സേക്രട് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/അക്ഷരവൃക്ഷം/കൊറോണ ഒരു നല്ല പാഠം

20:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rosnascv (സംവാദം | സംഭാവനകൾ) (ssss)
കൊറോണ ഒരു നല്ല പാഠം

ശ്വസിക്കുന്ന പ്രാണവായുവിനെ പോലും വിശ്വസിക്കാൻ പറ്റാത്തത് എത്ര വിചിത്രമായ കാര്യമാണ്. നാം ഒരിക്കലും അതിനെപറ്റി ചിന്തിച്ചിരുന്നതേയില്ല. ഇപ്പോൾ മറ്റൊരാളെ കാണാൻ മടിക്കുന്നു, സംസാരിക്കാൻ മടിക്കുന്നു, എന്തിനേറെ പറയുന്നു മറ്റൊരാൾ സ്പർശിച്ച പ്രതലത്തിൽ തൊടാൻ പോലും പേടിക്കുന്നു. കാരണം എന്താണ് എന്നത് ഒരു കുഞ്ഞിനുപോലുമറിയാം.

പരിഹാരമില്ലാത്ത തായി ഒന്നുമില്ല എന്ന് നാം വാദിക്കുമ്പോഴും, കൃത്യമായ ഒരു പ്രതിവിധി ഇല്ലാത്ത ഒരസുഖം, ആർക്കും വരരുതേ എന്ന് മനസ്സറിഞ്ഞു പ്രാർഥിക്കുന്ന ഒരു രോഗം, എന്നാൽ ഒരു പേമാരിയായി മനുഷ്യരാശിക്കുമേൽ പെയ്തിറങ്ങുന്നു. ലോകത്തെ മുഴുവൻ വിഴുങ്ങിയേക്കാവുന്ന ഒരു വൈറസ് ഇതിനൊരു അന്ത്യം കുറിക്കാൻ ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല. പ്രതിരോധശേഷി ശുചിത്വം എന്നിവ കൊണ്ടല്ലാതെ ഇതിനെ മറി കടക്കാൻ ആർക്കും കഴിയുകയുമില്ല.


എന്നാൽ ഇതുകൊണ്ട് ഉപകാരം കിട്ടിയ ഒന്നുണ്ടിവിടെ - പ്രകൃതി. ജന നിബിഢമായിരുന്ന, മലിനീകരണം ഒരിക്കലും തടയാൻ കഴിയില്ലെന്ന് വിചാരിച്ച പ്രദേശങ്ങൾ ഇപ്പോൾ വിജനം. കാരണം മറ്റൊന്നുമല്ല കണ്ണുകൊണ്ടുപോലും കാണാൻ കഴിയാത്ത ഒരു സൂക്ഷ്മാണു വരുത്തിയ മാറ്റം. ആ ആണു മൂലം തോൽക്കാൻ മനസ്സില്ലാത്ത മനുഷ്യകുലം ഇന്ന് വീടെന്ന നാലു ചുവരിനുള്ളിൽ ഒതുങ്ങിയിരുന്നു. കണ്ണിനു നേരെ കാണുന്ന ശത്രുവിനോട് പോരാടുന്നതുപോലെ എളുപ്പമല്ല അദൃശ്യശത്രുവിനോടുള്ള പോരാട്ടം. സഹികെട്ട ഭൂമിയുടെ വീണ്ടെടുപ്പാണ് ഇതെന്ന് ഞാൻ പറയും. പിടിച്ചു നിർത്താൻ കഴിയാതെ വരുമ്പോൾ ഭൂമി ഏറ്റെടുക്കുന്ന ഒരു സ്വയംനവീകരണമുണ്ട്. പ്രകൃതിയോടുള്ള മനുഷ്യന്റെ ചെയ്തികൾക്ക് ഒരു തിരിച്ചടി അത് ചിലപ്പോൾ അവൻ താങ്ങിയെന്ന് വരില്ല. ശുചിയായിരിക്കാൻ നാം ശ്രമിച്ചില്ലെങ്കിൽ ഭൂമി തന്നെ അതിന്റെ ശുചീകരണ വൃത്തി ഏറ്റെടുക്കും. നോക്കൂ മനുഷ്യർ അകത്തിരിക്കുമ്പോൾ പ്രകൃതി അതിന്റെ ഇടങ്ങളെ തിരിച്ചുപിടിക്കുന്നു. പുഴയും ആകാശവും ഇപ്പോൾ മലിനമാകുന്നില്ല. പക്ഷിമൃഗാദികൾ സ്വൈരവിഹാരം നടത്തുന്നു.

ഓരോ നൂറ് വർഷത്തിലും ആവർത്തിക്കുന്ന പ്രകൃതിയുടെ സ്വയം ശുചിയാക്കൽ 1720-ൽ പ്ലേഗ്, 1820-ൽ കോളറ, 1920-ൽ സ്പാനിഷ് ഫ്ലൂ, 2020-ൽ കൊറോണ ഇത്രയേറെയായിട്ടും നാം പഠിക്കുന്നില്ല.എങ്കിൽ 2120? <?p>

ഇനിയൊരു മഹാമാരി ഉണ്ടാകരുത്. പ്രകൃതി സ്വയം ഒരു ശുചീകരണത്തിന് ഒരുങ്ങേണ്ടിവരരുത്. ഇതു തുടർന്നാൽ ആപത്ത് വരുന്നത് മനുഷ്യർക്കാണ്. പ്രകൃതിയെ നശിപ്പിക്കാൻ ഒരുമ്പെട്ടിറങ്ങുന്ന മനുഷ്യർക്ക്. ഈ കൊറോണക്കാലം നമുക്ക് തിരിച്ചറിവിന്റെ നല്ലപഠമാകട്ടെ.




മിത്ര ജാസ്മിൻ ജോൺ
10 H എസ് എച്ച് എസ് എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം