ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ പ്രതിരോധം
ശുചിത്വത്തിലൂടെ പ്രതിരോധം
ഇന്ന് നിരവധി രോഗങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവയെല്ലാം നമുക്ക് പ്രതിരോധത്തിലൂടെ മാത്രമേ തടയുവാൻ കഴിയുകയുള്ളൂ.അതിനായി നാം ആദ്യം ശുചിത്വം പാലിക്കേണ്ടതായുണ്ട്. ശുചിത്വം എന്നത് ഒരു വ്യക്തിയെ സുരക്ഷിതനാക്കുന്നതിലുപരി അയാളെ പല രോഗാണുക്കളേയും അസുഖങ്ങളെയും നേരിടാൻ പ്രാപ്തനാക്കുകയും ചെയ്യുന്നു. വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ മൂന്നായി ശുചിത്വത്തെതരം തിരിക്കാം .അതിൽ നാം ഇപ്പോൾ പ്രാധാന്യം നൽകേണ്ടത് വ്യക്തിശുചിത്വത്തിനാണ്. കാരണം പലതരം രോഗങ്ങളും പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ , ഒരു വ്യക്തിയ്‍ക്ക് സ്വയം ശുചിത്വം പാലിക്കാൻ കഴിഞ്ഞാൽ മാത്രമേ അവന് അതിലൂടെ ഗൃഹ ശുചിത്വവും പരിസരശുചിത്വവും പാലിക്കുവാൻ കഴിയുകയുള്ളൂ.ആരോഗ്യശുചിത്വപാലനത്തിലെ പോരായ്‍മകളാണ് 90ശതമാനം രോഗങ്ങൾക്കുംകാരണമാകുന്നത്. ആയതിനാൽ ശുചിത്വം നാം ശീലമാക്കുക. ആഴ്‍ചതോറും നഖങ്ങൾ വെട്ടി വൃത്തിയാക്കുക. ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.അടച്ചു വച്ച ഭക്ഷണങ്ങൾ മാത്രം കഴിക്കുക.വെള്ളം തിളപ്പിച്ചാറ്റിയത് മാത്രം കുടിക്കുക. അതുപോലെ തന്നെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മാസ്ക്കോ കൊണ്ട് മുഖം മറയ്ക്കുക. ഇങ്ങനെ മുഖം മറയ്ക്കുന്നത് മറ്റൂള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും സഹായിക്കുന്നു.ഇടയ്ക്കിടെയുള്ള കൈ കഴുകൽ കൊണ്ട് നാം ഇന്ന് ഭയക്കുന്ന കൊറോണയെപ്പോലുംനേരിടാൻ കഴിയും.നാം ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം എന്തെന്നാൽ കഴിവതും രോഗബാധിതരുമായി അടുത്തിടപഴകാതിരിക്കുക. അവർ ഉപയോഗിച്ച വസ്തുക്കൾ നമ്മുടെ കൈകൾകൊണ്ട് സ്പർശിക്കാതിരിക്കുക. ഇതെല്ലാം ഇപ്പോഴത്തെ സാഹചര്യത്തിൽ നാം ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. അടുത്തതായി നാം വൃത്തിയാക്കേണ്ടത് നമ്മുടെ വീടും പരിസരവുമാണ്. ആഴ്ചകൾ തോറും ഇത് പ്രാവർത്തികമാക്കുക. പരിസരത്തുള്ള ചിരട്ടകളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ അത് കമഴ്‍ത്തി ഇടുക. ചിരട്ടകളിൽ മാത്രമല്ല വെള്ളം കെട്ടിക്കിടക്കുന്നത് ഏത് വസ്തുവിലാണെങ്കിലും അതിലെ വെള്ളം ചരിച്ച് കളയുക. അഥവാ നാം ഇങ്ങനെ ചെയ്യാതിരുന്നാൽ അത് കൊതുകുകൾക്ക് മുട്ടയിട്ട് പെരുകുവാനും രോഗങ്ങൾ പകരുവാനും കാരണമാകുന്നു. അതുപോലെ നിരവധി അസുഖങ്ങൾക്ക് കാരണമാകുന്ന മറ്റൊരു വസ്തുവാണ് പ്ലാസ്റ്റിക്ക്. നാം ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും എന്നാൽ നമുക്ക് ഏറ്റവും കൂടുതൽ ആപത്കരമായുള്ളതുമാണ് പ്ലാസ്റ്റിക്കുകൾ. പലരും അത് ഉപയോഗിച്ചതിനുശേഷം വലിച്ചെറിയുന്നു.പൊതുസ്ഥലങ്ങളിൽ അവ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്യുന്നു.ഇത് ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്കാണ് കാരണമാകുന്നത്. കൂടാതെ ഇത് വായുമലിനീകരണത്തിനും കാരണമാകുന്നു. നാം പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുന്നതുകൊണ്ടും അവ വലിച്ചെറിയുന്നതുകൊണ്ടും കത്തിക്കുന്നതുകൊണ്ടും നമ്മുക്ക് രോഗങ്ങൾ പിടിപെടുന്നതിലുപരി നമ്മുടെ പ്രകൃതിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കഴിവതും പ്ലാസ്റ്റിക്കുകൾ പോലുള്ള വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.അങ്ങനെ ചെയ്താൽ നമ്മുടെ പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം കൂടാതെ ചില മാരകമായ രോഗങ്ങളിൽ നിന്നും മുക്തരാകുകയും ചെയ്യാം. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കൂ. ശുചിത്വം പാലിക്കൂ. നമുക്ക് പ്രതിരോധിക്കാം രോഗങ്ങളെ ശുചിത്വത്തിലൂടെ ...വാർത്തെടുക്കാം നല്ലൊരു കേരളത്തെ...
|