മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ-ഈ നൂറ്റാണ്ടിലെ മഹാമാരി
കൊറോണ-ഈ നൂറ്റാണ്ടിലെ മഹാമാരി
വളരെ ചുരുങ്ങിയ സമയംകൊണ്ട് ലോകമാകെ കീഴ്‌പ്പെടുത്തിയ ഒരു മഹാമാരിയാണ് നോവൽ കൊറോണ അഥവാ കോവിഡ് -19. വളരെ ചെറിയ ഇടവേളയിൽ തന്നെ അത് നമ്മുടെ കൊച്ചു കേരളത്തിലും ആഞ്ഞടിച്ചു.ലോക രാഷ്ട്രങ്ങളെല്ലാംതന്നെ ഈ വൻവിപത്തിനു മുന്നിൽ ആകെ പകച്ചു നിൽക്കുകയാണ്. നിമിഷ നേരത്തിനുള്ളിൽ തന്നെ എത്രയെത്ര മരണങ്ങളാണ് ലോകത്താകമാനം നടക്കുന്നത്. വികസിത രാജ്യങ്ങൾ എല്ലാം തന്നെ ഈ ചെറു വൈറസിന് മുന്നിൽ തോറ്റുപോയി നിൽക്കുകയാണ്. എന്താണീ കൊറോണ വൈറസ് ? പലർക്കും ആശങ്കയുണ്ടാകും ഇത് എന്താണ് എന്ന്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. മൈക്രോ സ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൌൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. അത് കൊണ്ട് തന്നെ സൂനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള കൊറോണ വൈറസുകളായിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിത്തീർന്നത്. 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ ഹുബൈ പ്രവിശ്യയിൽ. ഇതിനകം തന്നെ ജപ്പാൻ, തായിലാൻഡ്, തായ്വാൻ, ഹോങ്കോങ്, മക്കാവു,ദക്ഷിണ കൊറിയ, ഇറ്റലി, ഇന്ത്യ, യുഎസ്, തുടങ്ങിയ ഇടങ്ങളിൽ വൈറസസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഈ വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത് പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് . പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്. 5-6 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്. പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും. ഇവ മാത്രമല്ല, മേൽ പറഞ്ഞ പോലെ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും രോഗലക്ഷണങ്ങളിൽ പെടുന്നവയാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും രോഗം പകാരാനിടയുള്ളത് കൊണ്ട് തന്നെ അതീവ ജാഗ്രത വേണം. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട് തന്നെ കൊറോണ പടരുന്ന മേഘലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ശുചിത്വമാണ്. പലപ്പോഴും പലരുമായും അടുത്തിട പഴകുന്നവരായിരിക്കും നമ്മൾ. ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ഈ വൈറസ് ബാധയ്ക്ക് മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത്തരം വൈറസ് ബാധ ഏൽക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് വേണ്ടത്. ഇന്ത്യയാമഹാരാജ്യവും നമ്മുടെ കൊച്ചു കേരളവും ഈ മഹാമാരിക്കെതിരെ പോരാടുമ്പോൾ ഈ രാജ്യത്തെ പൗരന്മാരായ നമ്മളോരോരുത്തരും ഈ വെല്ലുവിളി ഏറ്റെടുത്തു രാജ്യത്തോടും ഭരണകർത്താക്കളോടും ഒപ്പം സഹകരിച്ചു ഈ ദുരവസ്ഥയെ മറികടക്കുവാൻ ഒന്നിച്ചു പ്രവർത്തിക്കുകതന്നെ ചെയ്യണം. ഈ മഹാമാരിയെ നാം ഒറ്റക്കെട്ടായി തുടച്ചു നീക്കുകതന്നെ ചെയ്യും എന്ന് പ്രതിജ്ഞാബദ്ധരാകേണ്ട നേരമാണിത്. ഇതിനായി അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർക്കും നിയമപാലകർക്കും നമ്മുടെ ഭരണകർത്താക്കൾക്കും, അതോടൊപ്പം തന്നെ ഇന്ത്യൻ പ്രധാനമന്ത്രിക്കും കേരളാ മുഖ്യമന്ത്രിക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
|