ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/കരുതൽ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ നൊമ്പരം

പതിവു പോലെ ഞാനെഴുന്നേറ്റു വരുമ്പോൾ അച്ഛൻ അടുക്കളയിൽ തിരക്കിലാണ് എന്നും ചോദിക്കാറുള്ള ആ ചോദ്യം ഞാൻ ഇന്നും ആവർത്തിച്ചു, അമ്മയെന്ന് വരും ഉള്ളിലെരിയുന്ന കനലിന് പുഞ്ചിരി മറയാക്കി അച്ഛൻ പറഞ്ഞു അമ്മ ഇന്നു വരും

അച്ഛനൂട്ടിയ രക്ഷണത്തിന് ഉപ്പ് പോരായിരുന്നു അമ്മയോർമ്മകൾ രണ്ട് തുള്ളി കണ്ണീരിന്റെ സഹായത്താൽ ഉപ്പ് പാകമാക്കി സൂര്യനൊന്ന് തണുത്തപ്പോൾ അച്ഛനെയും കൂട്ടിയിറങ്ങി റോഡുകൾ വിജനമായിരുന്നു ഇടക്കിടെയുള്ള പോലീസിന്റെ അന്വേഷണത്തിനൊടുവിൽ അവിടെയെത്തി

ഒടുവിൽ എണ്ണമറ്റ വെള്ള വസ്ത്രധാരികൾക്കിടയിൽ നിന്നും അതാണെന്റെമ്മ എന്ന് ആ നോട്ടം സാക്ഷ്യപ്പെടുത്തി അമ്മ കണ്ണെഴുതിയിരിക്കുന്നത് തെറ്റായാണെന്ന് ആരും പറഞ്ഞു കാണില്ല. അത് പടർന്നിരിക്കുന്നു കുതറിയോടാനാഞ്ഞ പല ശ്രമങ്ങളെയും അച്ഛൻ തടഞ്ഞു ഒരു നിമിഷത്തെ അശ്രദ്ധ മുതലാക്കി, ആശുപത്രിക്കു മുന്നിൽ നിറകണ്ണുകളുമായി നിൽക്കുന്ന അമ്മയുടെ അടുത്തേക്ക് ഞാൻ കുതിച്ചു അമ്മയെന്നെ വാരിയെടുത്തുമ്മ വയ്ക്കുമെന്നു ഞാൻ കരുതി

അമ്മ തിരിഞ്ഞ് ചില്ലുവാതിലടച്ചു കളഞ്ഞു ഒരു നിമിഷം മരവിച്ചു പോയ ഞാൻ ചില്ലുവാതിലിനിപ്പുറം നിന്ന് അമ്മേ എന്ന് കരഞ്ഞു ഞാൻ കരുതി എന്റെ കരച്ചിൽ കേട്ടുകാണില്ല കേട്ടെങ്കിൽ അമ്മയെന്നോടൊപ്പം വന്നേനെ തിരിച്ചു പോരുമ്പോളൊരായിരം തവണ ഞാൻ തിരിഞ്ഞു നോക്കി, അമ്മ പലവട്ടം കണ്ണു തുടക്കുന്നത് ഞാൻ കണ്ടു, ഈ സന്ദർഭത്തിൽ അത് പാടില്ലെന്ന് എന്നെ പഠിപ്പിച്ചത് അമ്മ മറന്നു കാണും

അമ്മ എന്തിനാവും വാതിലടച്ചതെന്ന സംശയം അഛനോടു ചോദിച്ചു. അച്ഛനുത്തരമില്ലായിരുന്നു. അതുമാലോചിച്ച് എപ്പഴോ ഉറങ്ങിയപ്പോൾ സ്വപ്നത്തിലമ്മ പറഞ്ഞു അതു നിന്നോടുള്ള കരുതലായിരുന്നു

ദിയ സി
10 എ ഐ എം എൻ എസ് ജി എച്ച് എസ് എസ് മയ്യിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ