സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/കൂടെയുണ്ട്

18:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂടെയുണ്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂടെയുണ്ട്


ബോട്ടിൽ കയറുന്നതിനുമുമ്പ് മത്സ്യത്തൊഴിലാളിയായ എന്നോട് ബോട്ട് ഡ്രൈവർ ജോജി പറഞ്ഞു; "എന്റെ രണ്ട് അനിയന്മാരെ ആണ് വെള്ളം കൊണ്ടുപോയത്. ഒരാളുടെ മൃതദേഹം കിട്ടി.അവന് നീന്തൽ അറിയില്ലായിരുന്നു. രണ്ടാമത്തെ അനിയനെ ഇത്രയും ദിവസം തിരഞ്ഞു,കിട്ടിയില്ല. അവന് നീന്തൽ അറിയാമായിരുന്നു.പക്ഷേ...( ഒരു നിമിഷത്തെ മൗനം)ചിലപ്പോൾ മീൻ തിന്നു പോയിട്ടുണ്ടാകും"..

ഞാൻ ഒന്നും മിണ്ടിയില്ല. എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. ഒന്നും നോക്കാതെ ഞാൻ ബോട്ടിലേക്ക് കയറി. പ്രളയ കാലത്തിന് ശേഷം ആദ്യത്തെ എന്റെ ബോട്ട് യാത്രയായിരുന്നു അത്. ആ ബോട്ട് യാത്ര ഒരുപാട് എന്നെ വേദനിപ്പിച്ചതായി തോന്നി.അത് പല ഓർമ്മകൾ നൽകിയ വേദനയായിരുന്നു. പ്രളയകാലത്തെ സേവനത്തിനായി ഞങ്ങൾ ഒരുങ്ങിയതും, പല യാത്രകളും, കരച്ചിലുകളും, സങ്കടവും, കൂട്ട നിലവിളികളുമെല്ലാം മനസ്സിലേക്ക് ഓരോന്നായി വരുന്നതായി തോന്നി.

ഞാൻ എറണാകുളം സ്വദേശിയാണ്.എന്നെ കുട്ടനാട്ടിലേക്ക് ആണ് പ്രളയാനന്തര സേവനങ്ങൾക്കായി നിയോഗിച്ചത്.കഴുത്തറ്റം വെള്ളത്തിൽ നിന്ന് കണ്ടതെല്ലാം നടുക്കുന്ന കാഴ്ചകളായിരുന്നു. സാധനങ്ങൾ തലച്ചുമടായി കൊണ്ടുപോകുന്ന നാട്ടുകാർ,വെള്ളമെടുത്ത് വീടിൻറെ ഒന്നാം നിലയിൽ നിന്നും രണ്ടാം നിലയിലേക്ക് മാറിയ ആളുകൾ,ആകെ അസ്വസ്ഥപ്പെടുത്തുന്ന കാഴ്ചകൾ... ഞങ്ങളുടെ ബോട്ടിൽ കയറിയവരിൽ നായ്ക്കളെയും പൂച്ചകളെയും ഒപ്പം കൂട്ടിയവരുണ്ട്.മറ്റുചിലർ കോഴികളെയും ചാക്കിലാക്കി കരയിലെത്തി. എനിക്കുതന്നെ അരക്ഷിതാവസ്ഥ തോന്നിത്തുടങ്ങിയ നിമിഷങ്ങളായിരുന്നു അത്. കൈക്കുഞ്ഞുങ്ങളുമായി ഉള്ള ചിലരുടെ യാത്ര മനസ്സിനെ വിഷമിപ്പിച്ചു.ചെറു സഞ്ചികൾ തോളിൽ തൂക്കി അച്ഛനമ്മമാർക്കൊപ്പം നീങ്ങുന്ന കുട്ടികളെ കണ്ടപ്പോൾ വീട്ടിലുള്ള മകനെ ആണ് ഓർമ്മ വന്നത്. അവരിപ്പോൾ സുരക്ഷിതരായിരിപ്പുണ്ടാവും... എന്ന പ്രതീക്ഷയിൽ. "

അപ്പൻ എങ്ങോട്ടാ പോണേ", എന്ന മകന്റെ ചോദ്യത്തിന് ഞാൻ എങ്ങോട്ടും പോകുന്നില്ല എന്ന ഉത്തരം മാത്രം. കുട്ടനാട്ടിൽ പോയപ്പോൾ അവിടുത്തെ രക്ഷാപ്രവർത്തനത്തിനിടയിൽ എൻറെ മനസ്സിനെ വളരെയേറെ വേദനിപ്പിച്ച ഒരു അനുഭവം... ഒരു അമ്മച്ചി തൻറെ മകനെ കാത്തുനിൽക്കുകയാണ്.. "എൻറെ കൊച്ചു ഒരു മത്സ്യ തൊഴിലാളിയാണെ.. അവൻ ഇന്നലെ വീട്ടിൽ വരും എന്നാ പറഞ്ഞിരുന്നത്.. കണ്ടില്ല"..

വഞ്ചിയിൽ പ്രായമായ 3 പേരും ഒരു കുഞ്ഞും അമ്മയും ഉണ്ട്. രണ്ടു ചെറുപ്പക്കാർക്ക് വഞ്ചിയിൽ ഉണ്ടായിരുന്ന പഴം കഴിക്കാൻ കൊടുത്തു. പഴത്തിന്റെ മധുരം ഇത്രയും ആസ്വദിച്ചത് ഇപ്പോഴാണ് എന്ന് അവരുടെ മുഖം കണ്ടാലറിയാം. വഞ്ചിയിൽ ഉണ്ടായിരുന്ന അമ്മ പറയുന്നുണ്ടായിരുന്നു; "ദൈവമാണ് മക്കളെ നിങ്ങളെ എത്തിച്ചത്,അല്ല നിങ്ങൾ തന്നെയാണ് മക്കളെ ദൈവം" എന്ന്. ചിലർക്ക് വഞ്ചിയിലും ബോട്ടിലും കയറുവാനായി പേടിയുണ്ടായിരുന്നു. എങ്കിലും അവരെ താങ്ങാൻ എനിക്ക് സാധിച്ചല്ലോ..

സ്വന്തം ജീവൻപോലും പണയപ്പെടുത്തി രക്ഷാ പ്രവർത്തകനായ കെ.പി ജയ്സൽ സ്ത്രീകൾ അടക്കമുള്ളവരെ തൻറെ മുതുകിൽ ചവിട്ടി ബോട്ടിൽ കയറാൻ സഹായിച്ചു എന്ന വാർത്ത എന്നെ ഏറെ അമ്പരപ്പിച്ചു.

ജോജിയുടെ ബോട്ടിൽ കയറി ജോജിയെ ആശ്വസിപ്പിക്കാം എന്ന് ഞാൻ വിചാരിച്ചു.എനിക്ക് അഭിമാനമാണിപ്പോൾ. എന്തായാലും എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുന്നല്ലോ.തൻറെ കയ്യിൽ നിന്ന് പഴം വാങ്ങിയ ആ രണ്ടു ചെറുപ്പക്കാർ എന്നോടൊപ്പം ഒരു സെൽഫി എടുത്തിട്ട് എഫ് ബി തുറന്നു..സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു.. 'നമ്മൾ സേഫ് ആണ്. മുക്കുവർ ആണ് നമ്മുടെ ദൈവം'അതിൽ വന്നുനിറയുന്ന ലൈക്, കമൻറ്, കണ്ടു എൻറെ ഉള്ളം നിറഞ്ഞു...

അഞ്ജു എ ജെ
10 E സി സി പി എൽ എം എ ഐ എച്ച് എസ് പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ