ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ പ്രതീക്ഷയോടെ

20:33, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷയോടെ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷയോടെ
     സമയം എട്ട് മണിയായിട്ടും മീനു ഉണർന്നില്ല.
     മീനുവിന്റെ അമ്മ അൽപം ദേഷ്യം കലർന്ന സ്വരത്തിൽ മീനുവിനെ വിളിച്ചു.
     "മീനൂ......  മീനൂ......    എണീക്ക്, മണി എത്രയായെന്നറിയാമോ...? എണീറ്റേ....
    മീനു അൽപം നീരസത്തോടെ തിരിഞ്ഞു കിടന്നു. അവളുടെ അമ്മ അടുക്കളയിൽ പ്രഭാത ഭക്ഷണം തയ്യാറാക്കി കഴിഞ്ഞു. അമ്മ മീനുവിനെ വീണ്ടും വിളിച്ചു, ഒടുവിൽ മീനു അൽപം മടിയോടെ എണീറ്റു. അവൾ വീടിന്റെ ഉമ്മറത്ത്  വന്നിരുന്നു. ഇന്നത്തെ ദിവസം ഏതാണെന്ന് അവൾ ഓർത്തെടുക്കുകയാണ്. അതേ കുറിച്ച് ആ വീട്ടിൽ ആരും തന്നെ  ഓർക്കാറില്ല. എല്ലാ ദിവസവും ഇപ്പോൾ ഒരുപോലെയാണ്. 

അവൾ അടുത്ത് 8-ാം ക്ലാസ്സിലാണ്. പുതിയ സ്കൂൾ ഏതാണെന്നും, സ്കൂൾ ബാഗും മറ്റും എന്ന് വാങ്ങിത്തരുമെന്നും അവൾ അമ്മയോട് ചോദിച്ചു. അമ്മ അൽപം ദേഷ്യത്തോടെ "

    "മീനൂ..... നീ മിണ്ടാതിരിക്ക് എന്നും നീ ഇതുതന്നെ കേട്ടുകൊണ്ടിരുന്നാൽ, ഇപ്പോഴത്തെ അവസ്ഥ ഒന്നു മാറികിട്ടാതെ ഞാൻ എന്തു പറയാനാ നിന്നോട്. എന്റെ കട ഒന്നു തുറന്നോട്ടെ. അതുകഴിഞ്ഞ് പറയാം. 
     മീനു ആലോചനയോടെ വീണ്ടും ഉമ്മറത്ത് ചെന്നിരുന്നു. ആ വാടകവീട്ടിൽ താമസമാക്കിയിട്ട് ഒരു വർഷത്തോളമാകുന്നു. ഇപ്പോഴാണ് മുറ്റത്ത് ഒരു ശീമപ്ലാവ് ഉള്ളതായി അവൾ അറിയുന്നത്. കാരണം മിക്കവാറും ദിവസങ്ങളിലും ഉച്ചഭക്ഷണത്തിന് ശീമചക്ക ഉപയോഗിച്ചുള്ള വിഭവങ്ങളായിരിക്കും. 
      മീനുവിന് അറിയാം അമ്മ ഇപ്പോൾ എപ്പോഴും ആലോചനയിലാണ്. കാരണം കൊറോണ എന്ന വൈറസ് രോഗം ലോകം മുഴുവൻ പരന്നിരിക്കുകയാണ്. അതിൽ ഒരുപാട് ആളുകൾ മരിക്കുകയാണ്. അത് കാരണം പലസ്ഥലങ്ങളും നിയന്ത്രണത്തിലാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴികെ മറ്റെല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. രോഗം കൂടി കൂടി വരികയാണ്. തൊഴിൽ ചെയ്ത് ജീവിക്കുന്ന നിത്യവരുമാനമുള്ള ആൾക്കാർ ഇപ്പോൾ വളരെയധികം ബുദ്ധിമുട്ടുകയാണ്. 

അതിലൊരാളാണ് എന്റെ അമ്മയും. അമ്മയും ചെറിയ ഒരു കട നടത്തുകയാണ്. അച്ഛനും അമ്മുമ്മയും ചേച്ചിയും ചേച്ചിയുടെ കുഞ്ഞും ഞാനും അടങ്ങുന്ന കുടുംബം ആ വരുമാനത്തിലാണ് ജീവിച്ചുപോകുന്നത്. അതാണ് ഇപ്പോൾ നിലച്ചത്. ഓരോ ദിവസവും അത്താഴത്തിനു ശേഷം അമ്മ പറയുന്നത് കേൾക്കാം ഇന്നത്തെ ദിവസവും കഴിഞ്ഞു. ഇനി നാളെ എന്ത്? കൊറോണ പടർന്നു പിടിക്കുന്നതിനാൽ ആരും തന്നെ പുറത്തിറങ്ങാറില്ല. എത്ര നാൾ ഇങ്ങനെ തുടരുമെന്നുമറിയില്ല. എപ്പോൾ അമ്മയ്ക്ക് ജോലിക്ക് പോയിതുടങ്ങാമെന്നറിയില്ല. ജോലി തിരക്കുകാരണം പത്രം നോക്കുകയോ ടിവി വാർത്ത കേൾക്കുകയോ ചെയ്യാത്ത അമ്മ ഇപ്പോൾ രാവിലെ ഉണർന്നാൽ ആദ്യം നോക്കുന്നത് പത്രം വന്നോ എന്നാണ്. അത് കഴിഞ്ഞ് ടി.വി വാർത്താ ചാനൽ കാണും. കൊറോണ എന്ന വൈറസ് രോഗം അമേരിക്കയും ചൈനയും പോലുള്ള വൻകിട രാഷ്ട്രങ്ങളെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഈ കൊച്ചു കേരളത്തിന് ആ വൈറസിനെ എത്രത്തോളം കീഴ്പ്പെടുത്താൻ കഴിയുമെന്നറിയില്ല. മീനുവിന്റെ അമ്മ എന്നത്തേയുംപോലെ സന്ധ്യയ്ക്ക് ഉമ്മറത്ത് വിളക്ക് കത്തിച്ചു. ഞാനും അമ്മയും ചേച്ചിയും പ്രതീക്ഷയോടെ ആ നിലവിളക്കിനു മുന്നിൽ ഇരുന്ന് നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചു.

                                           പ്രതീക്ഷയോടെ
ശ്രീലക്ഷ്മി ജെ
7C ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ