എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം/അക്ഷരവൃക്ഷം/ കാത്തിരുപ്പ്

07:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാത്തിരിപ്പ്

സ്കൂള് അവധിയുടെ ആലസ്യത്തില് മടിപിടിച്ച് രാവിലെ എഴുന്നേല്ക്കുമ്പോള് പെട്ടെന്നോര്ത്തു. ഇന്നല്ലേ അവള് വരുന്നത്. അതോര്ത്തപ്പോള് തന്നെ അറിയാതെ ചുണ്ടില് ഒരു പുഞ്ചിരി വിടര്ന്നു. കഴിഞ്ഞതവണ വന്നപ്പോള്, അവള് കൊണ്ടുവന്ന സമ്മാനപ്പൊതികള്, ഒരുമിച്ച് രസിച്ച് നടന്ന ആ ഉല്ലാസ നിമിഷങ്ങ.. എല്ലാം ഓര്ക്കുമ്പോള് തന്നെ മനസ്സിന് ഒരു വല്ലാത്ത കുളിര്മ. തലേന്നാള് എയര്പോര്ട്ടില് നിന്നും അവള് അവസാനമായി വിളിച്ച വീഡിയോ കോളിലെ സംഭാഷണങ്ങള്.... 'ഏതാനും മണിക്കൂറിനുള്ളില് നമ്മള് നേരില് കാണും' എന്ന് പറയുമ്പോള് അവളുടെ കണ്ണുകള്ക്ക് എന്ത് പ്രകാശമായിരുന്നു. ആ ഫോണിലെ രൂപത്തിലൂടെ സന്തോഷം സ്ഫുരിക്കുന്ന ആ കണ്ണുകള് തന്നിലേക്ക് വല്ലാത്ത ഒരു ഊര്ജ്ജം പകര്ന്ന പോലെ തോന്നി! തങ്ങള്ക്ക് രണ്ടുപേര്ക്കും സംഭാഷണം നിര്ത്താനെ തോന്നുന്നില്ലായിരുന്നു. വീണ്ടും വീണ്ടും പരസ്പരം ചോദിച്ചു കൊണ്ടേയിരുന്നു. 'എന്നിട്ടോ?.... എന്നിട്ടോ?....' തങ്ങളുടെ കൊച്ചുവര്ത്തമാനങ്ങള്ക്കിടയിലൂടെ അവളുടെ ടിക്കറ്റ് പരിശോധനയും വിമാനത്തിലേക്കുള്ള പ്രവേശനവും കഴിഞ്ഞിരുന്നു. വിമാനത്തിനുള്ളിലെ എയര് ഹോസ്റ്റസുമാരേയും, യാത്രക്കാരെയും ആ വീഡിയോ കോളില് കണ്ടപ്പോള് ഇത്ര ചെറുപ്പത്തിലെ ഇങ്ങനെ ലോകം ചുറ്റാന് കഴിഞ്ഞ തന്റെ കൂട്ടുകാരി എത്ര ഭാഗ്യവതിയാണ് എന്ന് മനസ്സില് തോന്നി. വിമാനത്തിനുള്ളിലെ പൈലറ്റിന്റെ അനൗണ്സ്മെന്റ് കേട്ടിട്ട് തങ്ങള് പരസ്പരം പുഞ്ചിരിച്ചു. 'വുഡ് യൂ പ്ലീസ് സ്വിച്ച് ഓഫ് ദി മൊബൈല്' ആ വിമാനത്തിലെ എയര് ഹോസ്റ്റസിന്റെ കിളിനാദം നേര്ത്ത അലകളായി തന്റെ ചെവിയിലും പതിഞ്ഞു. ചെറിയ ക്ഷമാപണം എന്നോണം അവള് ഫോണ് വെക്കുവാന് തന്നോട് അനുവാദം ചോദിച്ചു. താന് തലയാട്ടി അനുവാദം കൊടുക്കുമ്പോള് തന്റെ കണ്ണുകളില് അശ്രുവിന്റെ രണ്ട് സ്നേഹകണങ്ങള് പൊഴിഞ്ഞുവെന്ന് തോന്നി. പിന്നെ കണക്കുകൂട്ടലിലായിരുന്നു വിമാനം ഇപ്പോള് ദുബായിയിലിങ്ങുന്നതും അവിടെ നിന്ന് എയര് ഇന്ത്യ കണക്ഷന് ഫ്ലൈറ്റില് അവള് കൊച്ചി എയര് പോര്ട്ടില് എത്തുന്നതും അവിടെ നിന്നും അവളുടെ അച്ഛച്ഛന്റെ വാഹനത്തില് നാട്ടിലെത്തുന്നതും..... അറിയാതെ തലതിരിച്ച് മേശപ്പുറത്ത് വച്ചിരിക്കുന്ന ടൈംപീസിലേക്ക് നോക്കി. ഇപ്പോള് സമയം ഏഴുമണി. രാവിലെ എട്ടുമണിക്കാണ് അവളുടെ ഫ്ലൈറ്റ് കൊച്ചിയില് എത്തുന്നത്. ബാഗ്ഗേജ് ചെക്കൗട്ടിന് അരമണിക്കൂര്, ഒമ്പത് മണിയായാല് അവള് പുറത്തെത്തുമായിരിക്കും. എയര്പോര്ട്ടില് ഡ്യൂട്ടീ ഫ്രീ ഷോപ്പില് നിന്നും എന്തെങ്കിലും വാങ്ങിയാലും ഒമ്പതരയോടു കൂടി പുറത്തെത്തും. പത്തു പതിനൊന്ന് മണിയോട് കൂടി. തനിക്കവളെ നേരില് കാണാം. കിടക്കയില് നിന്ന് ചാടിയെഴുന്നേറ്റ് വാഷ്ബേസിന്റെ മുന്നില് ചെന്ന് നല്ല തണുത്തവെള്ളത്തില് മുഖം കഴുകി. ബ്രഷില് പേസ്റ്റ് തേക്കുമ്പോള് മുറിയിലെ ക്ലോക്കിലേക്ക് അറിയാതെ മുഖം തിരിഞ്ഞു. സമയം പോകുന്നില്ല എന്ന് തോന്നി. ഇനിയും 3 മണിക്കൂര്. അവളൊന്ന് വേഗം വന്നാല് മതിയായിരുന്നു. സമയം പോകുന്നതിന് വേണ്ടി രാവിലെ ടെലിവിഷന് ഓണ് ചെയ്തു. ചൈനയേയും ഇറ്റലിയേയും കീഴടക്കുന്ന കോവിഡ് വൈറസിന്റെ വ്യാപനത്തെക്കുറിച്ചായിരുന്നു വാര്ത്ത മുഴുവന്. ഇടയ്ക്കിടയ്ക്ക് ക്ലോക്കിന്റെ സൂചികള് കറങ്ങുന്നത് അക്ഷമയോടെ നോക്കിയിരിക്കും. തന്റെ ക്ഷമ പരീക്ഷിക്കാനെന്നോണം അവ വളരെ പതുക്കെപതുക്കെയാണോ കരങ്ങുന്നത് എന്ന് തോന്നി. സമയം എട്ടര കഴിഞ്ഞിരിക്കുന്നു. ലൈവ് വാര്ത്തകളിലേക്ക് കണ്ണുകളുടക്കി. 'ഇറ്റലിയില് നിന്നുമെത്തിയിരിക്കുന്ന വിദ്യാര്ത്ഥിനിയെ കോവിഡ് ഐസൊലേഷന് വാര്ഡിലേക്ക് മാറ്റുന്നു' ടി.വി.യിലെ ദൃശ്യങ്ങളിലേക്ക് ഉത്കണ്ഠയോടെ നോക്കി. ആംബുലന്സിനുള്ളിലേക്ക് കയറുന്ന മാസ്ക് ധരിച്ച ഒരു പെണ്കുട്ടിയുടെ രൂപം. ഒറ്റനോട്ടത്തില് തന്നെ അവളെ താന് തിരിച്ചറിഞ്ഞു. അവളുള്ളില് കയറിയതും ഡോറുകളടച്ച് ആംബുലന്സ് വാഹനം ക്യാമറക്കണ്ണിലൂടെ അകന്നകന്ന് പോകുന്നത് കണ്ടപ്പോള് തൊണ്ടയില് വല്ലാത്ത ഒരു ഗദ്ഗദം സൃഷ്ടിക്കപ്പെട്ടു. അകന്ന് പോകുന്ന ആംബുലന്സിന്റെ ചിത്രം മാഞ്ഞുവെങ്കിലും വീണ്ടും വീണ്ടും അവളുടെ മുഖം കാണുവാന് തന്റെ കണ്ണുകള് ടി.വി യില് പരതികൊണ്ടിരുന്നു. കാത്തിരിപ്പിന്റെ വേദനം അവയിലൂടെ ഒഴുകിയിറങ്ങുന്നത് അറിയാതെ..

ഏഞ്ചല എലിസബത്ത് മാത്യൂ
9A എം കെ എം എച് എസ് എസ് പിറവം
പിറവം ഉപജില്ല
മുവാറ്റുപുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ