ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ താണ്ഡവം
പതിവുപോലെ സൂര്യൻ കിഴക്കുദിച്ചു. പക്ഷേ സൂര്യരശ്മികൾക്ക് ഭൂമിയിൽ പതിക്കാൻ എന്തോ തടസ്സം. മഴമേഘങ്ങൾ അതിന് അനുവദിക്കുന്നില്ലത്രേ.... അതേ കോരിച്ചൊരിയുന്ന മഴ. സുഹറയ്ക്ക് സ്കൂളിൽ പോകാനും കഴിയുന്നില്ല. ഉമ്മ അകത്തുനിന്നും ഉച്ചത്തിൽ വിളിക്കുന്നുണ്ട്. മോളേ അകത്തേയ്ക്ക് കയറ് നല്ല മഴ. സുഹറയുടെ ഉപ്പാക്ക് ജോലിക്കൊന്നും പോകാൻ കഴിയില്ല. കിടപ്പാണ് സുഹറയ്ക്ക് ഒരു സഹോദരൻ കൂടിയുണ്ട് അഫ്സൽ. മദ്രാസിൽ പഠിക്കുകയാണ്. തന്റെ ഉമ്മ വീട്ടുജോലിക്കു മാത്രം പോയിക്കിട്ടുന്ന വരുമാനം കൊണ്ട് ഒന്നും നടക്കില്ലെന്ന് അവനറിയാം.എല്ലാ മാസവും രണ്ട് ദിവസം വീട്ടിൽ വന്നുപോകുക പതിവാണ്. ഇക്കാക്ക വരുന്ന ദിവസം സുഹറയ്ക്ക് ഉത്സവമാണ്. അവൾക്ക് വേണ്ടി അഫ്സൽ എന്തെങ്കിലും കരുതാതിരിക്കില്ല. പതിവുപോലെ പൊന്നനുജത്തിക്കായിയുള്ള വാങ്ങിയ സാധനങ്ങളുമായി അഫ്സൽ നാട്ടിലെത്തി. എത്ര കഷ്ടപ്പാടുണ്ടായാലും മകൻ വരുന്ന ദിവസം വീട്ടിൽ വിഭവസമൃദ്ധമായ ഭക്ഷണമാണ് ഉമ്മ ഒരുക്കാറ്. കളിയും ചിരിയും തമാശകളുമായി ഒരവധി ദിവസം കൂടി കടന്നുപോയി.അഫ്സൽ തിരികെ പോവുകയും ചെയ്തു. ഓരോ ദിവസം കഴിയുന്തോറും മഴ കലിതുള്ളി പെയ്തുകൊണ്ടേയിരുന്നു. നദികളും പുഴകളും നിറഞ്ഞൊഴുകി. മരങ്ങൾ കടപുഴകി. മിണ്ടാപ്രാണികൾ അടക്കം പലതും ഒഴുകി നടന്നു. പ്രകൃതി എന്തിനോ ഒരുങ്ങുന്നതുപോലെ. വിവരമറിഞ്ഞ് അഫ്സൽ നാട്ടിലേക്ക് പലതവണ വിളിച്ചു. പക്ഷേ ആരേയും ബന്ധപ്പെടാൻ സാധിച്ചില്ല. ഒടുവിൽ അഫ്സൽ നാട്ടിലേക്ക് തിരിച്ചു.പക്ഷേ വെള്ളപ്പൊക്കവും നിർത്താതെയുള്ള മഴയും കാരണം അഫ്സലിനു നാട്ടിലെത്താൻ സാധിച്ചില്ല. മൂന്നു ദിവസം എവിടെയൊക്കെയോ കഴിഞ്ഞുകൂടി.വീട്ടിലേക്കുള്ള വഴിയിൽ പതിവിലും വിപരീതമായ കാഴ്ചകളാണ് അവന് കാണാൻ സാധിച്ചത്. എല്ലാം പ്രകൃതി സ്വന്തമാക്കിയിരുന്നു. മനസ്സിൽ ചെറിയ ഒരു പ്രതീക്ഷയുമായി എത്തിയ അവനെ കാത്തിരുന്നത് വെറും നിശബ്ദത മാത്രമായിരുന്നു.തനിക്കു വേണ്ടി ഒരായുസ്സു മുഴുവൻ കഷ്ടപ്പെട്ട് കിടപ്പിലായ ഉപ്പയും,തനിക്കു വേണ്ടി ഇപ്പോഴും കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഉമ്മയും പിന്നെ തന്റെ ജീവനെക്കാളേറെ സ്നേഹിച്ച കുഞ്ഞുപെങ്ങളും തന്നെ വിട്ടു പോയിരുന്നു. ഈ ലോകത്തിൽ ഇനി താൻ തനിച്ചാണെന്ന സത്യം മനസ്സിലാക്കി കരയാൻ ഒരു തുള്ളി കണ്ണുനീരുപോലും ഇല്ലാതെ അവൻ തിരികെ നടന്നു. സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി പ്രകൃതിയോടും,പ്രകൃതിയുടെ മക്കളോടും ക്രൂരത കാണിക്കുന്ന മനുഷ്യാ....ഒന്നോർക്കുക!ദുഷ്ടരായ നിങ്ങൾ ചെയ്യുന്ന പ്രവൃത്തിക്ക് കാലം കലിതുള്ളി പകതീർക്കുന്നത് ഇതുപോലുള്ള നിഷ്കളങ്കരായ മനുഷ്യരോടാണ്. അതിൽ നിങ്ങളോ നിങ്ങളുടെ കുടുംബമോ ഉണ്ടാകാതിരിക്കട്ടെ....പ്രാർത്ഥിക്കാം എല്ലാവർക്കും നല്ലതിനുവേണ്ടി മാത്രം.
|