എം.എം.യു.പി.എസ്.പുതുപ്പരിയാരം/അക്ഷരവൃക്ഷം/ മെർലിൻ
മെർലിൻ
മാനം മുഖം കറുപ്പിച്ചു നില്ക്കുന്നു. ഇരുണ്ടു കൂടുന്ന മേഘങ്ങൾക്കിടയിൽ നിന്ന് എത്തി നോക്കുന്ന മിന്നൽ പിണരുകൾ. കാറ്റ് വേവലാതിയോടെ ഓടി പാഞ്ഞു നടക്കുന്നു. മുറ്റത്ത് നിറഞ്ഞുനിൽക്കുന്ന കാറ്റാടി മരങ്ങൾ നീണ്ട നിലവിളിയോടെ വളഞ്ഞ് ആടിക്കൊണ്ടിരിയ്ക്കുന്നൂ. പെട്ടെന്ന് ഭൂമിയെ സന്തോഷിപ്പിച്ചു കൊണ്ട് ആ മഴ പെയ്തിറങ്ങി. മെർലിൻ ജനാലയ്ക്കരുകിൽ നിന്ന് മുറ്റത്തേക്ക് നോക്കി. പുതുമഴ യായത് കൊണ്ട് മണ്ണിന് നല്ല മണമുണ്ടായിരുന്നൂ. മഴ ഭൂമിയേ സന്തോഷിപ്പിക്കുമെങ്കിലും മെർലിന് മനസ്സിൽ മഴയേ പേടിയാണ്,ഇനി ഒരു ദുരന്തം കാണാനുളള ശക്തി ആ കൊച്ചു ഹൃദയത്തിനില്ല. മെർലിന് ഏറ്റവും ഇഷ്ടം സ്കൂളായിരുന്നു കാരണം അനുമോൾ മെർലിന്റെ കൂട്ടുകാരി എപ്പോഴും ചിരിക്കുന്നവൾ മറ്റുള്ളവരെ ചിരിപ്പിക്കുന്നവൾ. ഒന്നാം ക്ലാസു മുതൽ ഒന്നിച്ചാണ് രണ്ടു പേരും പഠിയ്ക്കുന്നത് . ഒരേ ക്ളാസ്, ഒരേ ബഞ്ച്,ഇണപിരിയാത്ത കൂട്ടുകാരികൾ. ഒന്നിച്ചാണ് സ്കൂളിലേക്ക് പോകുന്നതും, സ്കൂൾവിട്ട് വീട്ടിലേക്ക് വരുന്നതും.മെർലിൻന്റെ വീട്ടിൽനിന്നും ആറേഴു വീടിനപ്പുറമാണ് അനുമോളിൻന്ടേ വീട്, രണ്ടു പേരും പഠിയ്ക്കുന്ന കുട്ടികളായതുകൊണ്ട് ടീച്ചർമാർക്ക് അവരെ ഒരുപാട് ഇഷ്ടമാണ്. സ്കൂൾ തുറന്നസമയത്ത് നല്ല മഴയായിരുന്നു. തോടുകളും,പുഴകളും, ഡാമുകളും നിറഞ്ഞ് കരകവിഞ്ഞൊഴുകികൊണ്ടിരിയ്ക്കുന്ന സമയം ഒരു ചെറിയ കൈത്തോടിന്റെ സിമെൻറ്റ് പാലം കടന്നു വേണം ഒരു പാടു കുട്ടികൾക്ക് സ്കൂളിൽ പോകാൻ. ആവഴിയിലൂടെ വേണം മെർലിനും അനുമോൾക്കും സ്കൂളിൽ പോകാൻ. ആ ദിവസം രാവിലെ സ്കൂളിൽ പോകുമ്പോൾ എന്തിനോ വേണ്ടി വാശി പിടിച്ച് കരയുന്ന കുഞ്ഞുങ്ങളെപ്പോലെ മഴ വിടാതെ ചാറികൊണ്ടിരിക്കുന്നുണ്ടായിരുനു . തിരിച്ചു വരുമ്പോൾ മഴ കനത്ത് പെയ്യുന്നുണ്ടായിരുന്നു . കുറച്ചു പേർ പാലത്തിലിരുന്ന് കൂട കൊണ്ട് മീൻ പിടിക്കുന്നുണ്ടായിരുന്നു . മെർലിൻ ആദ്യം നടന്നു . അവർ പിടിച്ചിട്ട മീനിനെ നോക്കി അനുമോൾ അവിടെ നിന്നു പെട്ടെന്ന് ഒരു ഇടിയുടെ ശബ്ദം കേട്ടു, പാലം ഇടിഞ്ഞു. ഒരു നിമിഷത്തെക്ക് എന്താ സംഭവിച്ചത് എന്നറിയാതെ മെർലിൻ നിന്നു. കണ്ണിലെക്ക് ഒരു ഇരുട്ട് കയറിയതു പോലെ മെർലിൻ നിലത്തു വീണു. കണ്ണു തുറക്കുമ്പോൾ ഹോസ്പിറ്റലിലായിരുന്നു അനുമോളെ അവസാനമായി ഒരു നോക്കു കാണാൻ മെർലിൻ പോയി. ചിരിച്ച മുഖമായിരുന്നു അവൾക്ക് വിള്ളലുള്ള പാലം ശരിയാക്കാൻ ആരും ശ്രമിച്ചില്ല. ഇപ്പോ ആ പാലം പണി നടന്നു കൊണ്ടിരിക്കുകയാണ്. അന്നെ അത് ശരിയാക്കിയിരുന്നുവെങ്കിൽ എന്റെ അനുമോൾ എന്റെ കൂടെ ഉണ്ടായിരുന്നെനെ. മെർലിന്റെ കണ്ണിൽ നിന്ന് ചുടു കണ്ണീർ ഒഴുക്കി.ഈ മഴയുടെ തണുപ്പിനേക്കാൾ അവളുടെ കണ്ണിൽ നിന്നൊഴുകുന്ന കണ്ണീർിന്റെ ചൂടിനാണ് ഏറ്റവും ശക്തി എന്ന് മെർലിന് തോന്നി.
|