ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/മാലിന്യ മുക്ത കേരളം(ലേഖനം)

മാലിന്യ മുക്ത കേരളം.

പണ്ട് പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കേരളം ഇന്ന് വികസനപാതയിലാണ് .അതോടൊപ്പംതന്നെ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ അളവും വികാസം പ്രാപിച്ചു .ജൈവവൈവിദ്ധ്യം കൊണ്ടും അമൂല്യമായ പ്രകൃതിവിഭവങ്ങൾ കൊണ്ടും സമ്പന്നമാണ് കേരളം .ഈ സൗന്ദര്യത്തിൽ ആകൃഷ്ടരായിട്ടാകാം പണ്ട് വിദേശരാജ്യങ്ങൾ ഇവിടെ ആധിപത്യം സ്ഥാപിക്കാനായി മത്സരിച്ചത്.

ഈ സൗന്ദര്യത്തിനു വിലങ്ങുതടിയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഇന്നത്തെ പരിസ്ഥിതി മലിനീകരണം. റോഡരികുകളിലും വിജനമായ പ്രദേശങ്ങളിലും മറ്റും കുന്നുകൂടുന്ന മാലിന്യങ്ങളുടെ ഭൂരിഭാഗവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. സൂര്യനില്ലാതെ ഭൂമിക്ക് നിലനിൽപ്പില്ല എന്നതുപോലെ പ്ലാസ്റ്റിക്കില്ലാതെ മനുഷ്യന് നിലനിൽപ്പില്ല എന്ന അവസ്ഥയാണ് ഇന്നത്തേത്.

പ്ലാസ്റ്റിക് ഒരു അജൈവമാലിന്യമാണ്. അത് സംസ്കരിക്കുക പ്രയാസമാണ്‌. എന്നാൽ വീടുകളിൽ നിന്നുള്ള ജൈവമാലിന്യങ്ങൾ പോലും സംസ്കരിക്കാൻ ആരും തയ്യാറല്ല. സാധനങ്ങളും മറ്റും കടയിൽ നിന്നും വാങ്ങുമ്പോൾ അവയോടൊപ്പം വീട്ടിലെത്തുന്ന പ്ലാസ്റ്റിക് കവറുകൾ നാം കത്തിച്ചു കളയാറാണ് പതിവ്. ആ സാഹചര്യത്തിൽ നാം മറന്നുപോകുന്ന ഒരു കാര്യമുണ്ട്. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുകയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ ക്യാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് കാരണമാകുന്നു.

ഈ മലിനീകരണം കുറയ്ക്കാൻ ധാരാളം മാർഗങ്ങളുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കമ്പ്യൂട്ടറിന്റെയും ടി.വി.യുടെയും മുമ്പിൽ ചെലവഴിക്കുന്ന നാം ഓരോരുത്തരും ആഴ്ചയിലൊരിക്കൽ വീടും പരിസരവും വൃത്തിയാക്കി മാലിന്യങ്ങൾ യഥാവിധം നിർമ്മാർജനം ചെയ്യുകയെന്നത്‌ ഒരു കടമയായി ഏറ്റെടുക്കുകയാണെങ്കിൽ നമ്മുടെ നാടിനെ മാലിന്യത്തിൽ നിന്നും സംരക്ഷിക്കാൻ നമുക്ക് കഴിയും. പ്രകൃതിക്കും ആരോഗ്യത്തിനും നാടിനും ഒരുപോലെ ഹാനികരമായ പ്ലാസ്റ്റിക് എന്തുകൊണ്ട് നമുക്ക് വേണ്ടെന്നുവച്ചുകൂടാ?

ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വളർച്ചയിലൂടെ ബഹിരാകാശം വരെ കീഴടക്കിയ നമുക്ക് മാലിന്യത്തിൽ നിന്നും കേരളത്തെ രക്ഷിക്കാൻ കഴിയട്ടെ.അതാകട്ടെ നമ്മൾ ഓരോരുത്തരുടെയും സ്വപ്നം. ഭൂമി മനുഷ്യന്റേതല്ല, മനുഷ്യൻ ഭൂമിയുടേതാണ്. കേരളത്തെ മാലിന്യമുക്തമാക്കുന്ന പ്രവൃത്തികളിൽ നമുക്ക് പങ്കാളികളാകാം. അങ്ങനെ നമുക്ക് ഒരു സുന്ദരകേരളം സൃഷ്ടിക്കാം.
ജയ് ഭാരത് !


ഗൗരി ജെ എസ്
9 എ ഗവ.വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം