ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/അക്ഷരവൃക്ഷം/ഭൂമിയെന്ന അമ്മയും ,അമ്മയെ കൊല്ലുന്ന മക്കളും

ഭൂമിയെന്ന അമ്മയും ,അമ്മയെ കൊല്ലുന്ന മക്കളും

തലക്കെട്ട് വായിക്കുമ്പോൾ തോന്നും ഇതെന്താ ഇങ്ങനെ പറയുന്നത്? അമ്മയെ കൊല്ലുന്ന എന്നൊക്കെ, എന്നാൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഈ വാക്കുകൾ അന്വർത്ഥമാണ്. ദിവസവും പത്രങ്ങൾ നോക്കിയാൽ കാണാൻ സാധിക്കും. അച്ഛനെ കൊന്ന മകൻ അമ്മയെ കൊന്ന മകൾ ഇങ്ങനെ നിരവധി കൊലപാതകങ്ങൾ, പീഡനങ്ങൾ എന്തൊരു അരക്ഷിതാവസ്ഥയാണ് എങ്ങും നമ്മുടെ നാട് ഇത്ര അധപതിച്ചു പോയോ? മനുഷ്യ ജീവന് പോലും ഇവർ ഇത്രയ്ക്ക് വില നൽകാത്തത് എന്ത്? നമ്മുടെ മനസ്സിൽ ഉയരുന്ന സ്വാഭാവിക ചോദ്യങ്ങളാണിവ. മാനുഷിക മൂല്യങ്ങൾക്കും ജീവനും വിലകൽപ്പിക്കുന്ന വരാണ് നാം എന്നാൽ ഇന്ന് ഇവയുടെ അഭാവം ആണ് മുകളിൽ പറഞ്ഞവക്ക് എല്ലാം കാരണം. നാം മാനുഷികമൂല്യങ്ങൾ എന്ന് പറയുകയോ മനസ്സിൽ സൂക്ഷിക്കുകയോ ചെയ്താൽ മാത്രം പോരാ. അവ നമ്മൾ ചെയ്യുന്ന പ്രവർത്തികളിൽ പ്രാവർത്തികമാക്കാൻ കഴിയണം. അതിനായി ശ്രമിക്കണം. നാം എന്ന ഈ മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചുവോ , നാം എന്നുമുതൽ ജീവന് വിലകൽപ്പിക്കാതിരുന്നോ, അന്നുമുതൽ ലോകം അധപതിച്ചു തുടങ്ങി. മുകളിൽ പറഞ്ഞ സംഭവങ്ങൾ സമകാലികപ്രസക്തി ഉള്ളവയാണ്.

ഇനി ഭൂമിയുടെ കാര്യത്തിലേക്ക് വരാം മനുഷ്യനാണ് മതങ്ങൾ സൃഷ്ടിച്ചത്. എന്നാൽ എല്ലാ മതങ്ങളുടേയും ലക്ഷ്യം ഒന്നു മാത്രമാണ്. സ്നേഹം, എന്നാൽ ഇത് മനുഷ്യർക്കിടയിൽ എന്ന് നഷ്ടപ്പെട്ടു അന്നുമുതൽ ഭൂമിയുടെ അവസ്ഥ വളരെ ദയനീയമാണ്. നമ്മുടെ യുവാക്കളുടെ ഭാഷയിൽ പറഞ്ഞാൽ ഭൂമിയുടെ കാര്യം കട്ടപ്പൊക ആയി. തന്നെത്തന്നെയും മറ്റുള്ളവരെയും സ്നേഹിക്കാൻ കഴിഞ്ഞാൽ അല്ലേ ഭൂമിയെ സ്നേഹിക്കാൻ കഴിയൂ പക്ഷെ ഭൂമിയെ സ്നേഹിക്കുന്നവർ ഇല്ലന്നെല്ല ഇതിനർത്ഥം ,ഉണ്ട് , ഭൂമിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട് .അത് പ്രാവർത്തികമാക്കാൻ കാരണം അവരുടെ ഹൃദയങ്ങളിൽ മൂല്യങ്ങൾ സൂക്ഷിക്കുന്നത് കൊണ്ടും ,ഈ ഭൂമി വരും തലമുറകൾക്കും കൂടി വേണ്ടിയുള്ളതാണെന്ന ബോധ്യം ഉള്ളതുകൊണ്ടുമാണ് . സത്യം പറഞ്ഞാൽ അവരുടെ ഔദാര്യം കൊണ്ടാണ് നാം ഇന്ന് ജീവിക്കുന്നത് .ഇപ്പോൾ നിങ്ങൾ വിചാരിക്കും ,അവരുടെ ഔദാര്യത്തിലോ ? ഞങ്ങൾ അധ്വാനിച്ചു തന്നെയാണ് ജീവിക്കുന്നത് .ശെരിയാണ് . നമ്മൾ എല്ലാവരും അധ്വാനിച്ചു ജീവിക്കുന്നവർ തന്നെയാണ് .എന്നാൽ ജീവിക്കണമെങ്കിൽ പണം മാത്രം മതിയാകില്ല പണം ഭൗതിക ആവശ്യങ്ങൾക്ക് മാത്രമേ ഉപകാരപ്പെടുക യുള്ളൂ. ജീവിക്കണം എങ്കിൽ തീർച്ചയായും ശുദ്ധവായുവും ശുദ്ധജലവും പിന്നെ ഭക്ഷണവും കൂടിയേതീരൂ. ശുദ്ധവായു നമുക്ക് നൽകുന്നതാകട്ടെ, മരങ്ങളും, ഇപ്പോഴുള്ള മരങ്ങളെല്ലാം നമ്മുടെ പൂർവികരുടെ യും പ്രകൃതി സ്നേഹികളുടെയും സമ്മാനമാണ്

ലോകം വികസനങ്ങൾ കായും അല്ലാതെ സ്വന്തം ലാഭങ്ങൾക്കായും വ്യവസായവത്കരിക്കപ്പെട്ടതോടെ മരങ്ങൾ മുതൽ ജലാശയങ്ങൾ വരെയും മനുഷ്യന്റെ ക്രൂരതക് ഇരയായി .മനുഷ്യരുടെ സ്വാർത്ഥ താല്പര്യങ്ങൾക് വേണ്ടി ചെയ്ത് കൂട്ടിയവയെല്ലാം പ്രത്യേകിച്ച് വിഷ വാതകങ്ങൾ തുപ്പുന്ന വ്യവസായ ശാലകൾ എല്ലാം തന്നെ ഭൂമിയെ കാർന്ന് തിന്നു കൊണ്ടിരിക്കുകയാണ് .മനുഷ്യന് ഒരു ദോഷവും ഇതുകൊണ്ട് ഉണ്ടാവില്ല എന്ന് വാദിക്കുന്നവർ മനസ്സിലാക്കാത്ത ഒരു കാര്യം ഉണ്ട് .പ്രത്യക്ഷത്തിൽ ഇത് മനുഷ്യനെ ബാധിക്കില്ല എന്നെ ഉള്ളു .എന്നാൽ ഇവ തുപ്പുന്ന ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷമെന്ന ഭൂമിയുടെ സംരക്ഷണ കോട്ടയെ തകർക്കുകയും ഭൂമിയെ മലിനമാക്കുകയും ചെയ്യുന്നു .ഈ ശാലകളുടെ സമീപം താമസിക്കുന്നവർ ശ്വസനസംബന്ധമായ രോഗങ്ങൾക് അടിമകൾ ആണ്എന്ന വസ്തുത നമ്മളെ ഇതിന്റെ ദൂഷ്യ വശങ്ങൾ എന്തൊക്കെ എന്ന ബോധം ഉളവാക്കുന്നതാണ് . ഇവിടെ നിന്നുള്ള മറ്റു മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് തള്ളുന്നത് ജലാശയങ്ങളിൽ ഉള്ള ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയേയും ബാധിക്കുന്നു.

വ്യവസായശാലകളിലെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല കാരണം. ഭൂമിയെ കാർന്നു തിന്നുന്നതിൽ നാമും പങ്കാളികളാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഇലക്ട്രോണിക് വേസ്റ്റ് കളും മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്ക്കുന്നു. ശുചിത്വം പാലിക്കണമെന്ന് ഏതുനേരവും പറയുന്ന നമ്മൾ തന്നെ, പ്ലാസ്റ്റിക്കുകളും മറ്റു വസ്തുക്കളും മണ്ണിലേക്കും പൊതു സ്ഥലങ്ങളിലേക്കും വലിച്ചെറിയുന്നു. ഇവ ചുറ്റുപാടും താമസിക്കുന്നവർക്ക് പലവിധത്തിൽ പ്രത്യേകിച്ചും രോഗങ്ങൾക്ക് വരെ കാരണമാകുന്ന വിധത്തിൽ ബാധിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ മിക്കയിടങ്ങളിലും നമുക്ക് മാലിന്യ കൂമ്പാരങ്ങൾ കാണാൻ സാധിക്കും. വിഷവാതകങ്ങളും പൊടിപടലങ്ങളും സൃഷ്ടിക്കുന്ന അന്തരീക്ഷം ഭൂമിയുടെ അന്തരീക്ഷത്തെ തകർക്കുന്നത് ആഗോളതാപനത്തിനും വഴിവയ്ക്കുന്നു. ഇത് കാലാവസ്ഥാവ്യതിയാനം എന്ന പ്രതിഭാസത്തിനു കാരണമാകുന്നു. എന്നിട്ടും മനുഷ്യൻ തന്റെ ചെയ്തികൾ നിർത്താൻ തയ്യാറല്ല. ലോകത്തിന്റെ കണ്ണുതുറപ്പിക്കാൻ ആയി ഗ്രേറ്റ തുൻബർഗ് എന്ന ഒരു 17കാരി വേണ്ടിവന്നു. ഭൂമിയിൽ ഞങ്ങൾക്കും വരും തലമുറകൾക്കും താമസിക്കേണ്ട താണ് അതിനാൽ പരിസ്ഥിതിയെ ദ്രോഹിച്ചു കൊണ്ടുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തണം എന്നാണ് അവൾ ആവശ്യപ്പെട്ടത്. അതും തന്റെ പഠനം പോലും ഉപേക്ഷിച്ചുകൊണ്ട്. ഗ്രേറ്റ് പറഞ്ഞത് ശരിയല്ലേ? നമ്മുടെ വരും തലമുറകൾക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി. ദൈവം മനുഷ്യന് എല്ലാ അധികാരവും പരിസ്ഥിതിക്കു മേൽ നൽകിയിട്ടുണ്ട്. എന്നാൽ അത് പരിസ്ഥിതിയെ ദ്രോഹിക്കാൻ ഉള്ള അധികാരം അല്ല. ഈ ഭൂമിയിലുള്ള സമസ്തവും നമുക്ക് എല്ലാവർക്കും അവകാശപ്പെട്ടതാണ്. പ്രാണവായു പോലും, എന്നാൽ മനുഷ്യന്റെ ചെയ്തികൾ കാരണം സൗജന്യമായി ലഭിച്ചിരുന്ന വായു പോലും വിലകൊടുത്തു വാങ്ങേണ്ട അവസ്ഥ ഉണ്ടായി എന്നിട്ടും മനുഷ്യൻ പാഠം പഠിച്ചില്ല.

പരിസ്ഥിതിയെ സംരക്ഷിക്കാൻ" പരിസ്ഥിതി ദിനം" ആചരിക്കുന്നു. അന്ന് ലോകമെമ്പാടും ഒരാൾ ഒരു വൃക്ഷ തൈ എങ്കിലും നടന്നു. പരിസ്ഥിതിയെ നാം സംരക്ഷിക്കണമെന്ന് വാതോരാതെ പ്രസംഗിക്കുന്നു ആ ദിവസം കഴിഞ്ഞാലോ? ശങ്കരൻ പിന്നെയും തെങ്ങിൽ തന്നെ എന്ന ചൊല്ല് കേട്ടിട്ടില്ലേ? അതാണ് അവസ്ഥ. ഒരു വർഷത്തിൽ 365 ദിവസം ഉണ്ട് ഇതിൽ വെറും ഒരു ദിവസം മാത്രമാണ് നാം പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കുകയും പരിസ്ഥിതിക്കായി നീക്കിവെക്കുകയും ചെയ്യുന്നത്. പരിസ്ഥിതി ദിനം എന്നാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ആവശ്യകത ബോധ്യപ്പെടുത്താനാണ്. ഒരുകാര്യം നാം ആലോചിക്കേണ്ടതുണ്ട് നാം ഈ ഒരു ദിവസം മാത്രമാണോ പ്രാണവായു ശ്വസിക്കുന്നത്? അല്ല എന്നതാണ് ഉത്തരം. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ഒരുദിവസം മാത്രം ഭൂമിയെ കുറിച്ച് ചിന്തിക്കുന്നത്?.

എല്ലാവരും പറയും ഭൂമി അമ്മയാണ് ദേവിയാണ് എന്നൊക്കെ എന്നിട്ട് എന്തുകൊണ്ടാണ് ഭൂമിയോട് മനുഷ്യർ ഇങ്ങനെ പ്രവർത്തിക്കുന്നത് ഉത്തരം ഉണ്ടാകില്ല ,കാരണം എല്ലാവര്ക്കും പറയാനേ അറിയൂ പ്രവർത്തിക്കാൻ അറിയില്ല .

എല്ലാം പറയുമ്പോഴും ഈ കൊറോണ കാലവും പറയാതിരിക്കാൻ വയ്യ .ഇത്രയും നാളും ഭൂമിയെ ദ്രോഹിച്ചവരുടെ പൊടിപോലും ഇപ്പോൾ കാണാനില്ല . പ്രകൃതിസ്നേഹികൾ ഭൂമിയെ സംരക്ഷിക്കാൻ പോരാടുകയും വാദിക്കുകയും ചെയ്തപ്പോൾ അവരെ നാം പുച്ഛിച്ചുതള്ളി. എന്നാൽ കൊറോണ വൈറസ് എന്ന് ഇത്തിരിക്കുഞ്ഞൻ ഒരു സമരം നടത്തിയപ്പോൾ പേടിച്ച് വീട്ടിനകത്ത് ഇരിക്കുകയാണ് എല്ലാവരും. ലോകം മുഴുവൻ അടച്ചുപൂട്ടി ആവശ്യത്തിനുമാത്രം പുറത്തിറങ്ങാൻ എല്ലാവരും ശീലിച്ചു. വാഹന ശല്യമില്ല, സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നില്ല. ഈ കൊറോണ കാലം നമ്മെ ഭീതിയിലാഴ്ത്തിയപ്പോഴും ഒന്നാശ്വസിക്കാം. നാം മലിനപ്പെടുത്തി ഭൂമി ഇന്ന് എല്ലാ മാലിന്യങ്ങളും നിന്ന് സ്വതന്ത്ര ആയിരിക്കുന്നു. നമുക്ക് ഇപ്പോൾ ശുദ്ധവായു ശ്വസിക്കാൻ സാധിക്കും. തെളിനീര് കുടിക്കാൻ കഴിയും. മാത്രമല്ല കൊറോണ വൈറസ് മനുഷ്യരെ ഒരു കാര്യം കൂടി പഠിപ്പിച്ചു, സ്നേഹവും അതുപോലെ പ്രകൃതി ആസ്വാദനവും വീട്ടിൽ ഇരിക്കാൻ സമയമില്ലാത്തതിനാൽ വീട്ടുകാരോട് സംസാരമില്ല ഒന്ന് നോക്കാൻ പോലും നേരമില്ല. എന്നാൽ ഇനി അതു പറയില്ലല്ലോ. ഇപ്പോഴാണ് പലരും തങ്ങളുടെ വീട്ടിലുള്ളത് ആരൊക്കെ എന്നറിയുന്നത് തന്നെ. വീടിന്റെ മുറ്റം ആദ്യമായി കാണുന്നവരും ഉണ്ട്. വീട്ടിൽ എപ്പോഴും ഇരിപ്പ് ആയതിനാൽ വീടിന്റെ പരിസരം നോക്കാൻ ഇറങ്ങുമ്പോഴാണ് ഇത്രയും മനോഹരമാണ് പ്രകൃതി എന്ന് പലരും മനസ്സിലാക്കുന്നത് പോലും. ചിലർ ഇവ മനസ്സിൽ മന്ത്രിക്കുന്ന വരും തീരെ കുറവല്ല. എന്തുതന്നെയായാലും ഈ ഇത്തിരിക്കുഞ്ഞൻ ഭൂമിക്ക് സമ്മാനിച്ചത് ഒരു പുതുജീവൻ ആണ്.

ഗ്ലോമിനോ സി എം
10A ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്,ആലപ്പുഴ,ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം