ജി ജി എച്ച് എസ് എസ് ചെറുകുന്നു/അക്ഷരവൃക്ഷം/പ്രത്യാശയുടെ ദീപം തെളിയട്ടെ.

00:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രത്യാശയുടെ ദീപം തെളിയട്ടെ
                     വഴികാട്ടിയാകുന്നതിനാൽ വെളിച്ചത്തെ ഞാനിഷ്ടപ്പെടും. നക്ഷത്രങ്ങളെ കാട്ടിത്തരുന്നതിനാൽ ഇരുട്ടിനെയും ഞാൻ സഹിക്കും- എന്നാണ് ഓഗ് മാൻഡിനോ പറഞ്ഞത്. കാരണം മനുഷ്യ ജീവിതം പ്രതിബന്ധങ്ങൾ നിറഞ്ഞതാണ്. അവയെ മുന്നോട്ടുള്ള വഴികളാക്കി മാറ്റുമ്പോഴാണ് വിജയം സുനിശ്ചിതമാവുന്നത്. പൗരാണികരിൽ നിന്ന് ആധുനികതയുടെ ആകാശയാനങ്ങളിൽ ചേക്കേറുന്ന മനുഷ്യ ജീവിതം സാർത്ഥകമാകുന്നത് പ്രകൃതിയുടെ താളവുമായി സമരസപ്പെട്ടു പോകുമ്പോഴാണ്. എന്നാൽ ഈ അഭേദ്യമായ ബന്ധത്തിൽ ധാരാളം വിള്ളലുകൾ വന്നു ചേർന്നിട്ടുണ്ട്.പല പ്രകൃതിദുരന്തങ്ങൾക്കും ഇതിനോടകം തന്നെ നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിലുണ്ടായ അഭൂതപൂർവ്വമായ മഴയും കാറ്റും ഉണ്ടാക്കിയ നാശ നഷ്ടങ്ങൾ വളരെ വലുതായിരുന്നു.അതു കൊണ്ട് പരിസ്ഥിതി സംരക്ഷണം വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്. പ്രകൃതിയെ മാനിച്ചും സുസ്ഥിര ബദൽ എന്താണെന്ന് ആലോചിച്ചും കൊണ്ടുള്ള വികസന സാധ്യതകളാണ് നമുക്ക് ഉണ്ടാവേണ്ടത്. പ്രകൃതിക്കുമേൽ നേടിയ വിജയങ്ങളെയോർത്ത് അത്രമേൽ ആത്മപ്രശംസ നല്ലതല്ല എന്നത് എഗംൽസിൻെറ വാക്കുകൾ. അതിൻെറയെല്ലാം ഉത്തമ ദൃഷ്ടാന്തങ്ങളാണ് ഇക്കഴിഞ്ഞ ദുരന്തങ്ങളും, ഇന്ന് ലോകം നേരിടുന്ന കൊറോണ എന്ന മഹാമാരിയുമെല്ലാം. ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിൽ നിന്നും പുറപ്പെട്ട കൊ വിഡ്- 19 ഇന്ന് ലോക ജനതയെ ഒന്നാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.
                  വെളിച്ചമുണ്ടായിട്ടും നാം വിറങ്ങലിച്ച് നിൽക്കുന്ന ഇരുൾ മൂടിയ പകലുകളാണിന്ന്. കടുത്ത നിയന്ത്രണങ്ങളിലൂടെയും നമ്മുടെ സർക്കാരിൻെറ ഇച്ഛാശക്തിയുമാണ് കേരളമെന്ന കൊച്ചു സംസ്ഥാനം കൊവിഡിനെ പിടിച്ചു കെട്ടുന്നത്. ഓരോ നിമിഷവും ലോകത്തിൻെറ പല കോണുകളിൽ ആയിരങ്ങൾ രോഗക്കിടക്കയിലേക്ക് വീഴുമ്പോഴും ഈ സൂക്ഷ്മാണുവിനെ വരുതിയിലാക്കാൻ മറ്റൊരു കോണിലിരിക്കുന്ന മനുഷ്യർക്കാവുന്നു എന്നത് പ്രത്യാശയുടെ വാതിലുകൾ നമുക്ക് മുന്നിൽ തുറക്കുന്നു. കോവിഡ് ഭേദമായരുടെ നിരക്കിൽേ കേരളം ലോക ശരാശരിയേക്കാൾ ഏറെ മുന്നിലാണ്.അതു പോലെ തന്നെ ഈ ലോക് ഡൗൺ കാലഘട്ടം അന്തരീക്ഷ മലിനീകരണവും പരിസര മലിനീകരണവും കുറയ്ക്കാൻ ഏറെ സഹായിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രകൃതിയിലേക്ക് മടങ്ങുക എന്നത് ഏറെക്കുറെ കാല്പനികമായ വ്യഗ്രതയോടെ എങ്ങും ആവർത്തിക്കപ്പെടുന്ന ഒരു സന്ദേശമാണ്.ഈ ഭൂമിയേയും അതിൻെറ അത്യുദാത്തമായ സംസ്കൃതിയെയും നില നിർത്തേണ്ടത് നാം ഓരോരുത്തരുടേയും നിലനിൽപ്പിനാവശ്യമാണ്. പ്രകൃതിയും മനുഷ്യനും സഹവർത്തിക്കുന്ന സുസ്ഥിര ഭാവിക്കായി നാം പ്രവർത്തിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഇത്തരം മഹാദുരന്തങ്ങളെ കീഴ്പ്പെടുത്താനാകൂ. ആ‍‍ർഷഭാരത സംസ്ക്കാരത്തിൻെറ തിലകക്കുറിയും ഇത് തന്നെയാണ്. ഉപഭോഗ സംസ്ക്കാരത്തിൻെറ തനതു ശീലങ്ങൾക്ക് തിരശ്ശീലയിട്ടും, പ്രകൃതിയെ മാനിച്ചും, ബയോ- നാനോ ടെക്നോളജിയിലെ സാധുതകൾ ഉൾപ്പെടുത്തിയുമൊക്കെയുള്ള സുസ്ഥിര വികസനം ചിറകുള്ള ദിനങ്ങൾക്ക് വേഗം നൽകും. ഉയർച്ചയുടെ തീരങ്ങൾ തേടാൻ, സാമൂഹ്യ അകലം പാലിക്കാതിരിക്കാൻ, ഒരു മയോടെ പ്രവർത്തിക്കാൻ, എവിടെയും സഞ്ചരിക്കാൻ.... വരും വരാതിരിക്കില്ല ഋതു ശോഭകൾ നിറയുന്ന പുതിയ പ്രഭാതം.....
നന്ദന സോമൻ.
10 ബി ജി ജി വി എച്ച് എസ് എസ് ചെറുകുന്ന്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം