പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം
പരിസ്ഥിതി മലിനീകരണം
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്തപോലും ഉണ്ടാകാത്ത ദിനങ്ങളില്ല. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിതീർന്ന ഒരു വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. ഇതിന്റെ കാണാപ്പുറങ്ങളിലൂടെ നമുക്കു ഒന്നു സഞ്ചരിച്ചുനോക്കാം.
എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം എന്നത്. അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി, ഉൾക്കാമ്പുള്ള ചിന്തകൾ, നിബന്ധനകളില്ലാത്ത മനസ്സ് ഇവയുടെയൊക്കെ ആകെത്തുകയായ ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്നു മാത്രമെ അതിനെ നമുക്ക് കണ്ടെത്തുവാനാകൂ. എങ്കിൽ മാത്രമെ ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ സംഭവിക്കാതെയും ഇരിക്കയുള്ളു. മനുഷ്യൻ എന്തിനുവേണ്ടി ജീവിക്കുന്നു, അവന്റെ ജീവിതലക്ഷ്യമെന്ത്? ഇതിനെക്കുറിച്ച് യാഥാർത്ഥ്യബോധത്തോടുകൂടി വീക്ഷിക്കുവാൻവേണ്ടി കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി നമുക്കു കഴിഞ്ഞിട്ടില്ല. ദിശാബോധം നഷ്ടപ്പെട്ടു ആത്മീയസുഖങ്ങളേക്കാൾ വലുതാണ് ഇന്ദ്രീയസുഖങ്ങൾ എന്നു ധരിച്ചുവശായി അതിവേഗതയിൽ കാലങ്ങളെ ആട്ടിപ്പായിക്കുന്ന നരജന്മം ഇന്ന് ചെന്നെത്തി നില്ക്കുന്നത് ബാഹ്യമായ അറിവുകളുടെ വിഷഭൂമിയിലാണ്. ജീവിതത്തിൽ പരമമായി വേണ്ടത് ആനന്ദമാണ്. അത് നമ്മുടെ പൂർവ്വികരുടെ പൂർവ്വികർ സ്വായത്തമാക്കിയിരുന്നു. അതിനാൽ അവർ 'സച്ഛിദാന്ദന്മാരാ'യിരുന്നു. 'സത്' 'ചിത്ത്' 'ആനന്ദം' നേടിയവരായിരുന്നു. അങ്ങനെ നേടുന്ന ആനന്ദം അവരെ മഹത്‌വത്ക്കരിച്ചു. ആയതിനാൽ അവരുടെ 'ജീനിയസ്' അതാത് വിഷയങ്ങളിൽ നിക്ഷിപ്തവും അവയെ തിരിച്ചറിയുവാനുള്ള വേദിയുമായിരുന്നു അവരുടെ ജീവിതശൈലി. ഇന്ന് മനുഷ്യർ അവനവന്റെ 'ജീനിയസ്' കണ്ടുപിടിക്കാനായി ആന്തരികമായ അറിവുകളെ താഴിട്ടുപൂട്ടി ബാഹ്യമായുള്ളവയെ കാണാപാഠമായി ഉൾക്കൊള്ളുകയും ചെയ്യുന്നത്. ഇതിന്റെ ഫലമായി അറിവുകൾ ആഴമില്ലാത്തവയും, നൈമിഷികവും, ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രയോജനമില്ലാത്തവയുമായി മാറുകയും ചെയ്യുന്നു. അങ്ങിനെ ജീവിതത്തിന്റെ പരമാനന്ദത്തെ അറിയുവാൻ ആദ്യം വേണ്ടുന്നത് സംഘർഷം ഇല്ലാത്ത ഒരു മനസ്സാണ്. ഇന്നുകാലങ്ങളിൽ സംഘർഷം മനുഷ്യന്റെ കൂടെപ്പിറപ്പാണ്. ഉറക്കത്തിൽപ്പോലും അത് അവനെ വിട്ടുപിരിയുന്നില്ല. അതും താങ്ങിയുള്ള നെട്ടോട്ടത്തിനാണ് 'ഫാസ്റ്റ് ലൈഫ്' എന്ന ഓമനപ്പോരിട്ട് നമ്മൾ അഹങ്കാരത്തോടെ കൊണ്ടു നടക്കുന്നത്. വിക്രമാദിത്യകഥകളിലെ വേതാളത്തെപ്പോലെ ഇത് നമ്മുടെ മരണം വരെ നമ്മുടെ ചുമലിൽ തൂങ്ങിക്കിടക്കുന്നുണ്ടാവും. എങ്ങനെ സംഘർഷത്തെ ഒഴിവാക്കുവാൻ സാധിക്കും. അച്ചടക്കവും കഠിനമായ പ്രയത്‌നവും നമ്മളെ നയിക്കുന്നത് 'നേടുക' എന്ന പ്രക്രിയയുട കളിക്കളത്തിലേയ്ക്കാണ്. അവിടെ നമ്മെ കാത്തിരിക്കുന്നത് കിടമത്സരങ്ങളും, മാത്സര്യബുദ്ധിയും, പരിശ്രമവും എന്ന കളിക്കോപ്പുകളാണ്. ഇവിടെ സൂക്ഷമായി നമ്മൾ കാണേണ്ട ഒരു വസ്തുത എന്താണെന്നുവെച്ചാൽ 'പരിശ്രമം' എന്ന പ്രക്രിയയിൽ പ്രയത്‌നം ഉണ്ടാവുകയും, ആ പ്രയത്‌നം നിലനിർത്തുവാൻ വേണ്ടി നമ്മൾ നമ്മളിൽത്തന്നെ അച്ചടക്കം അടിച്ചേല്പിക്കുകയും ചെയ്യുന്നു. ഇതിനാൽ നമ്മൾ ഏർപ്പെടുന്ന ജോലിയിൽ ക്ഷീണിതരാകുകയും അവയെ സമയബന്ധിതമായി ചെയ്യേണ്ട ഒരു ക്രിയയായി കാണുകയും, അതിന്റെ പ്രതിഫലം ലഭിക്കുവാൻ വേണ്ടി അവകാശം എന്ന വാദം ഉന്നയിക്കുകയും ചെയ്യുന്നു. ഇതിന്റെ മറുവശം നോക്കിയാൽ നമുക്ക് കാണാനാകുന്നത് പ്രയത്‌നലേശമന്യേ നമ്മൾ ഏർപ്പെടുന്ന ഒരു ജോലിയിൽ അത് ആനന്ദിച്ചു ചെയ്യുവാൻ കഴിയുകയും യാതോരു നിബന്ധനകളോ അച്ചടക്കമോ നമ്മളെ ബന്ധിക്കാൻ വരാതിരിക്കുകയോ അവിടെ പരിശ്രമങ്ങളോ, വെട്ടിപ്പിടിക്കലുകളോ ഇല്ലാതാവുകയും ചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ വിശപ്പോ, ദാഹമോ ഇല്ലാതെ ആനന്ദം കൈവരികയും ചെയ്യുന്ന അവസ്ഥയിൽ ആ കർമ്മത്തിനു നമ്മൾ വിലപേശുകയും ചെയ്യാതിരിക്കുമ്പോഴാണ് നമ്മൾ ഊർജ്ജ്വസ്വലരും സച്ഛിദാന്ദന്മാരായും തീരുന്നത്. ഇവിടെയാണ് നമ്മളിലെ ജീനിയസ്സുകളെ കൂച്ചുവിലങ്ങിടുകയും, സമൂഹം നിഷ്‌ക്കർഷിക്കുന്ന വേഷം ധരിക്കുവാൻ നമ്മൾ നിർബന്ധിതരാവുകയും ചെയ്യുന്നത്. ആദ്യപരിസ്ഥിതി ദോഷം ഇവിടെ ജന്മമെടുക്കുകയായി. ഈ വേഷങ്ങളിൽ നിന്നുകൊണ്ടു അടരാടുന്ന മനുഷ്യജന്മങ്ങളാണ് നമ്മൾ മേല്പറഞ്ഞ പരിസ്ഥിതി നശീകരണത്തിനു കാരണക്കാർ. ഇവരുടെ ബുദ്ധിവൈകല്യത്തിന്റെ നേർക്കാഴ്ചയാണ് ഇന്ന് നാം ബാഹ്യമായി ദർശിക്കുന്ന ഈ പരിസ്ഥിതി നാശങ്ങളെല്ലാം. ഒരു വ്യക്തി, താൻ തന്റെ ശരീരത്തിനു നല്കുന്ന ഇന്ധനമെന്ന ആഹാരവും മറ്റു ഇന്ദ്രീയങ്ങൾക്കു സുഖങ്ങൾ പകരുന്ന കാഴ്ചകളും, കേൾവികളും, തലോടലുകളുമെല്ലാം സ്വത്വഗുണ പ്രദാനങ്ങളല്ലെങ്കിൽ നമ്മുടെ മസ്തിഷ്‌ക്കത്തിലേയും ശരീരത്തിലേയും കോശങ്ങളെ നശിപ്പിക്കുകയും അവയിൽനിന്ന് ഉണ്ടാകുന്ന വിഷമകരങ്ങളായ പുതീയ സ്രവങ്ങളെ ശരീരം ഏറ്റെടുക്കുകയും ചെയ്യുമ്പോഴാണ് ആദ്യത്തെ പരിസ്ഥിതി ദോഷം സംഭവിക്കുന്നത്. ഇതിനെയാണ് നമ്മൾ തിരിച്ചറിയേണ്ടത്. ഇതിനെ തിരിച്ചറിയുവാനും കണ്ടെത്തുവാനും ലോകത്ത് ഒരു പരിസ്ഥിതി സംഘടനകളും, ശാസ്ത്രകുതുകികളും ഇതേവരേ ശ്രമിച്ചിട്ടില്ല എന്നുള്ളത് തികച്ചും ദൌർഭാഗ്യകരമാണ്. എന്താണ് ഭക്ഷിക്കേണ്ടത്, എങ്ങിനെയാണ് ഭക്ഷിക്കേണ്ടത്, എത്രമാത്രം ഭക്ഷിക്കണം എന്നുള്ളവയെപ്പറ്റി നമ്മുടെ സംസ്‌കാരവും പൈതൃകവും വളരെ വിശദമായിത്തന്നെ പഠിപ്പിച്ചിരുന്നു. ഒരു നേരം ആഹാരം കഴിക്കുന്നവനെ 'യോഗി'യായും, രണ്ടു നേരം കഴിക്കുന്നവനെ 'ഭോഗി'യായും, മൂന്നു നേരം കഴിക്കുന്നവനെ 'രോഗി'യായും, നാലോ അതിലധികമോ നേരം കഴിക്കുന്നവനെ 'ദ്രോഹി'യായും ആണ് വിലയിരുത്തിയിരുന്നത്. നമ്മുടെ വന്യമൃഗങ്ങൾപോലും വിശക്കുമ്പോൾ മാത്രമെ ഭക്ഷണം തേടി പോകാറുള്ളു. അതേ സമയം നമ്മളും നമ്മുടെ പിൻതലമുറകളും അനുവർത്തിച്ചുവരുന്നത് 'ദ്രോഹി'കളുടെ രീതികളാണ്. അമിതമായി ആഹാരം കഴിക്കുമ്പോൾ തന്നെ നമ്മുടെ ശരീരത്ത് പ്രവർത്തിക്കേണ്ടുന്ന 'രസങ്ങളെ' ആകെ താളംതെറ്റിക്കുകയും അങ്ങിനെ ശരീരത്തിന്റെ ഘടനയെ ആകെ മാറ്റിമറിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ വിരുദ്ധാഹാരങ്ങളുടെ ഒരു ശ്രേണിതന്നെയാണ് നമ്മുടെ മുമ്പിൽ പരസ്യങ്ങൾ വഴിയും, ടി.വി.ചാനലുകളിലെ പാചകമത്സര റിയാലിറ്റി ഷോകൾവഴിയും, പാചക വിദഗ്ദരും നടത്തുന്ന കത്തിവേഷങ്ങൾ വഴിയും നമുക്കായി സമ്മാനിക്കുന്നത്. മനുഷ്യന്റെ രസനേന്ദ്രീയങ്ങളെപ്പോലും ജ്വലിപ്പിച്ച് കച്ചവടദ്രവ്യങ്ങൾ ആക്കുന്ന പരസ്യ കമ്പനികളെ നിലയ്ക്കു നിർത്തുവാൻ ഒരു ഭരണാധികാരിപോലും മുന്നോട്ടു വന്നിട്ടില്ല എന്നുള്ളത് ഇതിനോടു ചേർത്തു വായിക്കേണ്ട വസ്തുതയാണ്. ജീവിതശൈലീ രോഗങ്ങൾ എന്ന് നാം സ്‌നേഹപൂർവ്വം വിളിക്കുന്ന രോഗങ്ങൾ നമ്മുടെ ശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത്, മനസ്സിനേയും, ബുദ്ധിയേയും വികലമാക്കുകയും ദുഷ്ച്ചിന്തകളാൽ രോഗഗ്രസ്ഥമാക്കുകയും ചെയ്യും. ഇവിടെയെല്ലാം നശിക്കുന്നത് നഗ്നനേത്രങ്ങൾക്കൊണ്ട് ഗോചരമല്ലാത്ത കോടിക്കണക്കിനു ജീവാണുക്കളാണ്. ഇതിന്റെ ഒരു കണക്കെടുത്താൽത്തന്നെ നമുക്കു മനസ്സിലാക്കുവാൻ സാധിക്കും ഒരു ദിനം നമ്മൾ എത്ര ആയിരം കോശങ്ങളേയും ജീവാണുക്കളേയും ആണു മൃത്യുവിനിരയാക്കുന്നതെന്ന്. ഇത് വെറും ആഹാരത്തിന്റെ കാര്യം മാത്രം. ഇതിലും എത്രയോ ഇരട്ടി പ്രവർത്തന വൈകല്യങ്ങളാണ് ഇതിൽ നിന്നുത്ഭവിച്ച് നമ്മളിൽകൂടി ബഹിർഗമിക്കുന്നത്. നമ്മൾ ഒരു വ്യക്തിയോട് തീരാത്ത പകയുമായി ആയാളെ നശിപ്പിക്കുവാൻ വേണ്ടി നടത്തുന്ന കുത്സിത പ്രവർത്തനങ്ങളിൽ നമ്മുടെ ശരീരത്തിനകത്തെ കോടാനുകോടി രക്താണുക്കളും, ജീവാണുക്കളും, കോശങ്ങളും, രസങ്ങളുമാണ് ഇല്ലാതാകുന്നത്. നമ്മൾ ഒരു ലഹരി പദാർത്ഥം ഉപയോഗിക്കുമ്പോൾ, ഒരു പുകയില ഉത്പന്നം ഉപയോഗിക്കുമ്പോൾ നമ്മുടെ രസനേന്ദ്രീയങ്ങളിൽ അതിഗംഭീരമായ വിസ്‌പോടനങ്ങൾ നടക്കുകയും ആ വിസ്‌പോടനത്തിൽ നിന്ന് ദുഷ്ചിന്തകൾ ഉയിർകൊണ്ട്, അവയെ പ്രവർത്തിപഥത്തിൽ എത്തിക്കുമ്പോൾ നാശം സംഭവിക്കുന്നത് നമ്മുടെ ശരീരത്തിനു തന്നെയാണ്. ഇത്രത്തോളം സ്വന്തം ശരീരത്തെ വെറുക്കുകയും നശിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന മറ്റൊരു ജീവിയെ ഭൂതലത്തിൽ കാണുവാൻ ഇടവരില്ല. ഇവിടെയാണ് പരിസ്ഥിതിയുടെ ഏറ്റവും വലീയ നാശം നടക്കുന്നത്. ഇങ്ങനെ വ്യക്തിക്കും സമൂഹത്തിനും ച്യൂതി സംഭവിക്കാതെയിരിക്കുവാൻ നമ്മൾ വിവരദോഷികളെന്നു പറയുന്ന നമ്മുടെ 'മുതുകാരണവർമാർ' വളരെയധികം ശ്രദ്ധിക്കുകയും, അവരുടെ ജീവിതത്തിൽ പൈതൃക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളെ ആശ്രയിക്കുകയും അവയെ തങ്ങളേക്കാൾ ഏറെ ബഹുമാനിച്ചാദരിച്ച് അതിൻ പ്രകാരം ജീവിതം മുന്നോട്ടു നയിക്കുകയും ചെയ്തിരുന്നു. അവർക്കറിയാമായിരുന്നു ശരിയായ പരിസ്ഥിതി, പ്രയ്ത്‌നങ്ങളില്ലാതെ നേടുന്ന ആനന്ദത്തിൽ അധിഷ്ടിതമാണെന്ന്. അതിനാൽ ആന്തരികമായ ലാളിത്യവും, സ്‌നേഹവും, സംഘർഷമില്ലായ്മയും അവരിൽ അനുസ്യൂതം പ്രവഹിച്ചിരുന്നു. അങ്ങിനെ സൃഷ്ടിയെടുത്ത ലാളിത്യമില്ലാത്ത ചിന്തകളാണ് ഇന്ന് നാം പരിസ്ഥിതിയുടെ ബഹിർസ്പുരണങ്ങളായി കാണുന്ന മാലിന്യങ്ങൾ മുതൽ കൊടുമുടികളെ ഇടിച്ചുനിരത്തുന്നതു വരെയുള്ള സംഭവങ്ങളായി പരിണമിക്കുന്നത്. വെട്ടിനിരത്തലുകൾക്കെതിരേയും, പാടങ്ങൾ നികത്തുന്നതിനെതിരേയും, വൃക്ഷങ്ങളുടെ തലകൾ കൊയ്യുന്നതിനെതിരേയും പട നയിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. വിഷഗ്രസ്ഥമായ മനസ്സുകൾക്ക് അവയെ ഉൾക്കൊള്ളാനാകില്ല. അത്, പരസ്പരം ചേരാത്ത 'വിരുദ്ധ ആഹാരമായി ' പരിണമിക്കുകയേ ഉള്ളു. സമ്മേളനങ്ങളിൽ കൈയ്യടികൾ വാങ്ങാനും, ജനശ്രദ്ധ പിടിച്ചു പറ്റുവാനും, അവാർഡുകൾ വാരി കൂട്ടുവാനും മാത്രമേ ഈ പ്രവർത്തനങ്ങൾ ഉപകരിക്കയുള്ളു. അതുകൊണ്ടാണ് 'ഗ്രീൻ പീസ് ഫൗൺഡേഷൻ' എന്ന ലോകോത്തര സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്നിരിക്കലും, വേണ്ടത്ര ഫലം കാണാതെ പോകുന്നത്. മനുഷ്യ ചിന്തകളുടെ പാരിസ്ഥിതിക ദോഷങ്ങളുടെ ആകെത്തുകയാണ് ഇന്ന് വർദ്ധിച്ചു വരുന്ന ആശുപത്രികളും, അഭയസംങ്കേതങ്ങളും, കുടുംബ കോടതികളും എല്ലാം എല്ലാം. ആതിനാൽ ആ പ്രവർത്തനങ്ങൾ ഒക്കെ നല്ലവയാണെങ്കിലും ' കതിരിൽ കൊണ്ട് വളം വയ്ക്കുന്നതിനു' തുല്യമായ ഫലം ഉളവാക്കുന്നു. ഇവിടെ പാരിസ്ഥിതികദോഷ കർമ്മങ്ങൾക്കല്ല ചികിത്സ വേണ്ടത്. നാം മുകളിൽ കണ്ട കാരണഹേതുവിനാണ്. ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽത്തന്നെ പരിസ്ഥിതി നന്മയ്ക്കുള്ള ആദ്യ ചുവടുവെയ്പ്പുകൾ തുടങ്ങും. ഇനി അധികം ചിന്തിച്ചു സമയം കളയുവാൻ നേരമില്ല. ബുദ്ധിയെ ഉണർത്തി, കർമ്മ നിരതരാകുവിൻ....
|