സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ നൻമയുടെ തീരം
നൻമയുടെ തീരം
രാത്രിയും പകലും കടന്നുപോവുകയാണ്. ദിനേശിന്റെ വീട്ടിൽ അന്നെല്ലാവരും നേരത്തെ ഉറങ്ങിയിരുന്നു. അവന്റെ അച്ഛന് ക്യാൻസറാണ്. ചികിൽസ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ ചേച്ചിക്ക് ഡെങ്കിപ്പനിയും. ദിനേശ് കൂലിപ്പണിക്ക് പോയി കിട്ടുന്ന കാശാണ് കുടുംബത്തിലെ ഏക വരുമാനം. ഗവൺമെൻറ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന ചികിത്സാസഹായം അച്ഛന്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. ഉറങ്ങാൻ കിടക്കുന്നതിനിടയിൽ ദിനേശിന്റെ മനസ്സിലൂടെ ചിന്തകളെല്ലാം കടന്നുപോകുന്നു .പിറ്റേ ദിവസം പത്രം എടുത്തപ്പോഴാണ് അറിയുന്നത് കൊറോണ എന്ന മാരക മഹാമാരി ലോകത്തെ കീഴടക്കി കൊണ്ടിരിക്കുന്നത്. ഇനിമുതൽ ജോലിക്കൊന്നും പോകണ്ട വീട്ടിൽ തന്നെ ഇരിക്കാനാണ് ഗവൺമെന്റിന്റെ നിർദ്ദേശം. ദിനേശനാകെ വിഷമത്തിലായി. ചേച്ചിയെ എങ്ങനെ ആശുപത്രിയിൽ എത്തിക്കും.രക്തപരിശോധനഫലം ഡോക്ടറെ എങ്ങനെ കാണിക്കും.വാഹനങ്ങളും ഓടില്ലല്ലോ . ആരെയാണ് ഇപ്പോൾ ഒരു സഹായത്തിനായി വിളിക്കുന്നത്. പുറത്തേക്കിറങ്ങി അല്പം നടന്നപ്പോൾ ആശാ പ്രവർത്തകരായ ഒരു ചേച്ചിയെ കണ്ടു. ദിനേശ് കാര്യങ്ങൾ അവതരിപ്പിച്ചു .ചേച്ചി പറഞ്ഞു പേടിക്കേണ്ട ആവശ്യമുള്ള മരുന്നെല്ലാം ഞങ്ങൾ വീട്ടിൽ എത്തിക്കാം. .എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ഏർപ്പാടും ചെയ്യാം.ദിനേശന് സമാധാനമായി. ദിവസങ്ങൾ കടന്നു പോയി. ദിനേശൻ വീട്ടിൽ ഇത്തിരി പച്ചക്കറി കൃഷിയൊക്കെ തുടങ്ങി അച്ഛന്റെ കാര്യങ്ങളും നോക്കി നടന്നു. ചേച്ചിക്ക് രോഗം ഭേദമായി തുടങ്ങി. അച്ഛന്റെ മരുന്നു വാങ്ങാനായി ദിനേശ് ആശുപത്രിയിലെത്തി അവിടെ അവൻ സ്ഥിരമായി കാണാറുള്ള ആളെ കണ്ണുകൊണ്ട് പരതി കാണുന്നില്ല. അച്ഛനെയും കൊണ്ടുവരുമ്പോൾ സാധാരണ കാണാറുള്ള കുട്ടിയാണ് സരസു. ബി എ സ്സി നഴ്സിങ് അവസാനവർഷ വിദ്യാർഥിനിയാണ് പരിശീലനത്തിനായി ഈ ആശുപത്രിയിൽ എത്തിയതാണ് .ദിനേശന് പല സഹായങ്ങളും ചെയ്തിരുന്നത് സരസു ആണ് .അവൾ കഴിഞ്ഞ തവണ വന്നപ്പോൾ ഫോൺ നമ്പറും തന്നിരുന്നു. ഒന്ന് വിളിച്ചു നോക്കാമെന്ന് ദിനേശൻ കരുതി വിളിച്ചിട്ട് കിട്ടുന്നില്ല. എവിടെയെങ്കിലും ജോലി കിട്ടിയിട്ടുണ്ടാകും ,പുതിയ നമ്പർ എടുത്തു കാണും എന്നൊക്കെ ചിന്തിച്ച് സ്വയം സമാധാനിക്കാൻ ശ്രമിച്ചു. മരുന്നുമായി വീട്ടിലേക്ക് പോയി. ഇപ്പോൾ അച്ഛന് ആഹാരത്തിന് ബുദ്ധിമുട്ടില്ല. പഞ്ചായത്തിൽ നിന്നും രണ്ടു നേരവും ആഹാരം എത്തിക്കുന്നുണ്ട്. ചേച്ചിയും സാധാരണ നിലയിലേക്ക് എത്തി . അന്നു മുഴുവൻ ദിനേശൻ സരസുവിനെ തന്നെ ചിന്തിച്ചു കൊണ്ട് കിടന്നു. വ്യക്തി ശുചിത്വത്തെക്കുറിച്ച് സരസു തനിക്ക് നൽകിയ ഉപദേശങ്ങളെല്ലാം ഇന്ന് ടെലിവിഷനിലൂടെയും പത്രമാധ്യമങ്ങളിലൂടെയും കണ്ടുകൊണ്ടിരിക്കുന്നു.സരസു പറയുമായിരുന്നു പരിസരം എല്ലാം എന്നും ശുചിയാക്കണമെന്നും മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുതെന്നും ആശുപത്രിയിൽ വരുമ്പോൾ തൂവാല ഉപയോഗിക്കണമെന്നുമൊക്കെ പാവം അവൾ എവിടെയായിരിക്കും .രാവിലെ പത്രവാർത്ത കണ്ടു ദിനേശ് ഞെട്ടിപ്പോയി. തന്റെ സരസു പോയി.മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ച സരസു കുറച്ചുനാളായി കൊറോണ ബാധിച്ചവരെ ചികിത്സിക്കുന്ന വാർഡിൽ ആയിരുന്നു. സരസുവിനും കൊറോണ സ്ഥിരീകരിച്ചു. അവൾ വെൻറിലേറ്ററിൽ മൂന്നുദിവസമായി മരണത്തോട് മല്ലടിക്കുകയായിരുന്നു. ഇന്നലെയാണ് മരിച്ചത്. ആശുപത്രി അധികൃതർ വീട്ടിൽ അറിയിച്ച ശേഷം മൃതദേഹം അവിടെ തന്നെ സംസ്കരിക്കാനുള്ള തീരുമാനത്തിലായിരുന്നു .ഏതാനും നിമിഷം ദിനേശൻ നിശ്ചേഷ്ടനായി നിന്നുപോയി . അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |