ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/മൗനത്തിൽ ഞെരിഞ്ഞമർന്ന നിലവിളികൾ
മൗനത്തിൽ ഞെരിഞ്ഞമർന്ന നിലവിളികൾ
അന്ന് അയാൾ പതിവിലും ക്ഷീണിതനായിരുന്നു. നരച്ച മുടിയിഴകളിൽ നിന്ന് നെറ്റിയിലേക്ക് ഒലിച്ചിറങ്ങുന്ന വിയർപ്പ് കണങ്ങളെ അയാൾ അങ്ങിങ്ങായി ചുളുക്കുകൾ വീണ കൈ കൊണ്ട് തുടച്ചു നീക്കി. ഡോറിൽ നിന്ന് ആരുടെയോ മുട്ടുകേട്ടിട്ടാണ് അയാൾ കണ്ണ് തുറന്നത്. അയാൾ പതിയെ ഡോർ തുറന്നു. മുന്നിൽ നിൽക്കുന്ന മായയെ ഉറക്കച്ചടവ് കാരണം അയാൾക്ക് മനസിലാക്കാൻ കുറച്ച് പ്രയാസമുണ്ടായി. " കബീറ്ക്കാ , നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ ?" മായയുടെ ചോദ്യം കേട്ട് അയാൾ ഗാഢമായി കോട്ടുവായിട്ടു കൊണ്ട് വണ്ടിയിൽ നിന്നിറങ്ങി കുഴപ്പമൊന്നുമില്ലെന്ന് തലയാട്ടിക്കാണിച്ചു. " കബീറ്ക്കാ വണ്ടിയെടുക്ക്വോ …. പടിഞ്ഞാറെപ്പുഴയിൽ ഒരാൾ ഹോം ക്വാറന്റൈനിൽ കഴിയുന്നുണ്ട്. അവരെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്കണം" . മായ അയാളുടെ മുഖത്തേക്ക് നോക്കി . "ഹാ , ശരി ഞാനിപ്പം വരാം." മായ തിടുക്കപ്പെട്ട് ഹോസ്പിറ്റലിലേക്ക് കയറി. അയാൾ മുഖം കഴുകി വന്ന് ഡ്രൈവിംഗ് സീറ്റിലേക്കിരുന്നു. അപ്പോഴേക്കും മായയും വേറെ രണ്ട് നഴ്സുമാരും വണ്ടിയിൽ കയറി. " കബീറ്ക്കാ ഇന്നലെ രാത്രി ഫുൾ ഡ്യൂട്ടിയിലായിരുന്നെന്ന് അറിഞ്ഞിരുന്നു. സുമേഷിനെ വിളിച്ച് നോക്കി ഞാൻ . അവനിന്ന് ലീവാണത്രെ. മോൾക്ക് പനിയാണെന്നാ പറഞ്ഞത് . ഇനി ഡ്യൂട്ടി മടുത്ത് മുങ്ങിയതാണോന്ന് ആർക്കറിയാം." മായ പറയുന്നത് കേട്ട് അയാൾ തന്റെ നര ബാധിച്ചു മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് ചെറുതായൊന്ന് പുഞ്ചിരിച്ചു. പത്തിരുപത് കൊല്ലമായി അയാൾ ആ ആംബുലൻസിന്റെ വളയം പിടിക്കാൻ തുടങ്ങിയിട്ട്. ചെയ്യുന്ന ജോലിയിലെ ആത്മാർത്ഥത കൊണ്ടാവാം അയാൾ നന്നേ ക്ഷീണിതനായിരുന്നു. മായ എന്തൊക്കെയോ അയാളോടും മറ്റ് രണ്ട് നഴ്സുമാരോടുമായി പറയുന്നുണ്ട്. പക്ഷേ, അയാൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. തന്റെ തല വെട്ടിപ്പിളരുന്നത് പോലെ അയാൾക്ക് തോന്നി. അയാൾക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് കാലം കുറെ ആയിരുന്നു. തിരക്ക്പിടിച്ച ജീവിതമായിരുന്നു അയാളുടേത്. അയാളെപ്പോഴും തിരക്കിലാണ്. ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ലെന്ന് അയാളുടെ മുഖം വിളിച്ച് പറയുന്നുണ്ട്. വീട്ടുമുറ്റത്ത് ആംബുലൻസ് വന്ന് നിന്നപ്പോൾത്തന്നെ കോലായിൽ കളിച്ചു കൊണ്ടിരുന്ന രണ്ട് കുട്ടികൾ അകത്തേക്കോടി. മായയും നഴ്സുമാരും വീട്ടിനകത്തേക്ക് കയറി. അയാൾ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി മാസ്ക് താഴ്ത്തിയിട്ട് ഒര് സിഗരറ്റും പുകച്ചു കൊണ്ട് ആംബുലൻസിൽ ചാരിനിന്നു. അയാൾ തന്റെ കത്തിയെരിയുന്ന സിഗരറ്റിലേക്ക് നോക്കി. തന്റെ ജീവിതവും ഈ സിഗരറ്റ് പോലെ കത്തിയെരിയുകയാണെന്ന് അയാൾ മനസിലാക്കി, വേഗമത് നിലത്തിട്ടു. മായയും നഴ്സുമാരും അകത്ത് നിന്ന് ഒര് പത്തിരുപത് വയസ് തോന്നിക്കുന്ന പെൺകുട്ടിയുമായി ആംബുലൻസിലേക്ക് കയറി. അയാളും മാസ്ക് ധരിച്ച് വണ്ടിയിൽ കയറി. ആ പെൺകുട്ടി കഴിഞ്ഞയാഴ്ച ഗൾഫിൽ നിന്നും വന്നതാണെന്ന് മായ പറഞ്ഞ് അറിഞ്ഞിരുന്നു. തന്റെ മകളുടെ അതേ പ്രായമാണ് അവൾക്കെന്ന് അയാൾ മനസിലാക്കി. അയാളുടെ മകൾ ഫാത്തിമ രണ്ട് വർഷത്തോളമായി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ദിവസം അവൾ തന്നെ വിളിച്ചപ്പോൾ അവിടത്തെ അവസ്ഥ കേട്ട് സ്തംഭിച്ചു പോയി. അത്രയും ഗുരുതരമായിക്കൊണ്ടിരിക്കുകയാണ് അവിടത്തെ സ്ഥിതി എന്ന് പറഞ്ഞു കൊണ്ടുള്ള അവളുടെ കരച്ചിൽ അയാളിപ്പോഴും തന്റെ ചെവിയിൽ മുഴങ്ങിക്കേൾക്കുന്നതറിഞ്ഞു. കൺകോണിലെവിടെയോ പൊടിഞ്ഞ നനവ് തുടച്ച് കൊണ്ട് അയാൾ ഡ്രൈവിംഗിൽ ശ്രദ്ധ ചെലുത്തി. വിജനമായ റോഡിലൂടെ ആ ആംബുലൻസ് കുതിച്ചു പാഞ്ഞു. ലോകം മുഴുവൻ കോവിഡ് ഭീതിയിലാണ് !! വഴിയോരങ്ങളിൽ ചലനമറ്റ് കിടക്കുന്ന ഓരോ കടകളിലേക്കും സ്ഥാപനങ്ങളിലേക്കും അയാളുടെ കണ്ണുകൾ സഞ്ചരിച്ചു. രണ്ട് ദിവസങ്ങൾ കടന്നു പോയി. ഇതിനിടയിൽ മൂന്ന് പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. " കബീറ്ക്കാ ഒന്ന് വര്വോ... ഇന്ന് ഡ്യൂട്ടി ഡോക്ടേഴ്സ് കുറവാ... ബുദ്ധിമുട്ടാണെങ്കിൽ വേണ്ട…" മായ വന്ന് വിളിച്ചപ്പോൾ അയാൾക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല. അയാൾ മായയോടൊപ്പം നടന്നു. " അല്ല മോളേ … കഴിഞ്ഞ ദിവസം പടിഞ്ഞാറെപുഴ ഭാഗത്ത് നിന്ന് നമ്മൾ ഇവിടേക്കെത്തിച്ച ആ പെൺകുട്ടിയുടെ റിസൾട്ടെന്തായി ?" അയാളുടെ ചോദ്യം അവളിൽ ചെറിയൊരു വേദന പടർത്തി. " അത് ഇക്കാ …... റിസൾട്ട് പോസിറ്റീവ് ആണ്…. ആൾക്ക് അധികം പ്രായമൊന്നുമില്ല…. പക്ഷേ …. " അവളുടെ മുഖത്ത് ഉത്കണ്ഠ നിഴലിക്കുന്നത് അയാൾ കണ്ടു. " എന്തേ , എന്തു പറ്റി? " - അയാൾ ചോദിച്ചു. " ഷി ഈസ് എ ഹാർട്ട് പേഷ്യന്റ്. അത് കൊണ്ട് അവളുടെ കാര്യം കുറച്ച് കോംപ്ലിക്കേറ്റഡ് ആണ്." അയാൾക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. തൊട്ടപ്പുറത്തെ ഐസൊലേഷൻ വാർഡിൽ നിന്ന് നിലവിളികൾ ഉയരുന്നത് അവർ കേട്ടു . ഉടനെ അവർക്കിടയിലേക്ക് ഒര് നഴ്സ് വന്ന് പറഞ്ഞു. " മായ , ഒന്ന് വരൂ … കുറച്ച് ക്രിട്ടിക്കലാ …. " അവൾ അയാളെയുംകൊണ്ട് ഐസോലേഷൻ സ്യൂട്ട് ധരിപ്പിച്ച് വാർഡിലേക്ക് കയറി. അവളുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ അയാൾ പകച്ചു നിന്നു. ശ്വാസത്തിനു വേണ്ടി അവൾ കിടന്ന് പിടയുന്നത് അയാളെ അസ്വസ്ഥനാക്കി. നിറയെ ഉപകരണങ്ങൾക്ക് നടുവിൽ അവൾ പിടഞ്ഞു കൊണ്ടിരിക്കുകയാണ്. ഓക്സിജൻ മാസ്ക് ധരിപ്പിച്ച അവളെ അയാൾ ഉറ്റുനോക്കി. പതിയെ പതിയെ അവളുടെ കണ്ണുകൾ മറിഞ്ഞു പോകുന്നത് അയാൾ കണ്ടു. അയാളുടെ ഹൃദയത്തിൽ നിന്നും മൗനമായ നിലവിളികൾ ഉയരുന്നത് അയാളറിഞ്ഞു. ഒരുപക്ഷേ അയാൾക്ക് മാത്രം കേൾക്കാൻ കഴിയുന്ന നിലവിളികൾ …..
|