കാലടിപ്പാടുകൾ വറ്റിയ വഴിയിൽ
ഇടക്കിടെ വരണ്ടകൺകളാൽ പരതി
പൂമുഖത്തിരുന്നു,ഞാൻ -
ലോകം അടച്ചുപൂട്ടിയ താക്കോലെങ്ങാനും കണ്ടുകിട്ടുമോ!?
മുറ്റത്തെ കിണറും തൊടിയിലെ കുളവും
അകലെ ചാലിയാറിൻറെ ചുടുനിശ്വാസവും എന്നെ പരിഹസിച്ചു:
”നീയും അനുഭവിക്ക്–വറ്റിവരളലിൻറെ വേദന.”
മതിൽക്കെട്ടിനപ്പുറത്തുള്ള പൂത്തുനിൽക്കുന്ന
കണിക്കൊന്നക്ക് മരണത്തിൻറെ നിറമാണെന്ന് എനിക്കുതോന്നി.
കൂട്ടിലകപ്പെട്ട പക്ഷിയെപ്പോലെ
ഞാനിന്ന് വിതുമ്പുകയാണ്.
കൂട്ടുകാരില്ല,വിരുന്നുകാരില്ല-പെൻസിലും നിറക്കൂട്ടുകളുമായി
ഞാൻ ചിലനേരങ്ങളിൽ ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്നു.
ചില്ലുകൂട്ടിനകത്തെ എൻറെ കുഞ്ഞുമത്സ്യങ്ങളെ ചിലപ്പോഴൊക്കെ ലാളിച്ചു.
മക്കളും കൊച്ചുമക്കളുമായി അകത്തെ മൂലകളിൽ
പല്ലികൾ രഹസ്യം പറയുന്നു.
ഇടക്കിടക്ക് അലമാരയിൽനിന്ൻ പുസ്തകങ്ങൾ
എന്നെ മാടിവിളിച്ചു.
ബഷീറും എം.ടി.യും ബന്ന്യാമിനും എനിക്ക് കഥകൾ പറഞ്ഞുതന്നു.
“വീട് ഒരു സ്വർഗ്ഗമാണ്!”
വൈകുന്നേരങ്ങളിൽ വിളക്കുവെച്ചു ഞാൻ പ്രാർഥിക്കും-
“ദൈവമേ,ഈ ലോകത്തെ രക്ഷിക്കണേ.”