പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/History
ചരിത്രം
ആദ്യകാലപ്രവർത്തനങ്ങൾ
കേരളത്തിന്റെ തെക്കെ അറ്റത്ത് തിരുവനന്തപുരം ജില്ലയിലെ വിദ്യാസമ്പന്നവും സംസ്ക്കാരസമ്പന്നവുമായ ഒരു പഞ്ചായത്താണ് കാഞ്ഞിരംകുളം. ഈ പ്രദേശത്തിന് ഒരു ചരിത്ര പശ്ചാത്തലമുണ്ട്. ഇരുണ്ട ചരിത്രത്തെ വെളിച്ചമാക്കി മാറ്റിയ മഹാന്മാരുണ്ട്. ആ പ്രമുഖരിൽ ഒരാളായിരുന്നു പി.കെ. സത്യനേഷൻ. കേരളപ്പിറവിക്കുമുൻപ്, തെക്കൻ തിരുവിതാംകൂറിൽ ഗ്രാമങ്ങളിലെ ജനജീവിതം വളരെ ദുഃസഹമായിരുന്നു. മണ്ണെണ്ണവിളക്കും നിലവിളക്കും മാത്രം വെളിച്ചം നൽകിയിരുന്നകാലം. രാത്രി കാലങ്ങളിൽ കൂരിരുട്ടിനെകുത്തിത്തുളച്ച് ചൂട്ടുകളുടെ പ്രകാശത്തിൽ യാത്രചെയ്തിരുന്ന യാത്രക്കാർ. കാള വണ്ടിയായിരുന്നു പ്രധാന വാഹനം. കട്ടയും കല്ലും നിറഞ്ഞ ഇടുങ്ങിയ റോഡിലൂടെ കടന്നു പോകുന്ന കാളവണ്ടികൾ. ആകാലഘട്ടത്തിലായിരുന്നു പി.കെ. സത്യനേശൻ കാഞ്ഞിരംകുളത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്രചെയ്തിരുന്നത്. പലപ്പോഴും കാൽനടയായിട്ടായിരുന്നു യാത്ര. അന്ധവിശ്വാസങ്ങളും. അനാചാരങ്ങളും തീഷ്ണമായ ജാതിവ്യവസ്ഥകളും നിലനിന്നിരുന്ന കാലയളവിൽ അന്ധകാര പൂർണ്ണമായ സാമൂഹ്യവ്യവസ്ഥയ്ക്ക് മാറ്റത്തിന്റെ തുടക്കമിട്ടുകൊണ്ട് വിദ്യാഭ്യാസത്തിന്റെ തിരിനാളം തെളിയിച്ച യോഗീശ്വരനാണ് പി.കെ. സത്യനേശൻ. 1906-ൽ ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് അദ്ദേഹം സ്ഥാപിച്ച് പാഠശാലയാണ് കെ.എച്ച്.എസ്. (KHS)അഥവാ കാഞ്ഞിരംകുളം ഹൈസ്കൂൾ. ഇന്ന് ആ സ്ഥാപനം വളർന്ന് സ്ഥാപകമാനേജരുടെ സ്മരണയിൽ അറിയപ്പെടുന്ന പി.കെ.സത്യനേശൻ ഹയർ സെക്കന്ററി സ്കൂൾ (PKSHSS) ആയി. നാഗർകോവിലിനും തിരുവനന്തപരത്തിനും ഇടയ്ക്കുള്ള ആദ്യത്തെ ഹൈസ്കൂളായിരുന്നു KHS.
![](/images/thumb/0/0b/220px-Raja_Ravi_Varma%2C_Maharaja_Moolam_Thirunal_Rama_Varma.jpg/100px-220px-Raja_Ravi_Varma%2C_Maharaja_Moolam_Thirunal_Rama_Varma.jpg)
പി.കെ. സത്യനേശൻ പട്ട്യക്കാലയിൽ ജനിച്ചു എങ്കിലും സ്കൂൾ തുടങ്ങുവാൻ ആഗ്രഹിച്ചത് കാഞ്ഞിരംകുളത്തായിരുന്നു. പ്രകൃതിരമണീയമായ ഒരു കൊച്ചുഗ്രാമമാണ് കാഞ്ഞിരംകുളം. നാലുറോഡുകൾ സംഗമിക്കുന്ന പ്രത്യേക സ്ഥലം, നാലുകെട്ട് എന്ന പേരിലായിരുന്നു അന്ന് ഈ ഗ്രാമത്തെ അറിഞ്ഞിരുന്നത്. കാഞ്ഞ് ഈറനായി കുളം രൂപപ്പെട്ടതുകൊണ്ടാണ് നാലകെട്ട് പിൽക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലനാമത്തിൽ അറിയപ്പെട്ടതെന്നും, അതല്ല കുളവും അതിനടുത്തായി ധാരാളം കാഞ്ഞിരമരങ്ങൾ നിന്നിരുന്നതുകൊണ്ടാണ് കാഞ്ഞിരംകുളം എന്ന പേരു വന്നതെന്നും പഴമക്കാർ പറയുമായിരുന്നു. സ്കൂൾ തുടങ്ങിയ കാലത്ത് വിദ്യാഭ്യാസം നേടുവാൻ ആരും തന്നെ തയ്യാറായില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു എങ്കിലും അതിന്റെ മഹത്വം ആരും ഉൾക്കൊണ്ടില്ല. ഒടുവിൽ മൂന്നുകുട്ടികൾ പഠിക്കുന്നതിന് തയ്യാറായി.
1906 ഫെബ്രുവരി 12 വിദ്യാലയാരംഭം
റവ.വില്യംഗുണമുടയാൻ റസാലം അവർകളുടെ ഉദ്ഘാടന പ്രാർത്ഥനയോടുകൂടി പി.കെ. സത്യനേശൻ 1906 ഫെബ്രുവരി 12-ാം തിയതി ഡി.യേശുദാസ്, എൽ. ഡെന്നിസൺ, എൽ.തോംസൺ എന്നീ മൂന്നുകുട്ടികളുമായി നെല്ലിക്കാക്കുഴി എൽ.എം.എസ് ദൈവാലയമായ പെനിയേൽ പള്ളിമുറ്റത്ത് ഒരു ഇംഗ്ലീഷ് സ്കൂൾ ആരംഭിച്ചു. അക്കാലത്ത് കാഞ്ഞിരംകുളത്തെക്കാൾ ഏറെ പ്രസിദ്ധിയാർജ്ജിച്ച പ്രദേശമായിരുന്നു നല്ലിക്കാക്കുഴി. ധാരാളം നെല്ലിമരങ്ങൾ ഉണ്ടായിരുന്ന പ്രദേശം. ഒരു വർഷക്കാലം ആ സ്ഥലത്തായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. പി.കെ. സത്യനേശന്റെ പിതാവ് കുമാരൻനാടാർ അദ്ദേഹത്തിന്റെ മകളായ സ്നേഹമണിക്ക് നൽകിയ ഭൂസ്വത്ത് കാഞ്ഞിരംകുളത്ത് ഉണ്ടായിരുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിൻ സഹോദരീ ഭർത്താവായ വലിയവിള ശങ്കരൻനാടാരിൽ നിന്നും സത്യനേശൻ സ്ഥലം വാങ്ങുകയും 1907-ൽ സ്ക്കൂളിനെ നെല്ലിക്കാക്കുഴിയിൽ നിന്നും കാഞ്ഞിരംകുളത്ത് സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥല്ത്തേക്കു മാറ്റുകയും ചെയ്തു. വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന് വേണ്ടി മെഗാഫോൺ ഉപയോഗിച്ചുകൊണ്ടുള്ള പരസ്യപരിപാടികൾ നടത്തി. സത്യനേശനും സഹപ്രവർത്തകരും ബാൻഡുമേളത്തോടെ മെഗാഫോണിലൂടെ പാട്ടുകൽ പാടി ഊടുവഴികളിൽ കൂടെ ഓരോ ദേശത്തിലേക്കും നട്ടുക്കും. ബാന്റുമേളം കുട്ടികളെയും മാതാപിതാക്കളെയും ആകർഷിച്ചു. ദേശം മുഴുവൻ ചുറ്റിനടന്ന് വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയപ്പോൾ സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുവാൻ തുടങ്ങി. വിദ്യാർത്ഥികളെ സ്കൂളിലേക്ക് വരുത്തുന്നതിനായി ചെയ്ത മറ്റൊരു പരിപാടിയായിരുന്നു മാജിക്ലാന്റേൺ അഥവാ മായാദീപപ്രദർശനം. ഒരു പ്രത്യേകവിശയം തിരഞ്ഞെടുത്ത് ഫോട്ടോകളാക്കി അവയെ പ്രൊജക്ടറിന്റെ സഹായത്താൽ സ്ക്രീനിൽ പതിപ്പിക്കുന്നു. ഇവ കണ്ടും കേട്ടും ബോധവൽക്കരിക്കപ്പെട്ട് ധാരാളം വിദ്യാർത്ഥികൾ സ്കൂളിൽ പ്രവേശനം നേടി.