ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/തോമാച്ചൻ ഫ്രം അമേരിക്ക

16:56, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോമാച്ചൻ ഫ്രം അമേരിക്ക

ചാക്കോച്ചൻ ഉമ്മറത്തിരുന്ന് പത്രം വായിച്ച് കൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്ന് ചാക്കോച്ചന്റെ കണ്ണുകൾ ഒരു വാർത്തയിലുടക്കി. കൊറോണ ,അമേരിക്കയിൽ മരണം കൂടുന്നു.
" എന്റെ കർത്താവേ " ചാക്കോച്ചൻ തന്റെ അളിയൻ തോമായെ കുറിച്ചോർത്തു. അവൻ കേരളം വിട് അമേരിക്കയിലോട്ട് സെറ്റിലായിട്ട് 4 വർഷം കഴിഞ്ഞു. ഇന്നേവരെ തിരിഞ്ഞ് നോക്കായിട്ട് പോലുമില്ല. ആ ചിന്തക്കിടയിലാണ് ചാക്കോച്ചന്റെ കീശയിൽ നിന്ന് ഒരു സംഗീതം പുറപ്പെട്ടത്.
'ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവ '
പാട്ടുമുഴുമപ്പിക്കുന്നതിന് മുമ്പ് ചാക്കോച്ചൻ തന്റെ കീശയിൽ നിന്നും ന്യൂ ജെൻ കട്ടപ്പെട്ടിയെടുത്ത് ഒന്ന് തോണ്ടി ചെവിയിൽ വെച്ചു. "ഹലോ', ആരാ?"
തന്റെ സാധാരണ ശൈലിയിൽ നീട്ടി ചോദിച്ചു.ഉടൻ മറുപടി വന്നു."ഇത് അമേരിക്കേന്ന് ഷാരണാണ് ,അങ്കിൾ." "ഏതാ കുഞ്ഞെ നീ? "
"തോമാന്റെ മൂത്തോനാ"
"തോമായെക്കാൾ മുത്ത വേറെയില്ലല്ലോ?"
"അല്ലമ്മാവാ ഞാൻ തോമായുടെ മൂത്ത മകനാണ്. "
സംഭാഷണങ്ങൾ അങ്ങനെ നീണ്ടു കൊണ്ടിരുന്നു. ഒടുവിൽ അത് അവസാനിച്ചപ്പോൾ പ്രഭാത പ്രാർത്ഥനയിലായിരുന്ന ശോശാമ്മ ഉറക്കെ ചോദിച്ചു, "ആരാർന്നു ഫോണില് ?, എന്നാ വിശേഷം?"
"നമ്മടെ തോമ്മായുടെ മോനാ. അവന്റപ്പൻ തോമ്മായ്ക്ക് കൊറോണ് ണ്ട് പോലും."
ചാക്കോച്ചൻ പറഞ്ഞു .പതിവ് പോലെ ആദിവസവും വീട്ടിനുള്ളിൽ തന്നെ തള്ളി നീക്കി.പിറ്റേന്ന് പത്രവാർത്തയ്ക്ക് ശേഷം മൊബൈൽ ഫോൺ നോക്കിയ ചാക്കോച്ചൻ ഞെട്ടി. അതാ പുഞ്ചിരി തൂകിക്കൊണ്ട് ഒരു ഫ്രെയിമിനുള്ളിൽ പൂമാലയുമിട്ട് നിൽക്കുന്ന തോമായ്. തൊട്ടടിയിലൊരെഴുത്ത് 'ആദരാഞ്ജലികൾ '.
ഒരു നിമിഷം ചാക്കോ തോമായെക്കുറിച്ചോർത്ത് സെന്റിമെന്റലായി. ഉച്ചയൂണിനിടെ ചാക്കോച്ചന്റെ മൊബൈലിലൊരു മെസേജ് ,' അതിലിങ്ങനെ എഴുതിയിരുന്നു."പ്രായമായതിനാൽ മതിയായ ചികിത്സ ലഭിക്കാത്തതാണ് എന്റെ അപ്പന്റെ മരണകാരണം." ചാക്കോച്ചൻ ഓർത്തു, തന്റെ അമ്മ മറിയക്കുട്ടി വരെ കൊറോണയിൽ നിന്ന് രക്ഷപ്പെട്ടു.അതും 90 വയസ്സ് കഴിഞ്ഞിട്ടും.പിന്നെന്താ 65 വയസായ തോമായ് പണക്കാരനായിട്ടും അമേരിക്കേന്ന് കൊറോണ ബാധിച്ച് മരിച്ചത്?"ശ്ശെടാ ഇപ്പോ അവനിവിടായിരുന്നെങ്കിൽ അങ്ങനെ മരിക്കില്ലായിരുന്നു."

ഡോൺ ഫ്രാൻ
9B ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ