Govt. Town UPS Nedumangad/അക്ഷരവൃക്ഷം/അവിചാരിതമായൊരു അവധിക്കാലം

അവിചാരിതമായൊരു അവധിക്കാലം

ഉണ്ണിയും അപ്പുവും ചങ്ങാതിമാരാണ്. അതുപോലെ അയല്പക്കകാരും.എന്നും അവർ ഒരുമിച്ചാണ് സ്കൂളിലെത്താറുള്ളത്. അവരുടെ ക്ലാസ്സിൽ ആരെന്തു പറഞ്ഞാലും കേൾക്കാത്ത ഒരു കുട്ടിയുണ്ടായിരുന്നു_അച്ചു.എല്ലാ ദിവസവും അവൻ ഉച്ചഭക്ഷണവും കഴിഞ്ഞു കൈ നേരെ കഴുകാതെ കളിക്കാനായി ഓടുമായിരുന്നു.ഉണ്ണിയും അപ്പുവും അവനെ എപ്പോഴും ഉപദേശിച്ചിരുന്നെങ്കിലും അവൻ അനുസരിക്കില്ലായിരുന്നു.ഒരു ദിവസം ക്ലാസ്സിൽ ശുചിത്വത്തെ കുറിച്ച് ടീച്ചർ പഠിപ്പിച്ചു,അക്കൂട്ടത്തിൽ കൊറോണ എന്ന ഒരു മഹാമാരിയെക്കുറിച്ചും ടീച്ചർ പറഞ്ഞു.

അങ്ങനെയിരിക്കെ കൊറോണ വ്യാപനത്തെ തടയാനായി നമ്മുടെ രാജ്യം മുഴുവൻ ലോക്കഡൗണിലുമായി...ഇതറിഞ്ഞപ്പോൾ ഉണ്ണിയ്ക്കും അപ്പുവിനും സ്കൂളിൽ പോകാൻ പറ്റാത്തതിന്റെ സങ്കടവും എന്നാൽ വീട്ടിൽ നിൽക്കാമല്ലോ എന്ന സന്തോഷവും ഒരുമിച്ചുണ്ടായി.പിന്നെ കുറച്ചു ദിവസം അവർ കുറെ കളിക്കുകയും കാർട്ടൂൺ കാണുകയുമെല്ലാം ചെയ്തു.ഒരു ദിവസം അവരുടെ ടീച്ചർ ഉണ്ണിയുടെയും അപ്പുവിന്റെയും സുഖവിവരങ്ങൾ അന്വേഷിച്ചു ഫോൺ ചെയ്തു,അക്കൂട്ടത്തിൽ അച്ചുവിന് ടൈഫോയ്ഡ് വന്ന കാര്യം ടീച്ചർ പറഞ്ഞു...വിഷമം തോന്നിയെങ്കിലും ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത അവനിപ്പോൾ മനസിലായി എന്ന് ടീച്ചർ പറഞ്ഞത് കേട്ടപ്പോൾ ആശ്വാസവുമായി.

ഈ അവസരത്തിൽ കുട്ടികളായ നമുക്ക് എന്തെല്ലാം ചെയ്യാനാവുമെന്നു അവർ അപ്പുവിന്റെ അച്ഛനോട് ചോദിച്ചു. അപ്പോൾ അച്ഛൻ പറഞ്ഞു _"ഈ സാഹചര്യത്തിൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം വീട്ടിലിരിക്കുക എന്നതാണ്,വീട്ടിലിരുന്നുകൊണ്ടു നമുക്ക് എന്തെല്ലാം ചെയ്യാം,പുസ്തകം വായിക്കാം,ചിത്രം വരയ്ക്കാം,പഠിക്കാം അങ്ങനെ എന്തെല്ലാം കാര്യങ്ങൾ? " ഇതും പറഞ്ഞിട്ട് അച്ഛൻ അവർക്കു വായിക്കാൻ രണ്ടു പുസ്തകങ്ങളും കൊടുത്തു.പുസ്തകങ്ങൾ വായിച്ച ശേഷം വായനക്കുറിപ്പു എഴുതണമെന്നും അച്ഛൻ ആവശ്യപ്പെട്ടു. അപ്പു വായിച്ച പുസ്തകം കൃഷിയെ കുറിച്ചായിരുന്നു.അത് വായിച്ചപ്പോൾ അവനൊരു ഐഡിയ തോന്നി. "നമുക്ക് ഒരു പച്ചക്കറിത്തോട്ടം നിർമ്മിച്ചാലോ?"എന്ന് അപ്പു ഉണ്ണിയോട് ചോദിച്ചു.ഉണ്ണി സമ്മതിച്ചു. അവർ അങ്ങനെ ഒരു പച്ചക്കറിത്തോട്ടവും നിർമിച്ചു.

അങ്ങനെയിരിക്കെ വിഷു എത്തി. അവർ കണി ഒരുക്കി.രാവിലെ എഴുന്നേറ്റു കണിയും കണ്ടു. എല്ലാവരും അവർക്കു കൈനീട്ടവും നൽകി.കൈനീട്ടം കിട്ടുന്ന കാശു കൊണ്ട് അവർക്കു ഒരുപാടു പ്ലാനുകൾ ഉണ്ടായിരുന്നു. അപ്പോൾ ഉണ്ണി പറഞ്ഞു "അപ്പൂ,ഇനിയും വിഷു വരും,കൈനീട്ടവും കിട്ടും.നമ്മുടെ പ്ലാനൊക്കെ തല്ക്കാലം മാറ്റി നിർത്താം. ഈ കൊറോണ മാറിയില്ലെങ്കിൽ അടുത്ത വിഷുവിനും നമ്മൾ ഇങ്ങനെ തന്നെ ഇരിക്കേണ്ടി വരും അതുകൊണ്ടു നമുക്ക് ഈ വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാം."ആദ്യം അപ്പുവിന് സങ്കടം വന്നെങ്കിലും പിന്നെ അവൻ സമ്മതിച്ചു.സങ്കടപെടുന്ന മറ്റുള്ളവർക്ക് വേണ്ടി നമുക്ക് ഇത്രയെങ്കിലും ചെയ്യാനായല്ലോ എന്ന ആശ്വാസത്തോടെ അവർ വീണ്ടും പുസ്തകങ്ങളുടെ ലോകത്തേക്ക് മടങ്ങി.