വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ/അക്ഷരവൃക്ഷം/വിശക്കുന്ന നഗരം

18:36, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


വിശക്കുന്ന നഗരം


അന്നത്തെ രാത്രി നഗരവീഥികളെല്ലാം വിജനമായിരുന്നു. ഇടയ്ക്ക് കേൾക്കാനാവുന്ന വാഹനശബ്ദങ്ങൾ.ആളനക്കങ്ങൾ ഒരുവിധം ഒതുങ്ങിയിട്ടുണ്ട്. തെരുവുനായ്ക്കൾ അപ്പോഴും കടിപിടികൂടുകയും ഓരിയിടുകയും ചെയ്തു കൊണ്ടിരുന്നു. അതിനിടെ പെട്ടെന്ന് ഒരു സൈറൺ മുഴക്കം!


ആ സൈറനോടൊപ്പം നായ്ക്കളുടെ ഓരിയും കൂടിച്ചേർന്ന് വല്ലാത്തൊരു ഭീകരതയായി തീർന്നു.ആ ശബ്ദകോലാഹലത്തിൽ നിന്ന് ഒരു ഓരി മാത്രം നിലച്ചു. നഗരവാസികൾ ഉണർന്ന് ബഹളം വെക്കാൻ തുടങ്ങി. അവരുടെ ഫ്ലാറ്റുകൾ വെളിച്ചം തെളിഞ്ഞു. നഗരത്തിലെ പുരാതന ബാങ്കിൽ ഏതോ കവർച്ചക്കാർ കയറിയതാവാം ഇങ്ങനെയൊരു സൈറൻ മുഴക്കം എന്ന് തീർച്ചപ്പെടുത്താം.


പിറ്റേന്ന് പുലരുന്നത് തലേദിവസത്തെ സംഭവങ്ങളുടെ ഒരുപാട് വാർത്തകളു മായാ യിരുന്നു. പക്ഷേ നഗരജീവിതം എന്നും എല്ലാം മാറുകയാണ്. വീണ്ടും പ്രത്യാശയുടേയും നന്മകളുടെയുമായി ഒരു പുതുദിനം തുടങ്ങുകയാണ്.


നഗരവാസികളെല്ലാം അവരവരുടെ സ്വകാര്യതകളുമായി കെട്ടിടസമുച്ചയങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത് ജോലി സ്ഥലങ്ങളിലേക്കോ, പാർക്കിലേക്കോ, ഹോട്ടലുകളിലേക്കോ, മറ്റു വിനോദങ്ങൾക്കോ വേണ്ടിയായിരുന്നു. വീട്ടിലെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കില്ല, പുറത്തുനിന്നു വരുത്തുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. ഫാസ്റ്റ് ഫുഡ് മാത്രമേ പറ്റൂ എന്ന് തീർച്ചയാക്കിയ കുടുംബങ്ങളാണ് അധികവും. അത്തരത്തിലുള്ള ഒരു വീടാണ് ബാങ്ക് ജീവനക്കാരായ ഗോപുവിന്റെതും അയാളുടെ ഭാര്യ സീമ, ഏകമകൾ ശ്രേയയും. ശ്രേയ ഒരു പ്ലസ് ടു വിദ്യാർഥിനിയാണ്.ഗോപു ഒരു ബാങ്ക് ജോലിക്കാരൻ എന്നതിനുമപ്പുറം ഗാന്ധി മാർഗ്ഗങ്ങളും കുറച്ച് സാംസ്കാരിക പ്രവർത്തനങ്ങളും ഒക്കെയായി കഴിഞ്ഞുകൂടുന്ന ഒരു ശരാശരി മനുഷ്യൻ മാത്രമായിരുന്നു. തനി ഗ്രാമീണനായ അയാൾക്ക് ജോലി കിട്ടിയപ്പോൾ ഈ നഗരത്തിലെ ജീവിതത്തോട് പൊരുത്തപ്പെട്ട് പോകാൻ പാടുപെടുകയാണ് അയാൾ.


തന്നെക്കാൾ സാമ്പത്തികമായി മെച്ചപ്പെട്ട ഒരു കുടുംബത്തിലെ ഏക മകളായിരുന്നു സീമ എന്ന തന്റെ ജീവിതസഖി. നഗരജീവിതത്തോട് ചേർന്ന് ജീവിക്കാൻ എപ്പോഴും ഉത്സാഹപ്പെട്ടിരുന്ന അവൾ ഏക മകൾ ശ്രേയയെ കൂടി തന്റെ ചിറകിനുള്ളിൽ ഒതുക്കി നിർത്താൻ എപ്പോഴും വ്യഗ്രത കാണിച്ചു പോന്നു.


ഗോപുവിന്റെ ജോലിയും അതിൽനിന്ന് കിട്ടുന്ന വരുമാനത്തിലും മാത്രം കണ്ണുനട്ട് കഴിയുന്ന സീമയ്ക്ക് ഫാഷൻ ലോകവും ധൂർത്ത ജീവിതവും എന്നും ഒരു ഹരമായിരുന്നു.


പതിവുപോലെ അന്നും ഗോപു ജോലിക്ക് പോയി. പകൽ സമയത്ത് പലപ്പോഴും സീമയും ശ്രേയയും അയാളെ ഫോണിൽ വിളിക്കും. പലപ്പോഴും എന്തെങ്കിലും ആവശ്യപ്പെട്ടായിരിക്കും. അന്ന് വൈകിട്ട് അവർക്ക് മസാലദോശ ആണ് പാർസൽ ആയി വേണ്ടിയിരുന്നത്. അയാൾ ഒരു ഹോട്ടലിൽ കയറി ഒരു ചായ കുടിച്ച് മസാലദോശ പാർസലും വാങ്ങിച്ചു മടങ്ങി ബസ്റ്റോപ്പിൽ നിൽക്കുകയാണ്. ബസ്റ്റോപ്പിനടുത്ത് മാലിന്യക്കൂമ്പാരത്തിനടുത്ത് തെരുവുനായ്ക്കൊപ്പം വിശപ്പകറ്റാനായി കാത്തിരിക്കുന്ന ഒരാൺകുട്ടി. അനേകദിവസത്തെ പട്ടിണിയുടെ ക്ലേശം അവന്റെ മുഖത്ത് നിഴലിച്ചിരുന്നു.ഏകദേശം ഒൻപതോ പത്തോ വയസ്സുണ്ടാകും അവന് എന്നയാൾ തീർച്ചപ്പെടുത്തി. അയാൾ അവൻറെ അരികിലേക്ക് നടന്നുചെന്നു. അവൻറെ തോളത്ത് കൈ വെച്ചു. ദീനദയാല് അവൻറെ മുഖത്തേക്ക് നോക്കി ഒരു നിമിഷം നിന്നു. എന്നിട്ട് അവന്റെ കയ്യിലേക്ക് മസാലദോശയുടെ പൊതി വെച്ചുകൊടുത്തു. ഒരു ചെറുചിരിയോടു കൂടി അവൻ അത് വാങ്ങിച്ചു ദൂരേക്ക് നടന്നു.


അടുത്ത ദിവസം അയാൾ അവനെ തിരക്കിയെങ്കിലും കാണാനിടയായില്ല. ആഴ്ചകളും മാസങ്ങളും കടന്നുപോയി. അന്നൊരു ഞായറാഴ്ചയായിരുന്നു. പത്രം തുറന്നു നോക്കിയ അയാളെ ഞെട്ടിക്കുന്ന വാർത്തയായിരുന്നു അത്. അന്ന് താൻ കണ്ട ആ കുട്ടിയുടെ ചിത്രമായിരുന്നു അത് മോർച്ചറിയിൽ ഉള്ള ആ കുട്ടിയുടെ ശരീരത്തിന് സ്വീകർത്താവിനെ തേടിയുള്ള വാർത്തയായിരുന്നു അത്. ആ സമയം തന്റെ മകളെ കുറച്ചു നേരം നോക്കി നിന്നു കൊണ്ട് അയാൾ നെടുവീർപ്പാർന്നു.


അയാൾ ആ വാർത്ത വിശദമായി വായിച്ചു. ആ സമയം അയാളുടെ മനസ്സിലൂടെ കുറെ ചിന്തകൾ കടന്നു പോയി. "ആരായിരിക്കും ആ കുട്ടി?, ആ കുട്ടി ഇത്രയും അനാഥനാണോ? എങ്ങനെയായിരിക്കും മരിച്ചത്? പട്ടിണികൊണ്ട് ആയിരിക്കുമോ?, അതോ വല്ല അപകടവും പറ്റിയോ? "വളരെ ആശങ്കയോടെ കൂടി അയാൾ എഴുന്നേറ്റു. പിന്നീട് അയാൾ അന്നാ കുട്ടിയെ കണ്ട ബസ് സ്റ്റോപ്പിന് അരികിലേക്ക് പോയി. ആ പ്രദേശത്ത് കുട്ടിയെപ്പറ്റി അന്വേഷിച്ചപ്പോൾ അവൻ നഗരത്തിനടുത്ത ഒരു ചേരിനിവാസി ആണെന്ന് അറിഞ്ഞു. ബാബു എന്നാണ് പേര്. അവന് ഒരു അച്ഛൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാല്യത്തിലെ അവന് അമ്മയെ നഷ്ടപ്പെട്ടതാണ്. അവന്റെ അച്ഛൻ ആ പ്രദേശത്ത് അറിയപ്പെടുന്ന ഒരു മോഷ്ടാവും പിടിച്ചുപറിക്കാരനും ഒക്കെ ആണെന്ന് അറിയാൻ ഇടയായി.അവന് അച്ഛന്റെ പ്രവർത്തികളോട് ഒട്ടും പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല.ഈയിടക്ക് നഗരത്തിലെ ഒരു ബാങ്ക് കവർച്ച കേസിലെ പ്രതിയായിരുന്ന അയാൾ ഇപ്പോൾ ജയിൽവാസം അനുഭവിക്കുകയാണ്.ബാബു ആക്രി പെറുക്കി വിറ്റാണ് ജീവിച്ചുപോരുന്നത്. ചില ദിവസങ്ങളിൽ അതും ഇല്ലാതാവും.


ഇതെല്ലാം അറിഞ്ഞപ്പോഴും എങ്ങനെയാവും ആ പാവത്തിന്റെ ജീവനൊടുങ്ങിപ്പോയത് എന്നോർത്ത് അയാൾ കൂടുതൽ അസ്വസ്ഥനായി. അയാൾ വീട്ടിൽ തിരിച്ചെത്തി. ആ വാർത്ത വന്ന പത്രംധൃതിയിൽ തിരഞ്ഞെടുത്ത് അതിൽ കൊടുത്തിരിക്കുന്ന കോൺടാക്ട് നമ്പരിലേക്ക് വിളിച്ച് അവനെ കുറിച്ച് വിവരങ്ങൾ അന്വേഷിച്ചു.


നിയന്ത്രണം വിട്ടു വന്ന ഒരു കാർ ഇടിച്ചതാണ് അവനെ. ആ വണ്ടി നിർത്താതെ പോവുകയും ചെയ്തു. രക്തം വാർന്ന് ഒലിച്ചു പരസഹായമില്ലാതെ പിടഞ്ഞു മരിക്കുകയായിരുന്നു ആ പാവം.


അയാളുടെ അരികിൽ സെൽഫോണുമായി മകൾ വന്നിരുന്നു. അച്ഛൻ വളരെ സൂക്ഷ്മമായി നോക്കി കൊണ്ടിരുന്ന പത്രത്തിലേക്ക് അവൾ എത്തിച്ചു നോക്കി. അപ്പോൾ അയാൾ അവളുടെ മുഖത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭയാശങ്ക കണ്ടു. അവളോട് അവനെ അറിയുമോ എന്ന് അയാൾ ചോദിച്ചു. അവൾ നിശബ്ദയായി ഇരുന്നു. ഒന്നുകൂടി അയാൾ ചോദിച്ചപ്പോൾ അവൾ അച്ഛന്റെ കൈപിടിച്ച് വിതുമ്പിക്കൊണ്ട് പറഞ്ഞു "അച്ഛാ, അത്, അത് എനിക്ക് പറ്റിയ ഒരു കൈയ്യബദ്ധം ആണ്. അന്ന് സുഹൃത്തുക്കളുമൊത്ത് മത്സരിച്ച കാർ ഓടിക്കുന്നതിനിടയിൽ ആയിരുന്നു ആ കൈയ്യബദ്ധം".ഇതു കേട്ട അയാൾ നിശബ്ദനായി.ആ കടുത്ത മൗനത്തിൽ നിസ്സഹായനായി അയാൾ തല താഴ്ത്തി ഇരുന്നു.

ദേവി പി
11 C വിവേകോദയം ബോയ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം