ജി യു പി എസ് ആര്യാട് നോർത്ത്/അക്ഷരവൃക്ഷം/വേർപാട്
വേർപാട്
ടർർ.......... കാതടപ്പിക്കുന്ന ഈ ശബ്ദം കേട്ടാണ് ഞാനുണർന്നത്. ഇന്ന് പതിവിലും വളരെ താമസിച്ചിരിക്കുന്നു. നേരം ഏറെ പുലർന്നു പോയി. ഉറക്കം വിട്ട് ഞാൻ പുറത്തേയ്ക്കിറങ്ങി. ചുറ്റും ഒന്ന് കണ്ണോടിച്ചു. ഒരു അങ്കിൾ മരത്തിന്റെ ചില്ലകൾ വെട്ടി മാറ്റുന്നു. മറ്റൊരാൾ മുറിഞ്ഞു വീഴുന്ന ശാഖകൾ എടുത്തു മാറ്റുന്നു. “ അയ്യോ!” എന്റെ മുത്തശ്ശി പ്ലാവ്. എല്ലാ വർഷവും തേനൂറും വരിക്കച്ചക്കകൾ തരുന്ന പ്ലാവാണിത്. ഓണത്തിന് ഊഞ്ഞാലിടുന്നതും അവധിക്കാലത്ത് കൂട്ടുകാരോടൊപ്പം കളിക്കാൻ കൂടുന്നതും ഇതിന്റെ തണലിലാണ്.ധാരാളം ശാഖകളുള്ളതും ചക്കകൾ പിടിക്കുന്നതുമായ പ്ലാവ്. ഇതിലെ ചക്കകൾ അയൽവീടുകളിൽ നൽകാറുണ്ട്. എല്ലാവർക്കും ഏറെ ഇഷ്ടമാണ്. എനിക്ക് വിഷമമായി. ഞാൻ അച്ഛന്റെ അടുത്തേയ്ക്ക് ഓടിച്ചെന്നു.“ അച്ഛാ....എന്റെ പ്ലാവ് മുറിയ്ക്കുന്നു...... ” ഞാൻ സങ്കടത്തോടെ പറഞ്ഞു. “ നമുക്ക് പുതിയ വീട് വെയ്ക്കണ്ടേ? അതിനാണ് മോളെ മുറിയ്ക്കുന്നത്.” അച്ഛന്റെ ആ മറുപടി എനിക്ക് ഇഷ്ടമായില്ല. ശാഖകൾ തുടരെ വീണുകൊണ്ടിരുന്നു. സങ്കടത്തോടെ ഞാൻ അകത്തേയ്ക്കു പോയി.ഒന്നുമറിയാതെ അനുജത്തി ഉറങ്ങി കിടക്കുന്നു.എനിക്ക് ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല. പഴുത്ത തേൻ വരിയ്ക്കചക്കകൾ തുരന്നു തിന്നാൻ വരുന്ന അണ്ണാറക്കണ്ണനും കിളികളും എന്റെ ചിന്തയിലെത്തി. ഒരു മരം നിരവധി ജീവികൾക്ക് ആശ്രയമെന്ന് ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്.സങ്കടത്തോടെ ഞാൻ മുത്തശ്ശി പ്ലാവിനടുത്തേയ്ക്ക് ചെന്നു. ചുറ്റും ചിതറി കിടക്കുന്ന മരക്കൊമ്പുകൾ. ശാഖകളെല്ലാം നിലം പൊത്തിയിരിക്കുന്നു. ഇനി തായ് ത്തടി മാത്രം.മരം മുറിയ്ക്കുന്നവർ ലഘുഭക്ഷണം കഴിയ്ക്കാനായി പോയി. “ കീ....കീ.....കീ...... ” ഒരു കിളിക്കുഞ്ഞിന്റെ ശബ്ദം.തൊടികൾ നിറയെ മരങ്ങളാണ്. മുറിച്ചിട്ടിരിയ്ക്കുന്ന മരച്ചില്ലകൾക്കിടയില് നിന്നാണോ ഈ ശബ്ദം കേൾക്കുന്നത്. ഞാൻ ചില്ലകൾക്കിടയിൽ പരതി നോക്കി. “ അതാ, ഒരു കിളിക്കുഞ്ഞ് ” എന്തു ഭംഗിയാണ് അതിനെ കാണാൻ. അതിന്റെ കണ്ണുകളിലെ ഭയവും വേദനയും എനിയ്ക്ക് കാണാൻ കഴിഞ്ഞു. ഞാനതിനെ എടുത്ത് മാറോട് ചേർത്ത് അമ്മയുടെ അടുത്തേയ്ക്ക് ഓടി. അമ്മയും അനുജത്തിയും കിളിക്കുഞ്ഞിനെ കണ്ട് അത്ഭുതപ്പെട്ടു.അനുജത്തിയ്ക്ക് കിളികുഞ്ഞിനെ കളിയ്ക്കാൻ കിട്ടിയ സന്തോഷം. “ മഞ്ഞക്കിളീ .........മഞ്ഞക്കിളീ ........” അവൾ സന്തോഷത്തോടെ ഒച്ച വെച്ചു. അനുജത്തി ഇതിനെ നോവിക്കും. കിളിക്കുഞ്ഞിനെ ഞാൻ അമ്മയുടെ കൈയ്യിൽ കൊടുത്തു. ഭാഗ്യം........... കിളിക്കുഞ്ഞിന് ഒന്നും പറ്റിയില്ല. അമ്മയുടെ പരിചരണം അതിന്റെ പേടി മാറ്റിയെന്ന് തോന്നുന്നു. ഞാൻ ഒരു പാത്രത്തിൽ പശുവിൻപാൽ കൊണ്ടു വന്ന് അമ്മയുടെ കൈയ്യിൽ കൊടുത്തു. അമ്മ അതിന് ശ്രദ്ധയോടെ ആ പാൽ കൊടുത്തു. അത് കുടിക്കുന്നുണ്ട്. കൈയ്യിൽ കിട്ടിയാൽ അമർത്തിപ്പിടിച്ച് കളിയ്ക്കാൻ കാത്തിരിക്കുകയാണ് അനുജത്തി. അതോടെ ഇതിന്റെ കഥ കഴിയും. തൊടിയിൽ നിന്ന് വീണ്ടുമൊരു കിളിശബ്ദം എന്റെ കാതിലെത്തി. ഞാൻ തൊടിയിലേയ്ക്കിറങ്ങി.അമ്മക്കിളിയാണെന്ന് തോന്നുന്നു. മുത്തശ്ശിപ്ലാവിന് തൊട്ടടുത്ത മരച്ചില്ലയിൽ നിന്ന് അത് കരയുന്നു. കുഞ്ഞിനെ കാണാത്ത സങ്കടമാണോ അതിന്റെ കരച്ചിലിൽ?........... ഞാൻ അമ്മയുടെ അടുത്തേയ്ക്കു പോയി. “ കരച്ചില് കേട്ടിട്ട് അമ്മക്കിളിയാണെന്ന് തോന്നുന്നു..........കിളിക്കുഞ്ഞിനെ നമുക്ക് അമ്മയെ ഏൽപ്പിക്കാം.........” അമ്മ പറഞ്ഞു. അനുജത്തിക്ക് സങ്കടമായി. “ വേണ്ട...... എനിക്കിതിനെ കളിക്കാൻ വേണം........” അവൾ ചിണുങ്ങി. “ വേണ്ട മോളെ....... നമുക്കിതിനെ അമ്മയുടെ അടുത്തെത്തിക്കാം. കുഞ്ഞിനെ കാണാതെ അമ്മക്കിളി എന്തു മാത്രം വിഷമിച്ചിട്ടുണ്ടാവും..... നിന്നെ കാണാതിരുന്നാൽ അമ്മയ്ക്ക് എന്ത് വിഷമമാണെന്നോ?....” അനുജത്തിയെ ചേർത്തുപിടിച്ച് അമ്മ പറഞ്ഞു. കിളിക്കുഞ്ഞുമായി ഞങ്ങൾ തൊടിയിലേയ്ക്കു പോയി. മരക്കൊമ്പിലിരുന്ന് അമ്മക്കിളി കരയുന്നു. കുഞ്ഞിക്കിളിയെ അമ്മ തൊട്ടടുത്ത മരക്കൊമ്പിലിരുത്തി ഞങ്ങൾ മാറി നിന്നു. അമ്മക്കിളി കിളിക്കുഞ്ഞിനടുത്തേയ്ക്ക് പറന്നെത്തി. കിളിക്കുഞ്ഞിനും അമ്മയ്ക്കും സന്തോഷമായി. അത് അമ്മയുടെ അടുത്തേയ്ക്ക് ചേർന്നു നിന്നു. കുഞ്ഞിക്കിളിയും അമ്മയും ഞങ്ങളെ നോക്കുന്നുണ്ട്. അമ്മയും കുഞ്ഞും ചാടിയും നടന്നും അടുത്ത മരച്ചില്ലയിലേയ്ക്കു പോയി.കരച്ചിലിന്റെ വക്കോളമെത്തിയ അനിയത്തിയെ കൂട്ടി ഞങ്ങൾ അകത്തേയ്ക്കു പോയി. മരം മുറിയ്ക്കുന്ന മെഷീന്റെ കാതടപ്പിക്കുന്ന ശബ്ദം വീണ്ടും മുഴങ്ങി. മുത്തശ്ശിപ്ലാവിന്റെ തായ് ത്തടിയും നിലം പൊത്തി.മുത്തശ്ശിപ്ലാവ് എനിക്കിനി ഓർമ്മ മാത്രം.പുതിയ വീട്ടിലിരുന്ന് ബാല്യത്തിന്റെ മധുരമുള്ള ഓർമ്മകൾ ഓർത്തെടുക്കുമ്പോൾ മുത്തശ്ശിപ്ലാവ് ഒരു നോവായി എന്നും എന്നിലുണ്ടാവും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |