ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ഒരാൾകൂടി
ഒരാൾകൂടി
അയാളുടെ കണ്ണുകൾ പതുക്കെ തുറന്നു. കിടക്കക്കു പുറകിലുള്ള ജനലിലൂടെ സൂര്യപ്രകാശം മുറിക്കുള്ളിലേക്ക് കടന്നു. അയാൾ ചുറ്റും നോക്കി. ഒരാഴ്ച്ചയിലധികമായി അയാൾ ആ മുറിയും അതിലെ വസ്തുക്കളും മാത്രം കാണാൻ തുടങ്ങിയിട്ട്. എന്നുംരാവിലെ എഴുന്നേൽക്കുമ്പോൾ വായിക്കാറുള്ള ചുമരിലെ മഞ്ഞയിൽ ചുവപ്പ് പെയിൻറ് കൊണ്ടെഴുതിയ ബോർഡ് അയാൾ അന്നും വായിച്ചു ; "കൊ.... കൊറോണ...... ഐസൊലേഷൻ....... വാർഡ്. " അന്ന് അയാൾ പതിവിലും അവശനായിരുന്നു. തൻ്റെ കിടക്കക്കടുത്തുള്ള മേശയുടെ പുറത്ത് വച്ചിരുന്ന മരുന്നെടുക്കാൻ അയാൾ കൈ ഓങ്ങി. എന്തോ ഒന്ന് അയാളെ അതിൽ നിന്നു പിന്തിരിപ്പിച്ചതുകൊണ്ടാകാം, ഒരു നിമിഷത്തെ ചിന്തക്കു ശേഷം അയാള തു വേണ്ടേന്നു വച്ചു. പെട്ടെന്ന് അയാളുടെ മനസ്സിൽ ചോദ്യങ്ങളുടെ മുളകൾ പൊട്ടി. ദാഹജലം കിട്ടാൻ വെമ്പുന്ന പോലെ അത് ഉത്തരങ്ങൾ തേടി. അയാളാലോചിച്ചു ; 'എന്താണ് ഞാൻ ചെയ്തത്? ആരു കാരണമാണ് ഞാനും എൻ്റെ കുടുബവും ദിവസങ്ങളോളം ഒറ്റപ്പെട്ട മുറികൾക്കുള്ളിൽ കഴിയേണ്ടി വരുന്നത്? ഒരു പക്ഷേ...... ഞാനാണോ കുറ്റക്കാരൻ? റിദേശത്തു പോയി കഷ്ട്ടപ്പെട്ട് നാട്ടിലുളളവരെ പട്ടിണി കിടക്കാതെ പോറ്റിയതായിരുന്നോ ഞാൻ ചെയ്ത കുറ്റം? ചോദ്യങ്ങൾ ഒരു കൊടുങ്കാറ്റ് പോലെ അയാളെ അക്രമിക്കാൻ തുടങ്ങി. 'ഏയ്..... അതാ വില്ല'. ' നാട്ടിൽ തിരിച്ചെത്തിയപ്പോൾ എന്തുകൊണ്ട് ഞാനവരിൽ നിന്നകന്നു നിന്നില്ല? കുളിക്കുക പോലും എന്തിന്, കൈ കഴുകുക പോലും ചെയ്യാതെ ഞാനെന്തിനാ അവരോട് അടുത്ത് പെരുമാറിയത്? എന്തിനാ വെറുതെ അവർക്കുകൂടി രോഗം കൊടുത്തത്? 3 വർഷം എനിക്കവരിൽ നിന്ന് അകന്നുതാമസിക്കാൻ പറ്റുമായിരുന്നെങ്കിൽ, 3 ആഴ്ച്ചക്കൂടി അകലാൻ എനിക്ക് പറ്റുമായിരുന്നില്ലേ? വീട്ടിലിരിക്കേണ്ട ഞാൻ പുറത്തു പോയി സുഹൃത്തുക്കളെ കണ്ടതുകൊണ്ടല്ലെ അവരും നിരീക്ഷണത്തിൽ കഴിയേണ്ടി വന്നത്.... ഞാനല്ലേ , എൻ്റെ അശ്രദ്ധയും ശുചിത്വക്കുറവുമല്ലേ ഇതിനെല്ലാം കാരണം? ' കുറ്റബോധം കാരണം അയാളുടെ കണ്ണുകളിൽ നിന്നൂർന്നിറങ്ങിയ കണ്ണീർത്തുള്ളികൾ തലയിണയാകെ നനയിച്ചു. 'എൻ്റെ മകൾ. അവൾക്ക് രോഗം സുഖപ്പെട്ടു കാണുമോ? വെറും മൂന്നര വയസ്സല്ലെ അവൾക്കായുള്ളൂ. ഇതായിരുന്നോ അവളുടെ വിധി? ചോദ്യങ്ങളെല്ലാം ഒരു സുനാമി പോലെ തന്നെ വിഴുങ്ങുമെന്ന് തോന്നിയപ്പോൾ ചിന്തകളിൽനിന്ന് ആ നാല് ചുമരുകൾക്കിടയിലേക്ക് അയാൾ വേഗം തിരിച്ചു വന്നു. പെട്ടെന്ന് അയാൾക്ക് ബോധം മറയുന്നതുപോലെ തോന്നി. നഴ്സും ഡോക്ടറുമെല്ലാം എത്തുന്നതിനുമുമ്പേ അയാൾ ശൂന്യതയുടെ അനന്തവിഹായസ്സിലേക്ക് പറന്നു പോയി. അങ്ങനെ, കൊവിഡ് - 19 ബാധയേറ്റ് മരിച്ചവരുടെ പട്ടികയിലേക്ക് അയാളുടെ പേരും കൂട്ടിചേർത്തു.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |