ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/പ്രാദേശിക പത്രം
വാർത്താജാലകം
( സമസ്തസ്കൂൾപ്രവർത്തനങ്ങളുടെ നാൾവഴി )
പ്രവേശനോത്സവം-2018
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ നിറവിൽ കോയിക്കൽ ഹയർ സെക്കണ്ടറി സ്കൂളിലും വർണാഭമായ പ്രവേശനോത്സവം നടന്നു.
രണ്ടു ദിവസം മുന്നേ തുടങ്ങിയ ഒരുക്കങ്ങളുടെ ഫലമായി ഇത്തവണത്തെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഒരുത്സവം തന്നെയായിരുന്നു. കോയിക്കൽ സ്കൂളിലേക്കെത്തിയ പുതിയ കൂട്ടുകാർക്ക് ഹൃദ്യമായ സ്വീകരണമാണ് നല്കിയത്. വർണ തൊപ്പികളും ബലൂണുകളും മധുരമിഠായികളുമൊക്കെയായി കുട്ടികൾക്ക് ഏറെ വിസ്മയം നല്കുന്ന അനുഭവം. സ്ഥലം എം.പി.യായ ശ്രീ.എം.കെ.പ്രേമചന്ദ്രനായിരുന്നു പ്രവേശനോത്സവ ചടങ്ങിന്റെ ഉദ്ഘാടകൻ. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി.ജെ.മീനുലാൽ, പ്രിൻസിപ്പാൾ ശ്രീമതി.എസ്.മഞ്ജു, എച്ച്.എം.ശ്രീമതി.സീറ്റ ആർ മിറാന്റ, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പി.ടി.എ.വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, എന്നിവർ സംസാരിച്ചു. 1993 SSLC ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ബാഗും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു.
ലോകപരിസ്ഥിതിദിനാചരണം
05/06/2018
ലോകപരിസ്ഥിതിദിനത്തിന്റെ സന്ദേശം പകർന്നു നല്കുന്നവിധത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതിക്ലബ്ബ്, ശാസ്ത്രക്ലബ്ബ്,വിദ്യാരംഗം കലാസാഹിത്യവേദി,സോഷ്യൽ സയൻസ് ക്ലബ്ബ് എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് പരിസ്ഥിതിദിനം ആചരിച്ചത്.
പരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതിപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ ശ്രീ.ചേരിയിൽ സുകുമാരൻ നായർ നിർവഹിച്ചു. പുതിയകാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ വിദ്യാർത്ഥിസമൂഹത്തിനു കഴിയണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. സ്കൂളങ്കണത്തിൽ വേപ്പു മരത്തൈ നട്ടു കൊണ്ട് വൃക്ഷത്തൈനടീൽ പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈകൾ നല്കി. പരിസ്ഥിതിപ്രതിജ്ഞയും പരിസ്ഥിതിഗാനവും ചൊല്ലി. കുട്ടികൾ വരച്ച പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ ചടങ്ങിന്റെ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ശ്രീമതി.സജീന എല്ലാവർക്കും കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് പ്രത്യേകം മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി.
വിദ്യാരംഗം ക്ലബ്ബുദ്ഘാടനവും വായനദിനാഘോഷവും
19/06/2018
കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഗംഭീരമായിത്തന്നെ നടന്നു. രാവിലെ പ്രത്യേക അസംബ്ലി ചേർന്നു. വായനദിനപ്രതിജ്ഞ ചൊല്ലി. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ വായനാദിനസന്ദേശം നല്കി. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനറായ കുമാരി നിഖിത വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുപ്സംഗം നടത്തി.
ഉച്ചയ്ക്ക് ഒരു മണിക്ക് സെമിനാർ ഹാളിലായിരുന്നു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. പ്രശസ്ത കവി ശശിധരൻ കുണ്ടറയായിരുന്നു ഉദ്ഘാടകൻ. ലഘു കവിതകളും അനുഭവനുറുങ്ങഉകളും ചേർത്തു കൊണ്ട് കുട്ടികളെ സാഹിത്യ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ ശശിധരൻ കുണ്ടറയ്ക്കു കഴിഞ്ഞു. രസകരമായ ചില ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം പറഞ്ഞവർക്ക് അദ്ദേഹത്തിന്റെ പുസ്തകം സമ്മാനമായി നല്കുകയും ചെയ്തു. ഉദ്ഘാടനാനന്തരം പി.എൻ.പണിക്കർ അനുസ്മരണവും നടന്നു.
വായനാ വാരത്തോടനുബന്ധിച്ചു തയ്യാറാക്കിയ പുസ്തകത്തൊട്ടിൽ പുതുമയുള്ള അവതരണമായിരുന്നു. കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങളും വായനാദിനത്തിൽ കുട്ടികൾക്ക് വായിക്കാൻ ലഭിച്ചു.
സാഹിത്യക്വിസ്സ്, സാഹിത്യരചന, ക്ലാസ്സ് ലൈബ്രറി എന്നിങ്ങനെ വിവിധപരിപാടികൾ നടത്തി.
കോയിക്കൽ സ്കൂളിലും യോഗാദിനം
21/06/2018
യോഗയുടെ പ്രാധാന്യം വ്യക്തമാക്കുന്ന തരത്തിൽ തന്നെ കോയിക്കൽ സ്കൂളിൽ യോഗാദിനം ആചരിച്ചു. ശ്രീ.മണിരാമചന്ദ്രൻ ആയിരുന്നു യോഗാചാര്യൻ. ലോകത്താകമാനം യോഗയുടെ പ്രാധാന്യം പ്രചരിക്കുകയാണ്. സ്കൂൾ കുട്ടികളുടെ പഠനത്തിലും മാനസികവും ശാരീരികവുമായ വികാസത്തിലും യോഗ ഏറെ ഫലപ്രദമാണെന്നു് അംഗീകരിക്കപ്പെട്ടിരിക്കുന്നു.
കാലാവസ്ഥ അനുകൂലമല്ലാഠ്ഠതിനാൽ സെമിനാർ ഹാളിലാണ് യോഗാ ക്ലാസ്സ് ക്രമീകരിച്ചത്. യോഗയുടെ പ്രാഥമികമായ ചില ആസനങ്ങളാണ് കാണിച്ചത്.ഡെമോൺസ്ട്രേറ്ററായെത്തിയ എട്ടാം തരത്തിലെ രുദ്ര കുട്ടികളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പ്രാണായാമം ചെയ്യാനുള്ള പരിശീലനം കുട്ടികൾക്കു നല്കി. സോഷ്യൽ സയൻസ് കൺവീനർ ശ്രീമതി.അമ്മിണി ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം നന്ദി രേഖപ്പെടുത്തി.
സി.പി.ടി.എ.യും കൗൺസലിങ് ക്ലാസ്സും
21/06/2018
പത്താം തരത്തിലെ വിദ്യാർത്ഥികളുടെ പഠനകാര്യത്തിലും മറ്റും കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യം എടുത്തുകാണിക്കുന്നതിനും തുടക്കത്തിലേ കുട്ടികളെ പഠനകാര്യത്തിൽ സഹായിക്കാനും കഴിയുന്നതിനാണ് പത്തിന്റെ ക്ലാസ്സ് പി.ടി.എ വിളിച്ചു ചേർത്തത്. പഠനരീതികളും ഭൗതികസാഹചര്യങ്ങലളും വിശദമാക്കിക്കൊണ്ട് പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി( രക്ഷാകർത്താക്കളോടു സംസാരിച്ചു. ശ്രീമതി.സീറ്റ ആർ മിറാണ്ട(HM), ശ്രീമതി.അമ്മിണി(സീനിയർ അസിസ്റ്റന്റ്) ക്ലാസ് ടീച്ചർമാരായ ആന്റണിയും സാറും അമ്മിണി ടീച്ചറും അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന്
കൗൺസിലറായ ശ്രീമതി.സാറാ തോമസ് ബോധവല്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി.
HELLO ENGLISH-നു് സമാപനം
22/06/2018
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പുതുമയാർന്നതും ഏറെ പ്രയോജനപ്രദവുമായ നിരവധി പ്രവർത്തനങ്ങൾ ഇക്കൊല്ലം കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്നു. അതിൽ എടുത്തു പറയേണ്ടഒരു പ്രവർത്തനമാണ് ' ഹലോ ഇംഗ്ലീഷ് ' പ്രൈമറി തലത്തിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ വഴി തുറക്കുന്ന ഒരു നൂതനസംരംഭമായിരുന്നു ഹലോ ഇംഗ്ലീഷ്. ഒരാഴ്ച നീണ്ടു നിന്ന പ്രസ്തുത പഠന പദ്ധതിയുടെ സമാപനവും രക്ഷാകർതൃ സംഗമവും ജൂൺ 26നു് ഉച്ച കഴിഞ്ഞ് സ്കൂൾ സെമിനാർ ഹാളിൽ നടന്നു. സ്കൂൾ പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവതരണങ്ങൾരക്ഷാകർത്താക്കൾക്ക് സന്തോഷം പകരുന്നവയായിരുന്നു.
ലഹരിവിരുദ്ധറാലി
26/06/2018
സമൂഹത്തെ സമൂലം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെ തുരത്തേണ്ടത് നമ്മുടെ കടമയാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കോയിക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധദിനം ആചരിച്ചു. വളരെ പുതുമയാർന്ന ഒരു പ്രവർത്തനമാണ് ഇത്തവണ കോയിക്കൽ സ്കൂളിൽ നടന്നത്. രാവിലെ ആദ്യത്തെ പീരീയഡ് ക്ലാസ്സ് മുറികളിലിരുന്ന് കുട്ടികളെല്ലാവരും ലഹരിവിരുദ്ധ ആശയം ഉൾക്കൊള്ളുന്ന പോസ്റ്റർ വരച്ചു. തുടർന്ന് പത്തു മണിക്ക് വരച്ച പോസ്റ്ററുകളുമായി എല്ലാ കുട്ടികളും അസംബ്ലിയിലെത്തി. അവിടെ നിന്നു് ഓരോ ക്ലാസ്സും വരിവരിയായി മുദ്രാവാക്യം ചൊല്ലിക്കൊണ്ട് റാലി ആരംഭിച്ചു. അവരവർ നിർമ്മിച്ച പോസ്റ്ററുകളും കൈയിലേന്തിയാണ് കുട്ടികൾ റാലി നടത്തിയത്. റാലി ദേശീയപാതയിലെത്തി കുറച്ചു നേരം അവിടെ നിന്നിട്ടാണ് മടങ്ങിയത്. തിരികെ വീണ്ടും അസംബ്ലിയിലെത്തി അവർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ മിറാന്റ സന്ദേശം നല്കി. തുടർന്ന് പോസ്റ്റുകൾ വീട്ടിൽ കൊണ്ടു പോയി രക്ഷാകർത്താക്കളെ കാണിച്ച് ഒപ്പിട്ട് പിറ്റേന്നു കൊണ്ടു വരാൻ നിർദ്ദേശിച്ചു. ഓരോ ക്ലാസ്സിലെയും നല്ല പോസ്റ്ററിന് സമ്മാനമുണ്ടാകുമെന്നും പ്രഖ്യാപിച്ചു.
കുഞ്ഞുമക്കൾക്കും കമ്പ്യൂട്ടർ..!
28/06/2018
കോയിക്കൽ സ്കൂൾ വീണ്ടും പുതിയ ഒരു ചുവടു കൂടി മുന്നോട്ടു വയ്ക്കുന്നു. ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഹൈടെക്കായി പരിലസിക്കുമ്പോൾ, ഏറ്റവും താഴെ പ്രീപ്രൈമറി വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് മൾട്ടി മീഡിയ സംവിധാനത്തിന്റെ ആദ്യപടിയായി ഒരു കമ്പ്യൂട്ടറും സ്പീക്കറും എത്തി. ജനപ്രതിനിധികൾ നല്കി സ്കൂളിലെ കമ്പ്യൂട്ടർ പരിശീലനത്തിനുപയോഗിച്ചിരുന്ന ഒരു കമ്പ്യൂട്ടറാണ് കൊച്ചു കുട്ടികളുടെ പഠനത്തിനായി വിട്ടു കൊടുത്തത്. തങ്ങളുടെ മപറിയിലേക്ക് പുതിയ ദൃശ്യവും ശബ്ദവും വന്നത് അവരൊട്ടമ്പരപ്പോടെയും ആശ്ചര്യത്തോടെയും ആഹ്ലാദത്തോടെയുമാണ് ഏറ്റുവാങ്ങിയത്. കോയിക്കൽ സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്ക് ഇനി കമ്പ്യൂട്ടറിലും പഠിക്കാം. പാട്ടും നൃത്തവും പടങ്ങളും കാർട്ടൂണുകളും കാണാം; കേൾക്കാം! അക്ഷരച്ചിത്രങ്ങളും വർണ്ണപ്പകിട്ടാർന്ന അക്കങ്ങളും ഇമ്പമാർന്ന നഴ്സറി ഗാനങ്ങളും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ തീർക്കുന്നു...
സയൻസ് പാർക്കൊരുങ്ങുന്നു
വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സയൻസ് പാർക്കിനുള്ള ഒരുക്കങ്ങൾ തിരുതകൃതിയായി നടന്നുവരികയാണ്. ബി.ആർ.സി.ട്രെയിനർ ശ്രീ.ഗോപന്റെ നേതൃത്വത്തിലാണ് സയൻസ് പാർക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുനന്ത്.
ജൂലൈ 5
വിപുലമായ പരിപാടികളോടെ ബഷീർദിനം ആചരിച്ചു. രാവിലെ അസംബ്ലിയിൽ ബഷീർ കൃതികളെ പരിചയപ്പെടുത്തുകയും പുസ്തകപ്രദർശനം നടത്തുകയും ചെയ്തു. ഉച്ചയ്ക്ക് സെമിനാർ ഹാളിൽ വച്ച് ബഷീർ അനുസ്മരണം ശ്രീ.ശ്രീകുമാരൻ കർത്താ നിർവഹിച്ചു.
സുമനസ്സുകളുടെ സംഗമം...!
05/07/2018
വർഷങ്ങൾ പിറകിലേക്കു നീളുന്ന ഓർമ്മകളുടെ സുഗന്ധം...!
ഒപ്പം സ്കൂളിനൊരു കൈത്താങ്ങും...!
കോയിക്കൽ സ്കൂളിൽ ഇന്നുച്ചയ്ക്ക് ചേർന്ന എസ്.എം.ഡി.സി.യോഗം പൂർവ്വവിദ്യാർത്ഥികളായ മഹത്തുക്കളുടെ ഒത്തു ചേരൽ വേദികൂടിയായി. ശ്രീ.ഗംഗാധരൻ, ശ്രീ.ചേരിയിൽ സുകുമാരൻ നായർ, ശ്രീ. ഭാസുരൻ മുതലായവരുടെ സാന്നിദ്ധ്യം കമ്മിറ്റിക്ക് കൂടുതൽ കരുത്തു് പകരുന്നതായിരുന്നു.
പരാധീനതകളിൽ പതറാതെ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ സഹായവാഗ്ദാനങ്ങളുമായി ചിലർ മുന്നോട്ടു വന്നു. സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രീ.ഗംഗാധരൻ ഇരുപത്തയ്യായിരം രൂപയുടെ ചെക്ക് ഹെഡ്‌മിസ്ട്രസ്സിനു കൈമാറി. പ്രൈമറി വിദ്യാർത്ഥികൾക്ക് ഓപ്പൺ ഷൂവും ശനിയാഴ്ചകളിൽ ഇംഗ്ലീഷ് പഠനത്തിനു് ആവശ്യമായ സഹായവും കിളികൊല്ലൂർ ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റ് ശ്രീ.അനിൽ എം.പി.വാഗ്ദാനം ചെയ്തു. സ്കൂൾ ബസ്സിന്റെ ഇൻഷുറൻസും മറ്റും അടയ്ക്കുന്നതിനു് അമ്പതിനായിരത്തോളം രൂപ കണ്ടെത്തേണ്ടതുണ്ട്. ഒപ്പം ഒരു സ്കൂൾ മാഗസിൻ തയ്യാറാക്കുന്നതിനും അക്കാദമിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഇനിയും സ്പോൺസർഷിപ്പുകൾ കണ്ടെത്തേണ്ടതുണ്ട്.
പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫിയുടെ അദ്ധ്യൿതയിൽ ചേർന്ന യോഗത്തിൽ എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, പിടിഎ വൈസ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, പ്രിൻസിപ്പാൾ മഞ്ജു എസ്, ഡെഡ്‍മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ, മാസ്റ്റർ കൊളേജ് പ്രിൻസിപ്പാൾ ശ്രീ.ഷാനവാസ് തുടങ്ങി ഒട്ടേറെപ്പേർ ചർച്ചകളിൽ പങ്കെടുത്ത് അഭിപ്രായങ്ങലും നിർദ്ദേശങ്ങളും വച്ചു.
ഈ വർഷത്തെ സ്കൂൾ യൂണിഫോം വിതരണം
6.7.2018
രാവിലത്തെ അസംബ്ലിയിൽ നടന്നു. അതോടൊപ്പം കോയിക്കൽ സ്കൂളിന്റെ പുതിയ വർഷത്തെ അക്കാദമിക ഡയറിയുടെ പ്രകാശനവും നടന്നു. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ രക്ഷാധികാരി കൂടിയായ ശ്രീ.ഗംഗാധരൻ അവർകളുടെ നിറസാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റാഫി, എസ്.എം.സി.ചെയർമാൻ ശ്രീ.നൗഷാദ്, കിളികൊല്ലൂർ ക്ഷീരസഹകരണസംഘത്തിന്റെ പ്രസിഡന്റ് ശ്രീ.അനിൽ എം.പി., പി.ടി.എ.വൈസ്പ് പ്രസിഡന്റ് ശ്രീ.അനിൽ നാരായണൻ, ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ തുടങ്ങിയവർ സംസാരിച്ചു...
സ്കൂൾമുറ്റത്തെ പച്ചക്കറി പരിപാലനം...
സ്കൂൾ തുറന്നപ്പോൾ തന്നെ കോയിക്കൽ സ്കൂളിൽ വിഷരഹിത പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. സുധീഷിന്റെയും കൂട്ടുകാരുടെയും പരിചരണവും മഴയുടെ ആനുകൂല്യവും നല്ല വിളവായി.
ചാന്ദ്രദിനത്തിൽ കോയിക്കൽ സ്കൂൾ...
പ്രത്യേക അസംബ്ലി കുട്ടികൾക്ക് സൗരയൂഥത്തെപ്പറ്റി
ഏറെ അറിവു നല്കുന്നതായിരുന്നു.
അപ്പോളോയിലെ സഞ്ചാരികൾ കുട്ടികൾക്ക് അഭിവാദ്യങ്ങളർപ്പിച്ചു!
സൂര്യനെ വലംവയ്ക്കുന്ന ഗ്രഹങ്ങൾക്കൊപ്പം കുട്ടികളും ഭ്രമണം ചെയ്തു!!
സെമിനാർ ഹാളിലൊരുക്കിയ ചിത്രപ്രദർശനം എല്ലാ വിദ്യാർത്ഥികൾക്കും വിജ്ഞാനപ്രദമായി!!!
സുവനീർ-വികസന സെമിനാർ
130വയസ്സ് പൂർത്തിയാക്കുന്ന കോയിക്കൽ സ്കൂൾ വികസനത്തിന്റെ വഴി തേടുകയാണ്.
ഇപ്പോൾത്തന്നെ മുഖച്ഛായ ആകെ മാറിക്കഴിഞ്ഞു.
ഇനിയും കാലാനുസൃതമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്.
അതിന്റെ മുന്നോടിയായുള്ള രണ്ടാമത്തെ വികസനസെമിനാർ
21/07/2018 ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ബഹുമാനപ്പെട്ട എം.എൽ.എ.
ശ്രീ.നൗഷാദ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ
ലക്ഷ്യത്തിലൂന്നി സർവ്വരേയും ഏകോപിപ്പിച്ചു കൊണ്ട് കൃത്യമായ കർമ്മപദ്ധതിയുമായി
മുന്നോട്ടു പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
നൂറ്റി മുപ്പതാം വയസ്സിന്റെ തിലകക്കുറിയായി അണിയിച്ചൊരുക്കുന്ന സ്മരണിക
എക്കാലത്തേക്കും ഒരു മുതൽക്കൂട്ടാകണമെന്ന് ഏകകണ്ഠമായ തീരുമാനമുണ്ടായി.
പി.ടി.എ.പ്രസിഡന്റ് ശ്രീ.റാഫിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ-
കിളികൊല്ലൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ശ്രീ.സുജിത്ത്കുമാർ,
മുൻ എച്ച്.എം. ശ്രീ.ധർമ്മരാജൻ, പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങൾ,
വികസനസമിതി അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥി സംഘടനാ ഭാരവാഹികൾ,
റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ,
മാസ്റ്റർ അക്കാദമി പ്രിൻസിപ്പാൾ ശ്രീ.ഷാനവാസ്
തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സന്നിഹിതരായിരുന്നു.
കൊല്ലം ജില്ലാ വിജയികൾ!!!
കോയിക്കൽ സ്കൂളിന്റെ ഹോക്കി ടീം
ജവഹർലാൽ നെഹറു ഹോക്കിയിൽ
ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കോയിക്കൽ സ്കൂളിന്റെ അഭിമാനനിമിഷങ്ങൾ..! ജവഹർലാൽ നെഹറു ഹോക്കി മത്സരത്തിൽ സായിയെ തോല്പിച്ച് കൊല്ലം ജില്ലാ വിജയികളായ ചുണക്കുട്ടികൾക്കും അവരുടെ പരിശീലകർക്കും കോയിക്കൽ സ്കൂളിന്റെ അനുമോദനങ്ങൾ.
സുരഭിലസുന്ദരധന്യജീവിതം!!!
ദീർഘനാളത്തെ അദ്ധ്യാപനജീവിതത്തിനു ശേഷം കോയിക്കൽ സ്കൂളിൽ നിന്നു വിരമിക്കുന്ന സുരജട്ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പ്.
സ്കൂൾമാഗസിൻ
കോയിക്കൽ സ്കൂളിന്റെ മറ്റൊരു ചിരകാലസ്വപ്നം പൂവണിയാൻ പോകുന്നു. സ്കൂൾ മാഗസിൻ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
കുട്ടനാടിനു് കോയിക്കൽ സ്കൂളിന്റെ കൈത്താങ്ങ്...!
മഹാമാരി കശക്കിയെറിഞ്ഞ കുട്ടനാടിന് ആശ്വാസമേകാൻ ആയിരങ്ങൾ കൈകോർക്കുമ്പോൾ കോയിക്കൽ സ്കൂളും അതിനൊപ്പം ചേരുന്നു.
ലിറ്റിൽ കൈറ്റ്സ്
-കോയിക്കൽ സ്കൂളിലെഐ.ടി.ക്ലബ്ബിന്റെ ഏകദിനക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങൾ.
ലോകസമാധാനം പുലരട്ടെ!!!
06/08/2018
ലോകസമാധാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് കോയിക്കൽ സ്കൂളിലും ഹിരോഷിമാദിനം ആചരിച്ചു. അഖിലേന്ത്യാ സമാധാന ഐക്യദാർഡ്യസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങ് കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി.വിജയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ആയിരം വർണക്കൊക്കുകളുമായി സഡാക്കൊ സസൂക്കി അസംബ്ലിയെ അഭിവാദ്യം ചെയ്തു.ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.സീറ്റ ആർ.മിറാന്റ, പി.ടി.എ.പ്രസിഡന്റ് ശ്രീ.എ.എം.റഹീം, AIPSOയുടെ ഭാരവാഹികൾ, പ്രോഗ്രാം കൺവീനർ ശ്രീമതി.അമ്മിണി മുതലായവർ സന്ദേശങ്ങളും പ്രതിജ്ഞയും കൈമാറി. യുദ്ധവിരുദ്ധ സന്ദേശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളും ബലൂണുകളും അസംബ്ലിയിൽ നിറഞ്ഞു നിന്നു...