിമ ഇന്ദ്രജിത്ത് , വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടറായെത്തിയ കുഞ്ചാക്കോ ബോബൻ എന്നിവരെല്ലാം തന്നെ തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി. സിനിമയുടെ രണ്ടാം പകുതിയിൽ നിപ്പ രോഗിയായി എത്തി പ്രേക്ഷകരെ അമ്പരിപ്പിച്ച സൗബിൻ ഷാഹിറും മികച്ച പ്രകടനമാണ് നടത്തുന്നത്. റഹ്മാൻ, ഇന്ദ്രജിത്ത്, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ശ്രീനാഥ് ഭാസി, ആസിഫ് അലി, സുധീഷ്, ബേസിൽ ജോസഫ്, സെന്തിൽ കൃഷ്ണ, ദിലീഷ് പോത്തൻ, സജിത മഠത്തിൽ, ലിയോണ ലിഷോയ് എന്നു വേണ്ട ചെറുതും വലുതുമായി വലിയൊരു താരനിര തന്നെ വന്നു പോകുന്നുണ്ട് സിനിമയിൽ.
രാജീവ് രവിയുടെ ക്യാമറ മികച്ചു നിൽക്കുന്നു. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ഇണങ്ങുന്നതായി. നാം ഓരോരുത്തരും വൈറസ് സിനിമ കാണേണ്ടതാണ്. മനുഷ്യന്റെ അതിജീവനത്തിന്റെ കഥ. പൊതുജനാരോഗ്യമെന്നത് സർവ്വ ജീവജാലങ്ങളെയും പ്രകൃതിയേയും സംരക്ഷിക്കുന്ന ഏകാരോഗ്യം എന്ന സങ്കല്പത്തിലായിരിക്കണമെന്ന വലിയ സന്ദേശം നാം ഏവരും മനസ്സിലാക്കണം. സക്കറിയ പ്രത്യക്ഷപ്പെടുന്ന മനോഹരമായ അവസാന രംഗം പറയുന്നതും ഭൂമിയുടെ നിരവധിയായ അവകാശികളെക്കുറിച്ചാണ്. നിപ്പയെപ്പോലെ തന്നെ ലോകമെമ്പാടുമുള്ള മനുഷ്യരാശി ഇപ്പോൾ മറ്റൊരു മഹാമാരിയായ കൊറോണ വൈറസിനെതിരെ പോരാടുകയാണ്. കോവിഡ് -19 നെതിരെ നമുക്ക് പോരാടാം.
"അതിജീവിക്കാം....വിജയിക്കാം”....
“Break The Chain”
കൃഷ്ണവേണി.പി
|
5 എ ഗവ.യു.പി.എസ് , ചുനക്കര മാവേലിക്കര ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 സിനിമാസ്വാദനക്കുറിപ്പ്
|
|