അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/സ്വപ്ന ഗിരി എന്ന ഗ്രാമം - കഥ

പരിസ്ഥിതി സംരക്ഷണം..

കാടും മലകളും പുഴകളും നിറഞ്ഞ സുന്ദരമായ ഒരു നാട്. അവിടെ സ്വപ്ന ഗിരി എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു.ആ നാട്ടിലെ ഏറ്റവും സുന്ദരമായ കാഴ്ചകൾ നിറഞ്ഞ ഗ്രാമം സ്വപ്ന ഗിരി ആയിരുന്നു. മലനിരകളുടെ താഴ്വാരത്തിൽ ആയിരുന്നു ആ ഗ്രാമം. അവിടെ വൃത്തിയുള്ളതും തെളിഞ്ഞതുമായ പുഴകളും ഉണ്ടായിരുന്നു. വെള്ളത്തിനു വേണ്ടി അവർ പുഴകളെ ആശ്രയിച്ചിരുന്നു. കാട്ടിൽ നിന്ന് കാട്ടുതേനും മറ്റു പഴങ്ങളും അവർ ശേഖരിക്കുമായിരുന്നു .
ഒരിക്കൽ പട്ടണത്തിൽ നിന്ന് കുറച്ചു പേർ അവരുടെ ഗ്രാമത്തിലേക്ക് വന്നു. അവരുടെ ലക്ഷ്യം അവിടുത്തെ കുന്നുകളും വൃക്ഷങ്ങളും എല്ലാം ഇടിച്ചുനിരത്തി പകരം അവിടെ ഫ്ലാറ്റുകൾ നിർമ്മിക്കുക എന്നതായിരുന്നു. അവർ ഈ കാര്യം ഗ്രാമത്തലവനുമായി കൂടിയാലോചിച്ചു. എന്നാൽ ഗ്രാമത്തലവൻ ആ പദ്ധതിയെ എതിർത്തു. പ്രകൃതി സംരക്ഷണത്തിന് എതിരായിട്ടുള്ള ഒരു പദ്ധതിയും ഈ ഗ്രാമത്തിൽ നടപ്പാക്കില്ല എന്ന് അദ്ദേഹം അവരോടായി പറഞ്ഞു. അപ്പോൾ അവർ ഇതിനു പകരമായി 10 കോടി രൂപയും ഗ്രാമത്തിലുള്ള വർക്ക് താമസിക്കുവാൻ പട്ടണത്തിൽ ഫ്ലാറ്റും ഏർപ്പാടാക്കി തരാമെന്നു പറഞ്ഞു. പണമെന്ന് കേട്ടാൽ എന്തും നൽകുന്നവനാണ് മനുഷ്യൻ. അവിടെയും അതുപോലെ തന്നെ സംഭവിച്ചു. ഗ്രാമത്തലവൻ അത് സമ്മതിച്ചു കൊണ്ട് ആ ഗ്രാമവും ആ സ്ഥലവും പട്ടണത്തിൽ നിന്ന് വന്നവർക്ക് വിട്ടുകൊടുത്തു. അതിനുശേഷം ഗ്രാമവാസികൾ പട്ടണത്തിലുള്ള ഫ്ളാറ്റിലേക്ക് താമസം മാറി. എന്നാൽ ഫ്ളാറ്റിലെ ജീവിതരീതി അവർക്ക് ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത വിധം ആയിരുന്നു. അപ്പോഴാണ് തങ്ങൾ ചെയ്തത് മണ്ടത്തരമായി പോയി എന്ന് അവർ ചിന്തിച്ചത്. അങ്ങനെ ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ തങ്ങളുടെ ഗ്രാമം വിട്ടു തരാൻ ആവശ്യപ്പെട്ടു കൊണ്ട് അവർ ഗ്രാമത്തിലേക്ക് പോയി. പത്തുകോടി രൂപയും അവരുടെ സാധനങ്ങളും എല്ലാം ഫ്ലാറ്റിൽ തന്നെ വച്ച ശേഷമാണ് അവർ ഗ്രാമത്തിലേക്ക് പോയത്. സാധനങ്ങളെല്ലാം പിന്നീട് വന്നു എടുക്കാം എന്ന് വിചാരിച്ചു അവർ. അവിടെ എത്തിയപ്പോൾ അവർ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. നൂറോളം ആളുകൾ മരിച്ചു കിടക്കുന്നു. ധാരാളം പണിയായുധങ്ങൾ ചിന്നി ചിതറി കിടക്കുന്നു. അവരുടെ വീടുകൾക്ക് മുകളിൽ വലിപ്പമേറിയ ഉരുളൻകല്ലുകൾ വീണുകിടക്കുന്നു. അപ്പോൾ അവർക്ക് മനസ്സിലായി അവിടെ ഉരുൾപൊട്ടൽ സംഭവിച്ചിരിക്കുന്നു എന്ന്. വളരെ ഉള്ളിലോട്ട് കയറിയ ഒരു ഗ്രാമം ആയതിനാൽ പുറത്ത് ആരും അങ്ങനെ ഒരു ദുരന്തം നടന്നതായി അറിഞ്ഞിരുന്നില്ല. അങ്ങനെ ഗ്രാമവാസികൾ മുകളിലുള്ള ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അപ്പോഴേക്കും ആളുകളുടെ ശവമെല്ലാം ചീയ്യാറായിരുന്നു .ഇത്തരത്തിൽ ഒരു ദുരന്തം ഉണ്ടായിട്ട് അത് ആരും അറിഞ്ഞില്ലല്ലോ എന്നോർത്ത് അവരും ഏറെ ദുഃഖിച്ചു. പിന്നീട് ഗ്രാമവാസികൾ വളരെ വിഷമത്തോടെ ഫ്ലാറ്റിലേക്ക് തന്നെ തിരിച്ചു ചെന്നു. അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് ഫ്ലാറ്റ് ആരോ കൊള്ളയടിക്കുകയും അവരുടെ 10 കോടി രൂപയും സാധനങ്ങളും നഷ്ടപ്പെടുകയും ചെയ്തു എന്ന്. പണമില്ലാത്തതിനാൽ അവർക്ക് ഫ്ലാറ്റിലും താമസിക്കുവാൻ കഴിഞ്ഞില്ല. എല്ലാവരും അവരെ കയ്യൊഴിഞ്ഞു. അമ്മയായ പ്രകൃതിയെ സംരക്ഷിക്കാതെ പണത്തിന് പ്രാധാന്യം അർപ്പിച്ചതിനുള്ള ശിക്ഷയാണ് തങ്ങൾ അനുഭവിക്കുന്നത് എന്ന കുറ്റബോധം അവരിലെല്ലാവരിലും ഉണ്ടായി. അങ്ങനെ എങ്ങോട്ട് പോകണമെന്നറിയാതെ അവർ ദുഖത്തോടെ നിശ്ചലരായി നിന്നു.

റിസാന റഷീദ്
9 A എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ