ചെറുമാവിലായി യു.പി.എസ്/അക്ഷരവൃക്ഷം/ ഭൂമി ഇരയാകുമ്പോൾ - പരിസ്ഥിതിദിനചിന്തകൾ
ഭൂമി ഇരയാകുമ്പോൾ - പരിസ്ഥിതിദിനചിന്തകൾ
പ്ലാസ്റ്റിക്ക് വിപത്തിനെതിരെ പോരാടുക എന്നതാണ് ഈ പരിസ്ഥിതി ദിനത്തിലെ സന്ദേശം. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കിടയിൽ ഭക്ഷണം തേടുന്ന മൃഗങ്ങളെയും പക്ഷികളെയും നമുക്ക് കാണാം. കേരളത്തിലങ്ങോളമിങ്ങോളം പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ചിതറിക്കിടക്കുന്നു. ഏതു നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന പകർച്ചവ്യാധികളിലേക്കുളള തീക്കൊളളികളാണ് നാം കവറുകളിലാക്കി വലിച്ചെറിയുന്നത്. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി മാലിന്യമാണ്. പുതിയതരം വൈറസുകളും രോഗങ്ങളും കാലാവസ്ഥാമാറ്റത്തിന്റെ മറ്റൊരു ലക്ഷണമാണ്. വാഹനങ്ങൾ,നിരത്തിലെ പൊടിപടലങ്ങൾ,മാലിന്യങ്ങൾ കത്തിച്ചുണ്ടാവുന്ന പുക എന്നിവയാണ് വായുമലിനീകരണത്തിന്റെ പ്രധാന കാരണം. സംസ്കരണത്തിനുളള ശരിയായ മാർഗങ്ങൾ ഇല്ലാത്തതു മൂലം പ്ലാസ്റ്റിക്ക് കത്തിക്കുന്നതും വനനാശം വ്യാപകമാകുന്നതിന് കാരണമാകുന്നു.പ്രതിവർഷം കാട് കാട്ടുതീമൂലം നശിപ്പിക്കപ്പെടുന്നു. പരിസ്ഥിതി മാറ്റങ്ങൾ ദുരന്തങ്ങളല്ല. അവയെ ഫലപ്രദമായി നേരിടാൻ കഴിയാതിരിക്കുമ്പോഴാണ് ദുരന്തമായി മാറുക.കേരളം ഭാവിയിൽ നേരിടാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങളെ നേരിടേണ്ട മാർഗങ്ങളെക്കുറിച്ച് സംസ്ഥാനസർക്കാർ ഇതു വരെ ശാസ്ത്രീയപഠനങ്ങളൊന്നും നടത്തിയിട്ടില്ല. പരിസ്ഥിതിദിനാചരണം അത്തരം ചിന്തകൾക്കുളള വേദി കൂടിയായി മാറേണ്ടതുണ്ട്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |