ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/ലീയുടെ പ്രിയതമ

ലീയുടെ പ്രിയതമ

ഡോക്ടർ ലീ അന്ന് വളരെ വൈകിയാണ്കിടന്നത്. ഉറങ്ങുന്നതിനു മുൻപ് തന്റെ ലാബിൽ ശീതീകരിച്ചു സൂക്ഷിച്ചിരുന്ന മഹാമാരികളുടെ വൈറസുകളുടെ ക്ഷമത ഒന്നുകൂടെ പരിശോധിച്ചുറപ്പിച്ച ശേഷമാണ് അദ്ദേഹം ഉറക്കറയിലേക്കു മനസ്സില്ലാമനസ്സോടെ പോയത്. തന്റെ ശയ്യയിൽ എത്ര നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം അദ്ദേഹത്തിന്റെ കണ്പോളകളെ തലോടിയില്ല. മനസ്സ് നിറയെ, തന്റേതാകാൻ പോകുന്ന നാളത്തെ ലോകം! തിരിഞ്ഞുകൊണ്ടിരിക്കുന്ന ഭൂഗോളത്തെ തന്റെ കാൽച്ചുവട്ടിൽ ആക്കി ഈ പ്രപഞ്ചത്തിൽ അജയ്യനായി തൻ നിവർന്നു നിൽക്കും. അദ്ദേഹത്തിന്റെ മുഖത്ത് സന്തോഷം കലർന്ന ഒരു പുച്ഛഭാവം ഒരു നിമിഷം മിന്നി മറഞ്ഞു.

"നീയൊക്കെ എന്തിനാണ് കെട്ടിയൊരുങ്ങി ഇങ്ങോട്ടു വരുന്നത്? ഒന്നിനും കൊള്ളാത്ത വിഡ്ഡി! ക്‌ളാസ്സിനു പുറത്തുപോകൂ..." തന്റെ അധ്യാപകന്റെ ആക്രോശത്തിനു മുന്നിൽ നിസ്സഹായതയോടെ കണ്ണുകൾ നിറഞ്ഞൊഴുകി എല്ലാവരുടെയും മുന്നിൽ അപഹാസ്യനായി നിന്നുപോയ ഒരു പാവം കുരുന്നല്ല താനിപ്പോൾ. വാശിയായിരുന്നു. എല്ലാം വെട്ടിപിടിച്ചെടുക്കാനുള്ള വാശി. കുരുന്നു ഹൃദയത്തിനേറ്റ തീരാമുറിവുമായി, ഒന്നും പുറത്തു കാണിക്കാതെ പടിയിറങ്ങി.സ്വന്തക്കാരുടെയും ബന്ധുക്കളുടെയും അവഹേളനം പിന്നീട് വേദനിപ്പിച്ചില്ല. ഓരോ അമ്പും തൻ്റെ ഹൃദയത്തെ ശാക്തീകരിക്കാനുള്ള ഉപാധിയാക്കി. ഒപ്പം തന്റെ ഉള്ളിൽ ജ്വലിക്കുന്ന വൈരാഗ്യത്തിന്റെ കനൽ കെടാതെ സൂക്ഷിക്കാനുള്ള മാരുതനും.

വിദൂര വിദ്യാഭ്യാസത്തിലൂടെ ഓരോരോ പടികളായി മുകളിലേക്ക് കയറി. ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്ന പല പ്രബന്ധങ്ങളും അവതരിപ്പിച്ചപ്പോൾ പല ശാസ്ത്രജ്ഞരുടെയും പ്രോത്സാഹനം! അഭിനന്ദനം! ഒടുവിൽ അന്തർദേശീയ സർവ്വകലാശാലകൾ തനിക്കു നൽകിയ അംഗീകാരങ്ങൾ! പരമോന്നത സർവകലാശാലകൾ സമ്മാനിച്ച ഡോക്ടറേറ്റ്!

ഒന്നിനും തൻ്റെ കരളിന്റെ നീറ്റൽ ശമിപ്പിക്കാനായില്ല. പുറമേ എല്ലാവര്ക്കും കണ്ണിലുണ്ണിയായി മാറിയ, ലോകത്തിന്റെ മുഴുവൻ അഭിമാനമായി മാറിയ തന്റെയുള്ളിൽ, കെടാതെ ഊതിയൂതി ജ്വലിപ്പിച്ചു കാത്തുസൂക്ഷിച്ച വെറുപ്പിന്റെ അഗ്നിയായിരുന്നു. ഹൃദയത്തിൽ നിന്നപ്പോഴും രക്തം ഒഴുകിക്കൊണ്ടിരുന്നു. ആ രക്തം ഒഴുകിപ്പടർന്നു. ലോകത്തിനു ചോരയുടെ ചുവപ്പുനിറമായി.

പിറ്റേന്ന് പതിവിലും നേരത്തെ ഡോക്ടർ ലീ എഴുന്നേറ്റു. കണ്ണാടിയിൽ നോക്കിയ അയാൾ തൻ്റെ പ്രതിബിംബത്തെ സൂക്ഷിച്ചു നോക്കി. വല്ലാത്ത ഒരപരിചിതത്വം. താൻ തന്നെയാണോ? തൻ്റെ മുഖത്തെ സൗമ്യഭാവം ഇപ്പോഴില്ല. തൻ്റെ മാത്രമായ നിമിഷങ്ങളിൽ മുഖത്തൊരു ക്രൗര്യമാണ്. എന്തിനെയും ദഹിപ്പിക്കാൻ ശേഷിയുള്ള തീക്ഷ്ണത!

ലീ ധൃതിയിൽ കുളിച്ചൊരുങ്ങി. പതിവിലും ഉന്മേഷവാനായിരുന്നു ഇന്നയാൾ. തന്റെ സ്വകാര്യ ലാബിൽ നിന്നും, രാവും പകലുമില്ലാത്ത അക്ഷീണ പരിശ്രമത്തിലൂടെ ജനിതക മാറ്റം വരുത്തി, സംഹാരമൂർത്തിയാക്കി മാറ്റിയ വൈറസ്! ഇവളാണ് തൻ്റെ രാജ്ഞി!

ശീതീകരണ സംഭരണിയിൽ നിന്ന് അയാൾ അവളെ സിറിഞ്ചിലാക്കി. പുറത്തെ വിശാലമായ ലോകം വീണ്ടും കാണാൻ പോകുന്നതിന്റെ ആവേശത്തിലായിരുന്ന അവൾ. ഡോക്ടർ ലീയെ അവൾ പ്രേമപൂർവം കടാക്ഷിച്ചു. തന്റെ ചെറിയ ഫ്‌ളാസ്‌കിൽ ആരും കാണാതെ ഒളിപ്പിച്ച സിറിഞ്ചുമായി അയാൾ തെരുവിലേക്കിറങ്ങി.

അയാളുദ്ദേശിച്ചപോലെതന്നെ അധികാരികൾ ശ്രദ്ധിക്കാതെയും പരിരക്ഷിക്കാതെയും ഉപേക്ഷിക്കപ്പെട്ട പാർക്കിന്റെ പൊളിഞ്ഞ ബെഞ്ചിൽ സിരകളിൽ ലഹരിയുമായി അവനിരിക്കുന്നുണ്ടായിരുന്നു. ചുറ്റിനും ഉപയോഗിച്ച് വലിച്ചെറിഞ്ഞ സിറിഞ്ചുകളും മണ്ണിൽ പൂണ്ടും അല്ലാതെയും കിടക്കുന്നു. ഒരു അപൂർവ ഇനത്തിലെ പക്ഷി മനോഹരമായ നാദത്തിൽ പാട്ടുപാടി.

ഡോക്ടർ ലീ അവൻ്റെ അരികിലിരുന്നു. "ഹായ് ഡോക്ടർ!" കുഴയുന്ന നാവുമായി അവൻ ആലസ്യത്തോടെ ലീയെ അഭിവാദ്യം ചെയ്തു.

"ഡോക്ടർ, നിങ്ങളെന്നും എന്നെ പറ്റിക്കുന്നു. പുതിയ സ്റ്റഫ് കൊണ്ടുവരുമെന്ന് ദിവസവും ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ എന്തൊരു വിഡ്ഡി!"

ലീ മന്ദഹസിച്ചു. അവനെ ചേർത്തുപിടിച്ചു. "ഇന്ന് നീ നിരാശപ്പെടേണ്ടിവരില്ല"

അവൻ്റെ കണ്ണുകളിൽ വിശ്വാസമില്ലായ്മ

"എന്നെ വിശ്വസിക്കൂ" അയാൾ തന്റെ കയ്യിലുള്ള ഫ്ലാസ്ക് ഉയർത്തിക്കാണിച്ചു.

അവൻ്റെ കണ്ണുകൾ ആലസ്യത്തിലും തിളങ്ങുന്നത് അയാൾ കണ്ടു. അയാൾ ക്രൂരമായി പുഞ്ചിരിച്ചു. "നിന്റെ എല്ലാ ദുഖങ്ങൾക്കും അവസാനമായി, ഇനി നീയില്ല. പരമാനന്ദം മാത്രം" അയാൾ ഫ്ലാസ്കിനുള്ളിൽ നിന്ന് സിറിഞ്ജ് എടുത്തു. അവന്റെ ഞരമ്പുകളിലേക്കു ഇൻജെക്ട് ചെയ്തു. അപ്പോൾ അവൻ ഇമവെട്ടാതെ അയാളുടെ കണ്ണുകളിലേക്കു നോക്കിയിരുന്നു. അല്പനിമിഷത്തിനുളളിൽ അവൻ ഒരാലസ്യത്തിലേക്കു വഴുതിവീണു.

ടെലിവിഷൻ ഓൺ ചെയ്യുമ്പോൾ വരുന്ന വാർത്തകൾ മുഴുവൻ മരണത്തിന്റേതാണ്. ലോകം മുഴുവൻ മഹാമാരി പടർന്നു പിടിക്കുന്നു. ഏതോ വൈറസ് ആണ് പോലും. ആ വൈറസ് തുടരെത്തുടരെ ജനിതകമാറ്റങ്ങൾക്കു സ്വയം വിധേയമാകുന്നു. അതിനാൽ അതിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. പല രാജ്യങ്ങളും അടച്ചിട്ടു. "ലോക്ക്ഡൗൺ!" മരണം ആയിരത്തിൽ നിന്ന് പതിനായിരത്തിൽ നിന്ന് ലക്ഷങ്ങളിലേക്ക്. ശാസ്ത്രലോകം നെട്ടോട്ടമോടുന്നു. വല്ലാത്തൊരാത്മസംതൃപ്തിയിൽ അയാൾ മുങ്ങിത്താഴ്ന്നു.

ഒരു പ്രദേശത്തെ ആളുകൾ മുഴുവൻ ചത്തൊടുങ്ങിയാൽ കാര്യങ്ങൾ എളുപ്പമായി. മരണത്തിനു ശേഷം ശരീരോഷ്മാവ് കുറഞ്ഞില്ലാതെയാകുമ്പോൾ ക്രമേണ ആ വൈറസും ഇല്ലാതാകും. ആ പ്രദേശം ശൂന്യമാകും. അവിടെ പിന്നീട് തനിക്കെന്തും ചെയ്യാം.

അന്ന് രാത്രി സമാധാനമായി ഡോക്ടർ ലീ ഉറങ്ങി. നിദ്രയിൽ, രാത്രിയുടെ ഏതോ യാമത്തിൽ, മധുരമായ ഒരു സ്വരം! "ഡോക്ടർ..!" അയാൾ കണ്ണുകൾ ചിമ്മിത്തുറന്നു. അരണ്ട വെളിച്ചം. ആരാണ് തന്നെ വിളിച്ചത്? അതിസുന്ദരിയായ തന്റെ രാജ്ഞി! അവൾ മനോഹരമായ കിരീടം ധരിച്ചിട്ടുണ്ടായിരുന്നു. വശ്യമായ പുഞ്ചിരി. കൈകൾ നീട്ടി വിളിക്കുന്നു "വരൂ.. പ്രിയതമാ.." "നീ എന്റേതല്ലേ? നമുക്ക് പോകാം." ഒരു നിമിഷം, അയാളുടെ കുട്ടിക്കാലം മുതലുള്ള അനുഭവങ്ങൾ അയാളുടെ മാമനസ്സിൽ മിന്നിമറഞ്ഞു. അയാൾ ശാന്തനായിരുന്നു. അവളുടെ മുഖത്ത് നോക്കി അയാൾ മന്ദഹാസിച്ചു.

ശീതീകരണ സംഭരണിയിൽ നിന്ന് അയാൾ തൻെറ സിറിഞ്ജ് എടുത്തു. ഒരു സ്വപത്തിലെന്നപോലെ അവൾ അയാളുടെ സിരകളിലേക്ക് പടർന്നു....

സീതാ ലക്ഷ്മി
11 വി എച്ച് എസ് ഇ ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ