മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/ശുചിത്വം.

01:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35439sandhya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്കുണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു.

ആരോഗ്യ ശുചിത്വം പ്രധാനമായും മൂന്നായാണ് തിരിച്ചിട്ടുള്ളത്. വ്യക്തി ശുചിത്വം ,ഗൃഹ ശുചിത്വം, പരിസര ശുചിത്വം. ലോകത്തൊട്ടുമിക്ക രോഗങ്ങളും ഉണ്ടാവുന്നത് ശുചിത്വത്തിൻറെ പോരായ്മ കൊണ്ടാണ്. ഉദാഹരണത്തിന് നഖം വെട്ടാതിരിക്കുക, കൈകൾ കഴുകാതെ ഭക്ഷണം കഴിക്കുക, തുടങ്ങിയവ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാറില്ലേ .

വ്യക്തിശുചിത്വം പാലിച്ചാലേ ഗൃഹ ശുചിത്വം പാലിക്കാൻ കഴിയൂ.ഗൃഹ ശുചിത്വം പാലിച്ചാലേ പരിസര ശുചിത്വം ഉണ്ടാക്കാൻ കഴിയൂ. (ഒരു നല്ല സമൂഹം ഉണ്ടാവുന്നതും ഇതുപോലെ, വ്യക്തി നന്നായാൽ വീട് നന്നാവും, വീടുകൾ നന്നായാൽ സമൂഹവും നന്നാവും.)

വ്യക്തി ശുചിത്വത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കൈകൾ ശുചിയായി വയ്ക്കുക എന്നതാണ്. കാരണം കൈപ്പത്തി ഉപയോഗിച്ചാണ് നമ്മൾ കണ്ണിലും മൂക്കിലും വായിലും തൊടുന്നത്. കൈകളിൽ രോഗാണു ഉണ്ടെങ്കിൽ അവ ഇങ്ങനെ ശരീരത്തിൽ പ്രവേശിക്കുകയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതു കൊണ്ട് കൂടെക്കൂടെ കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നതിലും തെറ്റില്ല. പൊതു സ്ഥലങ്ങളിൽ പോയി വന്നാൽ ഉറപ്പായും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകിയിരിക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ വയറിളക്കരോഗങ്ങൾ ,ത്വക്ക് രോഗങ്ങൾ ,പകർച്ചപ്പനി തുടങ്ങി നമ്മൾ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന കോവിഡിനെ വരെ ഒഴിവാക്കാം .

എല്ലാവരും ചിന്തിക്കും എങ്ങനെയാണ് സോപ്പ് രോഗാണുക്കളെ തടയാൻ സഹായിക്കുന്നതെന്ന്. കൊറോണ പോലെയുള്ള വൈറസുകളുടെ ചുറ്റും മനുഷ്യ ശരീരത്തിൽ ഒട്ടിപ്പിടിക്കാൻ സഹായിക്കുന്ന ഒരു പാളിയുണ്ട്. സോപ്പുപയോഗിക്കുമ്പോൾ ആ പാളി ഇല്ലാതാവുകയും മനുഷ്യ ശരീരത്തിൽ പറ്റിപ്പിടിച്ച് പ്രവർത്തിക്കാനുള്ള അവയുടെ ശേഷി നഷ്ടപ്പെടുകയും ചെയ്യും.

പകർച്ചപ്പനി പോലെയുള്ള രോഗങ്ങൾ നമുക്കാണുള്ളതെങ്കിൽ അത് മറ്റുള്ളവരിലേക്ക് പകരാതെ നോക്കേണ്ടതും നമ്മുടെ കർത്തവ്യമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക്കുപയോഗിച്ചോ മുഖം മറയ്ക്കുക .കഴിയുന്നതും പൊതുപരിപാടികളിൽ പങ്കെടുക്കാതിരിക്കുക. വഴിയരികിൽ തുപ്പാതിരിക്കുക. ദിവസവും സോപ്പിട്ട് കുളിക്കുക, കഴുകി ഉണക്കിയ വസ്ത്രങ്ങൾ ധരിക്കുക, ഇവ ത്വക്ക് രോഗങ്ങൾ ഒഴിവാക്കുന്നു.

ആരോഗ്യവും ശുചിത്വവും ഒരു പോലെ കൊണ്ടു പോകേണ്ടവയാണ്. ശുചിത്വം മാത്രം ഉണ്ടായാൽ പോര ആരോഗ്യവും ഉണ്ടാകണം. എല്ലാ ദിവസവും രണ്ട് ലിറ്റർ ( 10 ഗ്ലാസ് ) വെള്ളമെങ്കിലും കുടിച്ചിരിക്കണം. പച്ചക്കറി ,പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. വ്യായാമം ശീലമാക്കുക. അതും മനസ്സിനെ തണുപ്പിക്കും. സമാധാനവും നൽകും. പച്ചക്കറികൾ അടുക്കള തോട്ടം ഉണ്ടാക്കി അവിടെ കൃഷി ചെയ്താൽ വിഷമില്ലാത്ത സ്വാദിഷ്ടമായ ഭക്ഷണം നമുക്ക് കഴിക്കാനാവും കൃഷിയെ ഒരു വ്യായാമം ആയി കരുതിയാൽ ഊർജ്ജസ്വലത വർദ്ധിക്കും.എണ്ണ കലർന്ന ബേക്കറി സാധനങ്ങൾ കുറച്ച് നമ്മുടെ വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുക . പച്ചക്കറി പഴവർഗങ്ങൾ കൂടുതൽ കഴിക്കുന്നത് നമ്മുടെ പ്രതിരോധ ശക്തിയും ബുദ്ധിയും വർദ്ധിപ്പിക്കും.

ഗൃഹ ശുചിത്വം പാലിച്ചാൽ, ചുറ്റുപാട് വൃത്തിയായി സൂക്ഷിച്ചാൽ നമുക്ക് മറ്റു സ്ഥലത്ത് പോയാലും വൃത്തിഹീനമായി കിടന്നാൽ അത് വൃത്തിയാക്കാൻ തോന്നുന്നു. അത് വഴിയരികിൽ ആണെങ്കിൽ പോലും. റോഡുകൾ ഇപ്പോൾ വളരെ മോശമായി വരികയാണ്. ഹിമാലയൻ മലനിരകളെ വെല്ലുന്ന പ്ലാസ്റ്റിക് കൂമ്പാരങ്ങൾ നമുക്കിപ്പോൾ പലയിടങ്ങളിൽ കാണാൻ സാധിക്കും.

പ്ലാസ്റ്റിക് തെർമോകോൾ തുടങ്ങിയ വസ്തുക്കൾ മണ്ണിൽ അഴുകാത്തതിനാൽ അത് മണ്ണിൽ കിടന്നു മണ്ണ് വിഷാംശമുള്ളതാകും. അതുകൊണ്ട് അങ്ങനെയുള്ള വസ്തുക്കൾ വലിച്ചെറിയാൻ പാടില്ല. പിന്നെ പൊട്ടി കിടക്കുന്ന ഓടകളും, അതിൽ നിന്നും ഒഴുകുന്ന മലിനജലവും, കെട്ടിക്കിടക്കുന്ന ജലവും, നമ്മുടെ പൊതുനിരത്തുകളുടെ പണ്ടത്തെ മനോഹാരിത ഇല്ലാതാക്കുന്നു.

ചപ്പുചവറുകൾ, കൂടിക്കിടക്കുന്ന കൂമ്പാരങ്ങളും കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കൊതുക് എലി തുടങ്ങിയവ വളരുന്നു. അവ എലിപ്പനി ഡെങ്കിപ്പനി ചിക്കുൻഗുനിയ തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്നു. മലിനജലത്തിലൂടെ പാദരക്ഷ ധരിക്കാതെ നടക്കുന്നത് ത്വക്ക് രോഗങ്ങൾക്കും കാരണമാകുന്നു. എന്നാൽ എല്ലാവരും പരിസരം വൃത്തിയാക്കുന്നില്ല. ചിലരെങ്കിലും മാലിന്യങ്ങൾ ശേഖരിച്ച് ഇല്ലായ്മ ചെയ്തു മാതൃക ആകുന്നുണ്ട്.കുട്ടികൾ പോലും റോഡുകൾ വൃത്തിയാക്കാനുള്ള ശ്രമങ്ങൾ നടത്താറുണ്ട്.

ചില കുട്ടികൾ സ്വന്തം ക്ലാസ് മുറികൾ വളരെ മോശമായി ഇടാറുണ്ട്. പേപ്പർ കഷ്ണങ്ങൾ പ്ലാസ്റ്റിക് കഷണങ്ങൾ തുടങ്ങിയ വസ്തുക്കൾ സ്കൂൾ പരിസരത്തേക്കും വലിച്ചെറിയുന്നവർ ഉണ്ട്. അവരവരുടെ ക്ലാസ് മുറികൾ വൃത്തിയാക്കാനും മടിയുള്ളവരുണ്ട്. കഴിഞ്ഞ കാലങ്ങളിൽ പല രാജ്യങ്ങളിലേയും സ്കൂളുകളിൽ ശുദ്ധമായ, അടുക്കും ചിട്ടയും ഉള്ള അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത് .നല്ല ശുചിത്വ ശീലങ്ങൾ വളർത്തിയെടുക്കാൻ അത് വിദ്യാർഥികളെ സഹായിച്ചിരുന്നു. എന്നാൽ ഇന്നത്തെ സ്ഥിതിയോ? ഇപ്പോൾ ക്ലാസ് മുറികളിൽ പോലും ചപ്പുചവറുകൾ കാണാം.

ചപ്പുചവറുകൾ പെറുക്കുക ,അല്ലെങ്കിൽ ക്ലാസ് വൃത്തിയാക്കുക എന്നത് ഒരു ശിക്ഷ ആയിട്ടാണ് ചില കുട്ടികൾ കാണുന്നത് . ഒരു ഓസ്ട്രേലിയൻ ഹൈസ്കൂളിന് സൂക്ഷിപ്പുകാരൻ പറഞ്ഞതാണിത് . നമ്മൾ പഠിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നത് നമ്മുടെ കടമയാണ്. നമ്മൾ വൃത്തിയാക്കാൻ മടി കാണിച്ചാൽ അത് കണ്ട് നമ്മുടെ കൂട്ടുകാരും വൃത്തിയാക്കാതെ ആവും . അതുകൊണ്ട് നമ്മൾ വൃത്തിയാക്കി മാതൃകയാവുകയാണ് വേണ്ടത്.

പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ അതിൻറെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുന്നത് നമുക്കും നമ്മുടെ ജീവികൾക്കുമാണ് ആണ് .നമ്മൾ കുട്ടികളാണ് ,നമ്മളാണ് നമ്മുടെ അനിയത്തിമാർക്കും അനിയന്മാർക്കും മാതൃകയാക്കേണ്ടത്.

കേരളം ഒഴികെയുള്ള ഇന്ത്യയുടെ പ്രദേശങ്ങളിൽ വെളിയിടങ്ങളിൽ മലമൂത്രവിസർജനം സാധാരണമാണ്. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ആ ശീലം ഗണ്യമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.

കേരളത്തിൻ്റെ പദ്ധതികളായ ശുചിത്വമിഷൻ ഹരിത കർമ്മ സേന തുടങ്ങിയ പദ്ധതികൾ ഈ രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നു.

ഗൗരി സാവിത്രി എം.എച്ച്
7D മണ്ണാറശാല യു.പി.സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം