ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 1 }} കുപ്പിയിലെ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

കുപ്പിയിലെ അവസാനത്തെ തുള്ളിയും വായിലേക്ക് കമഴ്ത്തി അയാൾ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി. കൂർക്കം വലിയുടെ സ്വര വിന്യാസം ഇരുട്ടിൻ്റെ മാറുതുളച്ച് ചുവരുകളിൽ പ്രതിധ്വനിച്ചു.പതിവിലും നേരത്തെ അയാൾ ഉറക്കമുണർന്നു. കുറേ നേരം അങ്ങനെ കിടന്നു. എഴുന്നേറ്റ് പറമ്പിലേക്കിറങ്ങി നടന്നു. കായ്ച്ചു തീരാറായ പച്ചക്കറിത്തോട്ടത്തിൽ കുറച്ചു നേരം നോക്കി നിന്നു. എങ്ങും വല്ലാത്തൊരു ഏകാന്തത. അയാൾ വീട്ടിനുള്ളിൽ കയറി. തീന്മേശയിൽ പ്രഭാത ഭക്ഷണം.കുട്ടികൾ കഴിച്ചു കഴിഞ്ഞ പാത്രങ്ങൾ. കഴിക്കാൻ ബാക്കിയുള്ള ഭക്ഷണം. അയാൾ കഴിച്ചു തുടങ്ങി. മുമ്പെങ്ങുമില്ലാത്തൊരു പ്രത്യേക രുചി അയാൾക്കനുഭവപ്പെട്ടു. അവിടെയും നിശബ്ദത അയാളെ വല്ലാതെ വീർപ്പുമുട്ടിച്ചു.അയാൾ ചുറ്റും നോക്കി. വീടിനൊക്കെ വല്ലാത്ത പഴക്കമുള്ളതായി തോന്നി. അയാൾ മുറികളിലേക്ക് എത്തിനോക്കി. മകൾ എന്തോ എഴുതുന്നു; പഠിക്കുകയായിരിക്കും. ഇളയ മകൻ കളിപ്പാട്ടങ്ങളോട് പിറുപിറുക്കുന്നു. അച്ഛനെ കണ്ടപ്പോൾ അവൻ വാതിലിൻ്റെ മൂലയ്ക്ക് പതുങ്ങി നിന്നു. അടുക്കളയിൽ പാത്രങ്ങളുടെ ഒച്ചയനക്കങ്ങൾ. അയാൾ അടുക്കളയിലേക്ക് നോക്കി. മെലിഞ്ഞ് ചുക്കിച്ചുളിഞ്ഞ കൈകളും ഒട്ടിയ കവിളും നര ബാധിച്ച് കൊഴിഞ്ഞു തീരാറായ മുടിയും കുഴിഞ്ഞ കണ്ണുകളുമുള്ള ഒരു സ്ത്രീ. അയാൾ അവരോട് ഭാര്യയെ അന്വേഷിച്ചു. നെടുവീർപ്പും തേങ്ങലും കൂടികലർന്ന ഒരു ശബ്ദമായിരുന്നു പ്രതികരണം. അയാൾ അവളുടെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി." ഇതെൻ്റെ ലക്ഷ്മിയല്ലേ !" അയാൾ ഒരു നിമിഷം സ്തബ്ധനായി. ജീവിതത്തിൻ്റെ കഴിഞ്ഞു പോയ നാളുകളിൽ താൻ മൂലം പ്രതീക്ഷകളു സ്വപ്നങ്ങളും തകർന്ന വേദനകളുടെ വ്യാപ്തി ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. ഒട്ടിയ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ അയാൾ തുടച്ചു നീക്കി, അവളെ ചേർത്തു പിടിച്ചു. "ഇത് കൊറോണയെന്ന അണുവിനോടുള്ള 'പ്രതിരോധമല്ല', എൻ്റ ജീവിതം തകർത്തിടഞ്ഞ മദ്യത്തോടുള്ള 'പ്രതിരോധമാണ്'. ഇന്ന് മുതൽ ഞാൻ എൻ്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിയുന്നതാണ്"." "നന്ദി കൊറോണ, ലോക് ഡൗൺ പിൻവലിക്കാതിരിക്കട്ടെ............ NB: മദ്യം കാർന്നു തിന്ന എത്രയോ കുടുംബങ്ങൾ സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും വഴിത്താരയിലേക്ക് തിരിച്ചു വന്ന ഈ കൊറോണക്കാലത്തെ വിഷുദിനത്തിൽ അവർക്കു വേണ്ടി ഞാനിത് സമർപ്പിക്കുന്നു.

N ANDANA A
10 B ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ