സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/ഒരു ലോക്ഡൗൺ തിരിച്ചറിവ്

ഒരു ലോക്ഡൗൺ തിരിച്ചറിവ്

ടീന ലിവിങ് റൂമിലെ സോഫയിൽ ഇരുന്നു ന്യൂസ് പേപ്പർ വായിക്കുകയായിരുന്നു. ബെഡ്റൂമിൽ ഉറങ്ങിക്കിടന്നിരുന്ന അപ്പു എഴുന്നേറ്റ് അടുത്തെത്തിയത് അവൾ അറിഞ്ഞതേയില്ല. "മമ്മി "എന്ന വിളി കേട്ടാണ് അവൾ മുഖമുയർത്തി നോക്കിയത് ."ആഹാ അപ്പു എഴുന്നേറ്റോ?" അപ്പു മെല്ലെ മമ്മിയുടെ അടുത്ത് ചെന്ന് അവളുടെ മടിയിൽ തലവെച്ചു കിടന്നു. അവൾ പേപ്പർ വായന തുടർന്നു ." ഈ ലോക് ഡൗൺ ഇനിയും നീട്ടുമോ മമ്മി?"അപ്പുവിന്റെ ഈ ചോദ്യം കേട്ട് കൊണ്ടാണ് സണ്ണി മുറിയിലേക്ക് വന്നത്.അയാൾ സോഫയിൽ വന്നിരുന്നു അവന്റെ കാലുകൾ എടുത്തു തന്റെ മടിയിൽ വച്ചു.. "അപ്പു വീട്ടിലിരുന്ന് മടുത്തോ?"അവർ ഇരുവരും ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു." ഹേയ്, ലോക് ഡൗൺ നീട്ടിയാൽ മതിയായിരുന്നു" അവന്റെ ഉത്തരം അവരെ ഞെട്ടിച്ചുകളഞ്ഞു. " അതെന്താ നീ അങ്ങനെ പറഞ്ഞത് ?കൂട്ടുകാരെയൊക്കെ മിസ് ചെയ്യുന്നില്ലേ?"...


ഇടയ്ക്കിടെ മാളുകളിലേക്കുള്ള യാത്രയും കൂട്ടുകാരുമൊത്തുള്ള കളിയും ഒക്കെ അവൻ ഒരുപാട് മിസ്സ് ചെയ്യുന്നു ഉണ്ടാകും എന്നാണ് അവർ കരുതിയത് .എന്നാൽ അപ്പുവിന്റെ ഉത്തരം തികച്ചും അപ്രതീക്ഷിതമായിരുന്നു. "അതൊക്കെ ശരിയാണ്, കൂട്ടുകാരെയൊക്കെ ഞാൻ മിസ്സ് ചെയ്യുന്നുണ്ട്. പക്ഷേ കുറെ നാളുകൾക്ക് ശേഷം പപ്പയെയും മമ്മിയെയും കുറേ അധികസമയം എനിക്ക് അടുത്ത് കിട്ടിയല്ലോ.. നമ്മൾ ഒരുമിച്ച് കളിക്കുന്നു ... ഭക്ഷണം കഴിക്കുന്നു,തമാശ പറയുന്നു, പാട്ടുപാടുന്നു.... എനിക്ക് ഇതാണ് മമ്മി ഒത്തിരി ഇഷ്ടം" അവന്റെ ആ ഉത്തരം അവരുടെ ചിന്തകളെ കുറച്ചു കാലം പിറകോട്ട് കൊണ്ട് പോയി.... നിശബ്ദതയുടെ ആഴങ്ങളിൽ ആഴ്ത്തി...


അപ്പു പറഞ്ഞത് വളരെ ശരിയാണ്. തങ്ങൾ ഇരുവരും സാമ്പത്തികം ഭദ്രമാക്കാൻ ഉള്ള ഓട്ടത്തിൽ ആയിരുന്നു ഇതുവരെ.. അതിനിടയിൽ പലപ്പോഴും അപ്പുവിനൊപ്പം ചെലവഴിക്കാൻ സമയം കിട്ടിയിരുന്നില്ല. ഓഫീസിലെ തിരക്ക് കഴിഞ്ഞ് വീട്ടിലെത്തിയാൽ ,അടുക്കളയിലെ ജോലി... പിന്നെ മൊബൈൽ ഫോൺ.. സണ്ണിക്കും ബിസിനസ് തിരക്കുകൾ... വീട്ടിലെത്തിയാലും തിരക്കുകൾക്ക് യാതൊരു കുറവുമില്ല. അതിനിടയിൽ ആഴ്ചകളുടെ ഇടവേളകളിൽ അപ്പുവിനെ ആശ്വസിപ്പിക്കാൻ മാളുകളിൽ ലേക്കുള്ള യാത്ര...അവന് അതു മതിയാകും എന്ന് അവർ കരുതി .. തെറ്റിപ്പോയി... അതിനിടയിൽ അവൻറെ കുഞ്ഞു മനസ്സ് വേദനിക്കുന്നത് തങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ.. ടീനയും സണ്ണിയും തിരിച്ചറിയുകയായിരുന്നു ..


"മമ്മീ,കൊറോണയെ ഓടിക്കാൻ കൈകൾ സോപ്പിട്ട് തന്നെ കഴുകണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്?? വെറുതെ കഴുകിയാൽ പോരെ ??"അപ്പുവിന്റെ അടുത്ത ചോദ്യം ആണ് അവരെ ഇരുവരെയും നിശബ്ദതയിൽ നിന്നും ഉണർത്തിയത്.. ടീന പതിയെ അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ടു മറുപടി പറഞ്ഞു.." ഇല്ല അപ്പു, വെറുതെ കൈകഴുകിയാൽ പോരാ, സോപ്പ് ഉപയോഗിച്ച് തന്നെ കഴുകണം .അതും 20 സെക്കൻഡ് . എന്നാലേ നമ്മുടെ കയ്യിൽ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കൾ ഒക്കെ നശിക്കുകയുളളൂ.." അവൻ എല്ലാം മൂളിക്കേട്ടു..അപ്പുവിന് ഇത് പുത്തൻ അറിവുകളുടെ കാലമാണ്.. സോപ്പുപയോഗിച്ച് കൈകൾ കഴുകുന്നതിന് പ്രാധാന്യം അവൻ മനസ്സിലാക്കി. ടീനയ്ക്കും സണ്ണിക്കും ഇത് തിരിച്ചറിവുകളുടെ കാലഘട്ടവും... അപ്പുവിനൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകത അവർ ഇരുവരും തിരിച്ചറിഞ്ഞു. ടീനയും സണ്ണിയും പരസ്പരം നോക്കി.. ഇരുവരുടെയും കണ്ണുകൾ ഒത്തിരിയേറെ കാര്യങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നു. എന്തായാലും ഈ ലോക് ഡൗൺ അവർക്ക് ഇരുവർക്കും തിരിച്ചറിവുകളുടെ സമയം കൂടിയായി.

ലിറ്റിൽ പി എസ്
അധ്യാപിക സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ