നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/മുന്നേറാം കരുതലോടെ: നല്ലൊരു നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
11:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nochathss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുന്നേറാം കരുതലോടെ: നല്ലൊരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നേറാം കരുതലോടെ: നല്ലൊരു നാളെക്കായി
              പ്രപഞ്ചം വളരെ വലുതാണ് കോടിക്കണക്കിന് നക്ഷത്രങ്ങളിലും ഗ്യാലക്സികളിലുമൊക്കെയായി അതങ്ങനെ വ്യാപിച്ചുകിടക്കുന്നു. പ്രപഞ്ചത്തിലെ ജീവനുള്ള ഏക ഗ്രഹമായി  ഇന്ന് കണ്ടു പിടിച്ചിട്ടുള്ള ഈ കൊച്ചു ഭൂമിയിലെ ഒരംശം മാത്രമാണ് മനുഷ്യൻ. മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച് ചിന്തിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനുമുള്ള കഴിവ് സ്രഷ്ടാവ് മനുഷ്യന് നൽകിയിട്ടുണ്ട്. അതാണ് മനുഷ്യനെ മറ്റുള്ളവരിൽ നിന്ന് വിഭിന്നനാക്കുന്നതും.
              ലോകം ഇന്നാകെ ഭീതിയിലാണ്. മിനിട്ടുവച്ച് ആയിരങ്ങൾ ലോകത്ത് മരിച്ചുവീഴുന്നു. ലോകം  മുഴുവൻ തന്റെ കുടക്കീഴിലെന്നു കരുതിയ മനുഷ്യൻ ഇന്ന് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വന്നു. വിനാശകാരിയായ കൊറോണ വൈറസ്  ഡിസീസ് എന്ന കോവിഡ്19  ലോകമാകെ അലയടിക്കുകയാണ്. പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടെ എവിടെയോ മറന്നു വെച്ച നമ്മുടെ ബുദ്ധിയും വിവേകവും ഓർത്തെടുക്കാൻ നാം ഈ വേള ശ്രമിക്കേണ്ടതുണ്ട്.ഒരു വൈറസ് മാനവരിൽ സംഹാര താണ്ഡവമാടുമ്പോൾ , പലപ്പോഴും ശാസ്ത്രത്തിനു പോലും നിസ്സഹായരാവേണ്ട അവസ്ഥ വന്നപ്പോൾ ലോകത്തിൽ നാം നിസാരന്മാരായി.ഏവരും തുല്യ സ്ഥാനീയർ.
            അടിക്കടി വരുന്ന പ്രകൃതിക്ഷോഭങ്ങളും വൈറസ് ബാധകളും നമ്മെ പഠിപ്പിക്കുന്നത് നന്മയുടേയും കാരുണ്യത്തിന്റെയും ഒപ്പം ഐക്യത്തിന്റെയും മഹത്തായ പാഠങ്ങൾ.   ഈ പ്രശ്നങ്ങൾക്കിടയിലും സ്വന്തം ജീവൻ പോലും മറന്ന് രോഗ പ്രതിരോധത്തിലേർപ്പെട്ടിരിക്കുന്ന നന്മയുടെ പൂമരങ്ങൾ ഈ അസുരകലത്തും പ്രതീക്ഷയുണർത്തുന്നു. ഇന്ന് ഗതാഗതക്കുരുക്കിൽപ്പെട്ട് ഉഴലുന്ന മഹാനഗരങ്ങൾ കാലിയാണ്. ഫാക്ടറികൾ അടഞ്ഞുകിടക്കുന്നു. അങ്ങനെ വൻതോതിലുള്ള അന്തരീക്ഷ മലിനീകരണവും പാരിസ്ഥിതിക പ്രശ്നങ്ങളും കുറഞ്ഞു വന്നു. ഇന്ന് അടിക്കടി യായി വരുന്ന രോഗബാധകളിൽ നിന്നും രക്ഷ നേടാൻ നാം ഫലപ്രദമായ രോഗ പ്രതിരോധ മാർഗ്ഗങ്ങൾ തേടേണ്ടതുണ്ട്. ഇതിന്  വ്യക്തി ശുചിത്വവും പരിസ്ഥിതി സംരക്ഷണവും അനിവാര്യമാണ്. ആഢംബര ജീവിതരീതികൾ ഉപേക്ഷിച്ച് നാം ലാളിത്യത്തിന്റെ വഴി തേടേണ്ടിയിരിക്കുന്നു.
                ഇരു കൈകളും ദൈവം  നമുക്ക് നൽകിയിരിക്കുന്നത് പ്രവർത്തിക്കാനാണ്.  "പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈകളെ  നൽകിയത്രേ മനുഷ്യനേ പാരിലയച്ച ദീശൻ .." എന്ന വള്ളത്തോളിന്റെ വരികൾ ഇവിടെ അർത്ഥവത്താകുന്നു. ഇത് ഒറ്റക്കെട്ടായി പ്രവർത്തിക്കാനുള്ള നേരമാണ്. പ്രതിസന്ധികളിൽ ഭയത്തോടെ തളർന്നുവീഴാനല്ല. സധൈര്യത്തോടെ മുന്നേറുകയാണ് നാം വേണ്ടത്. അങ്ങനെ നല്ലൊരു നാളെക്കായി ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുക്ക് പ്രവർത്തിക്കാം. 
വിസ്മയ സി പി
9 K നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം