സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മകുടധാരിയുടെ ഓർമ്മപ്പെടുത്തൽ
"മകുടധാരിയുടെ ഓർമ്മപ്പെടുത്തൽ"
സ്വച്ഛസുന്ദരമായൊരു വാനവും തെളിനീരും ശീതളിമയാർന്ന പച്ചപ്പും തന്നന്നുഗ്രഹിച്ച് അവിടെ ജീവിക്കാൻ അനുവാദം തന്ന ദൈവം ഒരിക്കലും ചിന്തിച്ചു കാണില്ല തൻ്റെ സൃഷ്ടികൾ തന്നെ ശത്രുക്കളാവുമെന്ന്. എന്നിട്ടും തൻ്റെ മക്കൾക്കായവൻ പിന്നെയും പിന്നെയും നിധികുംഭങ്ങൾ നൽകി അന്നമായും മരുന്നായും ശ്വാസവായുവായും വച്ചു നീട്ടിയതൊക്കെയും കവർന്നെടുത്ത് ആർത്തി തീരാതെ താ... താ... എന്നാർത്തുകൊണ്ടിരുന്നു. ഒരമ്മയ്ക്ക് തൻ്റെ മക്കളുടെമേലുള്ള കരുതലും സ്നേഹവും നീക്കുപോക്കുകളും ആവോളം അവർ ഉപയോഗപ്പെടുത്തി. ഒടുക്കം മാതാവിൻ്റെ ശരീരം തന്നെ ചീന്തിയെറിയാൻ പാകത്തിൽ അവൻ്റെ മനസ്സ് പാകപ്പെട്ടപ്പോൾ തിരിഞ്ഞു നോക്കാനും പശ്ചാത്തപിക്കാനും അവസരങ്ങൾ നൽകി. പ്രകൃതിദുരന്തങ്ങളായും മാറാവ്യാധികളായും ഇടയ്ക്കിടെ വന്നു പോയി. ക്ഷണനേരത്തേയ്ക്ക് അടങ്ങിയ മനുഷ്യൻ പഴയതെല്ലാം ത്രിണവൽഗണിച്ച് മുൻപത്തേതിനേക്കാൾ സ്വാർത്ഥിയും ക്രൂരനുമായി. ലോകമെമ്പാടുമുള്ള മനുഷ്യനെ മുൾമുനയിൽ നിർത്തുന്ന മഹാമാരിയായി കൊറോണ അഥവ കോവിഡ് - 19 എന്ന പേരിൽ അവൻ എത്തിയിരിക്കുന്നു. പരിസ്ഥിതിയിൽ വന്ന മാറ്റങ്ങളാവാം ഇത്തരം മഹാമാരികളുടെ ഉത്ഭവത്തിന് കാരണം. പേരും പെരുമയും തേടിപ്പോകുന്ന പുതുതലമുറ പരിസ്ഥിതിയെ ശ്രദ്ധിക്കാൻ മറന്നു പോകുന്നു. മനുഷ്യൻ്റെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് ആധാരമായതിനെ മറന്നു പ്രവർത്തിക്കുന്നു. ഇന്നതിൻ്റെ അവസ്ഥ അപകടത്തിലാണെന്നത് അവർ അറിയുന്നില്ല. ശാസ്ത്രീയവും ജ്യോതിഷപരവുമായ നിഗമനങ്ങൾക്കപ്പുറം ഒരു ശക്തിയുണ്ടെന്ന് അവൻ മറന്നു. നാം സൃഷ്ടിച്ച അവസ്ഥയാണിത്. സ്വന്തം വീടിന് ചുറ്റുമുള്ള മണ്ണിനെ അറിയാതെ കംബോളത്തിൽ നിന്നും പണം കൊടുത്ത് വാങ്ങുന്നവ എത്രത്തോളം വിശ്വസനീയമാണെന്ന് ആരും ചിന്തിക്കാറില്ല. നമ്മുടെ ഭക്ഷണശീലങ്ങളിലും മറ്റും വന്ന മാറ്റങ്ങളും പരസ്ഥിതി പ്രശ്നങ്ങൾക്ക് വഴിതെളിക്കുന്നു. ശുചിത്വത്തിൻ്റെ കാര്യത്തിൽ നാം ഏറെ മുൻപിലാണ്. വ്യക്തിശുചിത്വത്തിൽ രാജ്യം മുന്നേറിയെങ്കിലും പൊതുശുചിത്വം വരുമ്പോൾ പുറകിലാണ്. പൊതുശുചിത്വമെന്നാൽ നാം വസിക്കുന്ന പരിസ്ഥിതിയെ ശുചിയായി സുക്ഷിക്കുന്ന പ്രവർത്തിയാണ്. നമ്മുടെ വീട് വൃത്തിയാക്കുമ്പോൾ അത് നിക്ഷേപിക്കാനുള്ള ഇടമല്ല അയൽവാസിയുടെ പറമ്പെന്ന് അറിയണം. വഴിയരികിൽ ആരുമറിയാതെ വലിച്ചെറിയുന്ന ശീലവും നിർത്തണം. ഇപ്പോഴത്തെ സാഹചര്യം നമുക്കേവർക്കും അറിയുന്നതാണ്. മഹാമാരിയെ തുരത്തിയോടിക്കാൻ സമയമായിരിക്കുന്നു. കൊറോണ എന്ന മഹാവിപത്തിനെ തരണം ചെയ്യാൻ വേണ്ടത് നമ്മൾ ഓരോരുത്തരും ശീലിക്കേണ്ടിയിരിക്കുന്നു. വീട്ടിൽ തന്നെ ഇരുന്നും സാമൂഹിക അകലം പാലിച്ചും ഇടയ്ക്കിടെ കൈകൾ കഴുകാനും നാം ശീലമാക്കി. അത്യാവശ്യത്തിന് മാത്രം വീടിന് പുറത്തിറങ്ങാനും അത്തരം സന്ദർഭങ്ങിൽ മാസ്കും കൈയ്യുറയും ധരിക്കാനും ശീലിച്ചു. പുറത്തു നിന്നും വാങ്ങുന്ന സാധനങ്ങൾ അണുവിമുക്തമാക്കി ഉപയോഗിക്കാനും ശീലിച്ചു. കൊറോണയെ പേടിക്കുകയല്ല പകരം കരുതലാണ് വേണ്ടത്. ഏതൊരു അവസ്ഥയ്ക്കും മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്. ഭരണകൂടം തരുന്ന നിർദേശങ്ങൾ കർശനമായും പാലിക്കാൻ നാം ബാധ്യസ്തരാണ്. ഒപ്പം ഈ മഹായജ്ഞത്തിൽ സ്വന്തം ജീവനും കുടുംബവും മറന്ന് പോരാടുന്ന ആരോഗ്യപ്രവർത്തകർ, ഭിഷഗ്വരന്മാർ, സന്നദ്ധസംഘടനകൾ, സുമനസ്സുകൾ, നിയമപാലകർ എല്ലാവർക്കും എൻ്റെ നമോ വാകം. നമുക്കും അവരോടൊപ്പം കൈകോർക്കാം ഈ മഹാമാരിയെ ഭൂമുഖത്തുനിന്നുതന്നെ തുരത്താം. "ലോകാ സമസ്താ സുഖിനോ ഭവന്തു"
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |