ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/വിഷുപ്പുലരിയിൽ കൊറോണക്കൊരു കത്ത്
വിഷുപ്പുലരിയിൽ കൊറോണക്കൊരു കത്ത് ഹായ്,
ഞാൻ ഷാദിൻ. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ മലപ്പുറം ജില്ലയിലെ ഒരു കുഗ്രാമത്തിൽ താമസിക്കുന്ന, ഒരു പാവം മനുഷ്യ ജീവി. ലോകം മുഴുവൻ പ്രശസ്തയായ നിനക്കെന്നെ അറിയില്ലായിരിക്കാം. പക്ഷെ എനിക്ക് നിന്നെ നന്നായറിയാം. ആദ്യമൊക്കെ നിന്റെ പേര് കേട്ടപ്പോൾ ഒരു കൗതുകം തോന്നിയത് സ്വാഭാവികം. അതിനു മുമ്പ് ഞങ്ങൾ മനുഷ്യർ ആ പേര് തന്നെ കേട്ടില്ലല്ലോ. പക്ഷെ വെറും ഒരണു മാത്രമായ നീ പതിയെപ്പതിയെ ലോകത്തിന്റെ ഒരറ്റത്തു നിന്ന് മറ്റൊരറ്റത്തേക്ക് മനുഷ്യ ജീവനെ കാർന്നു തിന്ന് നിന്റെ ജൈത്രയാത്ര തുടങ്ങിയ മുതൽ ഞങ്ങൾ നിന്നെ വെറുത്തു തുടങ്ങി. നീ കാരണം ലോകം തന്നെ കീഴ്മേൽ മറിഞ്ഞില്ലേ. ഞങ്ങളുടെ സ്കൂളുകളും കോളേജുകളും അടച്ചു. വീട് വിട്ട് പുറത്തേക്കിറങ്ങാൻ പറ്റാതായി. അതോടെ അച്ഛൻ ജോലിക്ക് പോകാതായി, കുടുംബത്തിന്റെ വരുമാനം ഇല്ലാതായി. മറ്റു കൂട്ടുകാരെ കാണാനോ അവരുമായി കളിക്കാനോ കഴിയുന്നില്ല. കടകൾ തുറക്കാതായി. വാഹനങ്ങൾ ഓടാതായി. വിമാനം പോലും പറക്കാതായി. അതിനിടയിൽ എത്രയോ ആഘോഷങ്ങൾ ഞങ്ങൾക്ക് നഷ്ടമായെന്നോ.. ഒന്നും പറഞ്ഞാൽ നിനക്ക് മനസിലാവില്ല. അതിനു സെൻസ് വേണം. സെൻസിബിലിറ്റി വേണം. മനുഷ്യത്വമില്ലാത്ത നിന്നോട് പറഞ്ഞിട്ട് എന്ത് കാര്യം? എന്നാലും ഈ ലോക്ക്ഡൌൺ കാലം ഞങ്ങൾക്ക് ഒരുപാട് അനുഭവം തന്നു. ഒരിക്കലും ഞങ്ങൾ അത് പാഴാക്കികളഞ്ഞില്ല. വീട്ടിലിരുന്നു എങ്ങനെ പ്രതിസന്ധികൾ തരണം ചെയ്യാമെന്ന് ഞങ്ങൾ പഠിച്ചു. അച്ഛനും അമ്മയ്ക്കുമൊത്ത് ഈ വറുതിക്കാലത്ത് എങ്ങനെ സന്തോഷത്തിൽ കഴിയാമെന്നും അനുഭവിച്ചറിഞ്ഞു. ഒരേ മനസ്സോടെ, യാതൊരു ദുഷിച്ച ചിന്തകളോ ലാഭേച്ഛയോ കൂടാതെ മറ്റുള്ളവരെ എങ്ങനെ സഹായിക്കാം എന്ന് ഞങ്ങൾ മലയാളികൾ ലോകത്തിന് കാണിച്ചു കൊടുത്തു. ഇന്ന് ഞങ്ങൾ കേരളീയർ വിഷു ആഘോഷിക്കേണ്ട ദിവസമായിരുന്നു. പടക്കമൊക്കെ പൊട്ടിച്ച്, ആർത്തുല്ലസിച്ച്, കുടുംബത്തോടൊപ്പം സദ്യയുണ്ട്, പലതരം കളികളിൽ സന്തോഷം പങ്കിട്ട്. അതൊക്കെ ഇല്ലാതാക്കി കളഞ്ഞില്ലേ നാശം പിടിച്ച നീ? ഞങ്ങൾ നിന്നോട് എന്ത് തെറ്റാണ് ചെയ്തത്? പൊറുക്കില്ല ഞങ്ങൾ. ഞങ്ങളുടെ ശാപം കുറച്ചൊന്നുമല്ല നിന്റെ മേൽ പതിക്കുക. അത് നിന്റെ നാശം കണ്ടേ അടങ്ങൂ. പിന്നീടൊരിക്കലും തിരിച്ചു വരാൻ പറ്റാത്ത നാശം. അതിനു വേണ്ടി ഞങ്ങളുടെ സംസ്ഥാന സർക്കാറും ഇവിടുത്തെ ഓരോ മനുഷ്യനും നിന്റെ നാശത്തിനായ് അഹോരാത്രം ഒത്തൊരുമയോടെ പരിശ്രമിക്കുകയാണ്. അത് പോലെ ഈ ലോകം മുഴുവനും നിന്റെ നാശത്തിനായി കാത്തിരിക്കുന്നു. അത് വിജയം കാണുക തന്നെ ചെയ്യും. അന്ന് ഞാൻ പറഞ്ഞതോർത്ത് നീ ലജ്ജിച്ച് കണ്ണീർ വാർക്കും. തീർച്ച.. ഗുഡ് ബൈ..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാററൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാററൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ